കൃത്യമായ ആരാധനാക്രമ പരിശീലനവും പാലനവും അൽമായർക്കും വൈദികർക്കും അനിവാര്യം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒറിഗണിലെ (Oregon) മൗണ്ട് ഏഞ്ചൽ ആശ്രമത്തിൽ (Mount Angel Abbey) നടന്നുവരുന്ന ആരാധനാക്രമവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ആശംസകൾ നേർന്നും, ആരാധനക്രമ പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും ലിയോ പതിനാലാമൻ പാപ്പാ. ദൈവജനത്തിന്റെ ആരാധനാക്രമ പരിശീലനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി, ഒറിഗണിലെ ഈ ബെനെഡിക്ടൻ ആശ്രമത്തിൽ നടന്നുവരുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി, ദൈവാരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട നിയന്ത്രണത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ആർതർ റോഷിനയച്ച (Card. Arthur Roche) സന്ദേശത്തിലൂടെയാണ് അൽമായരുൾപ്പെടെയുള്ള സഭംഗങ്ങൾക്ക്, പ്രത്യേകിച്ച് ദൈവജനത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട വൈദികർക്ക് ആരാധനാക്രമകാര്യങ്ങളിൽ വേണ്ട ശ്രദ്ധയെക്കുറിച്ച് പാപ്പാ എഴുതിയത്. ഓഗസ്റ്റ് 14 മുതൽ 19 വരെ തീയതികളിലാണ് ഈ സമ്മേളനം നടക്കുന്നത്.
ആരാധനാക്രമത്തിന്റെ ദൈവശാസ്ത്ര, ആദ്ധ്യാത്മിക തലങ്ങളുടെ ആഴവും അതിന്റെ മനോഹാരിതയും പരമർശിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ "ദെസിദേരിയോ ദെസിദെരാവി" (Desiderio Desideravi) എന്ന അപ്പസ്തോലികലേഖനം പരാമർശിച്ച ലിയോ പതിനാലാമൻ പാപ്പാ, വൈദികർക്കും അൽമായർക്കും ശ്രദ്ധാപൂർവ്വം ആരാധനാക്രമകാര്യങ്ങളിൽ തുടർപരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതിലൂടെ തന്റെ മുൻഗാമി വ്യക്തമാക്കിയിരുന്നുവെന്ന് എഴുതി. ഏതാനും പേർക്കുവേണ്ടി മാത്രമല്ല, മുഴുവൻ ദൈവജനത്തിന്റെയും ആന്തരിക മനോഭാവത്തെയും രൂപീകരണത്തെയുമാണ് ഈയൊരു പരിശീലനം കൊണ്ട് അദ്ദേഹം ലക്‌ഷ്യം വച്ചിരുന്നതെന്ന്, 2024 ഫെബ്രുവരി 8-ന് നടന്ന ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ അഭിസംബോധന ചെയ്‌തുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തെ അധികരിച്ച് പാപ്പാ എഴുതി.
സഭയുടെ എല്ലാ തലങ്ങളിലും ആരാധനാക്രമപരിശീലനത്തിന് ശ്രദ്ധ നൽകേണ്ടതിന്റെയും, അതിനായി പ്രയോഗികമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാണിച്ച പാപ്പാ, പൗരോഹിത്യ തിരുപ്പട്ടം സ്വീകരിച്ചവർ, വിശ്വാസികളെ വിശ്വാസ രഹസ്യങ്ങളിലേക്ക് നയിക്കുന്നവരാകയാൽ, അവരുടെ പരിശീലനത്തിന് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയ്ക്കായി ഒരുമിച്ചുകൂടുന്നതാണ് ആരാധനാക്രമ പരിശീലനത്തിന്റെ ആദ്യ അവസരമെന്ന് എഴുതിയ പാപ്പാ, പെസഹാരഹസ്യത്തെ കേന്ദ്രീകരിച്ചുള്ള ഈ ആഘോഷം ആരാധനാക്രമവർഷത്തിന്റെ ക്രമമനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അനുസ്മരിച്ചു.
ആരാധനാക്രമനിയമങ്ങൾ പാലിക്കപ്പെടണം
വൈദികരും മുഴുവൻ ദൈവജനവും സഭ അംഗീകരിച്ച ആരാധനക്രമഗ്രന്ഥങ്ങളോടും, അതിലെ നിയമങ്ങളോടും നിർദ്ദേശങ്ങളോടും വിശ്വസ്തത പാലിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" (Sacrosanct-um Concilium) എന്ന പ്രമാണരേഖയെ, ആധാരമാക്കി ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ ഉദ്ബോധനങ്ങളിൽ താൻ ആവശ്യപ്പെട്ടിരുന്നതുപോലെയും, പോൾ ആറാമൻ പാപ്പായും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും പ്രാബല്യത്തിൽ വരുത്തിയ ആരാധനക്രമനിബന്ധനകളനുസരിച്ചും, ദിവ്യരഹസ്യങ്ങൾ കൈകാര്യം ചെയ്യുന്നവർ, പ്രത്യേകിച്ച് വൈദികർ ആരാധനാക്രമത്തോട് (rites) കാണിക്കേണ്ട ആദരവ് പാപ്പാ എടുത്തുപറഞ്ഞു. ഇത് ദൈവത്തിലുള്ള ശരണത്തിന്റെയും, തുറന്ന മനസ്സിന്റെയും സഭാത്മകകൂട്ടായ്മയോടുള്ള വിശ്വസ്തതയുടെയും പ്രകടനവും അടയാളവും കൂടിയായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
