തിരയുക

ലിയോ പതിനാലാമൻ പാപ്പായും കുടിയേറ്റക്കാരും - സ്പെയിനിലേക്കുള്ള അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പായും കുടിയേറ്റക്കാരും - സ്പെയിനിലേക്കുള്ള അപ്പസ്തോലികയാത്രയിൽനിന്നുള്ള ഒരു ചിത്രം  (@Vatican Media)

പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും സംരക്ഷണം ലഭിക്കണം: ലിയോ പതിനാലാമൻ പാപ്പാ

സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന നൂറ്റിപ്പന്ത്രണ്ടാമത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനത്തിലേക്കായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. "ഈ കുഞ്ഞുങ്ങളിൽ ഒരാൾ പോലും" (മത്തായി 18, 10) എന്ന സുവിശേഷവചനത്തെ അടിസ്ഥാനമാക്കിയ പ്രമേയത്തിലൂന്നി, ഓഗസ്റ്റ് 14 വെള്ളിയാഴ്ച പുറത്തുവിട്ട തന്റെ സന്ദേശത്തിൽ, അഭയാർത്ഥികൾക്ക്, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണനയും സംരക്ഷണവും പാപ്പാ എടുത്തുകാട്ടി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റക്കാരും അഭയാർത്ഥികളുമായ പ്രായപൂർത്തിയാകാത്തവർക്ക് നൽകപ്പെടേണ്ട പ്രത്യേക പരിഗണനയും സംരക്ഷണവും എടുത്തുകാട്ടി ലിയോ പതിനാലാമൻ പാപ്പാ. 2026 സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന നൂറ്റിപ്പന്ത്രണ്ടാമത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനത്തിലേക്കായി, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം പത്താം തിരുവചനവും (മത്തായി 18, 10) മർക്കോസിന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം മുപ്പത്തിയേഴാം (മർക്കോസ് 9, 37) തിരുവചനവും ഉൾപ്പെടെയുള്ള ഭാഗത്ത്, യേശു കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട പരിഗണനയെക്കുറിച്ചും സ്വീകാര്യതയെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കി തയാറാക്കിയിയ തന്റെ സന്ദേശത്തിലൂടെയാണ്, അഭയാർത്ഥികളായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. "ഈ കുഞ്ഞുങ്ങളിൽ ഒരാൾ പോലും" എന്നതാണ് ഇത്തവണത്തേക്കുള്ള സന്ദേശത്തിന്റെ പ്രമേയം.

യുദ്ധം, ദാരിദ്ര്യം, അക്രമം, പരിസ്ഥിതി ദുരന്തങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ ദശലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തങ്ങളുടെ ജന്മനാട് വിടാൻ നിർബന്ധിതരാകുന്നതെന്ന് എഴുതിയ പാപ്പാ, കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അനുഭവത്തിലൂടെ കടന്നുപോകുന്ന കുട്ടികളിലേക്ക് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. നാടുകടത്തൽ പോലെയുള്ള പ്രശ്നങ്ങൾ മൂലം മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നവർ, കുടുംബങ്ങളിൽനിന്ന് ദീർഘകാലം വേർപെടുന്നവർ, അതികഠിനമായ സാഹചര്യങ്ങളിലൂടെ യാത്ര ചെയ്യുന്നവർ തുടങ്ങി ദുർബലരും പാവപ്പെട്ടവരുമായ അഭയാർത്ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന ദുരിതങ്ങളിലേക്കും വേദനകളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

കുടിയേറ്റമുൾപ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത്, ചൂഷണം, സായുധ സംഘർഷങ്ങളിലേക്കുള്ള കുട്ടികളുടെ റിക്രൂട്ട്മെന്റ്, ലൈംഗിക അതിക്രമങ്ങൾ, മരണം, നിർബന്ധിത വിവാഹം തുടങ്ങിയ പ്രശ്‌നങ്ങൾ പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു.

ഏവർക്കും വേണ്ട ഉത്തരവാദിത്വം

കുടിയേറ്റക്കാരും അഭയാർത്ഥികളും ഉൾപ്പെടെയുള്ള ആളുകൾക്കായി തങ്ങളുടെ ഭവനങ്ങൾ തുറന്നു നൽകുന്ന കുടുംബങ്ങളും വ്യക്തികളും, അവർക്ക് ശ്രുശ്രൂഷ ചെയ്യുന്ന സന്നദ്ധപ്രവർത്തകരും വിവിധ സ്ഥാപനങ്ങളും, പ്രത്യേകിച്ച് സഭാസമൂഹങ്ങളും നമുക്കിടയിൽ ഉണ്ടെന്ന് അനുസ്മരിച്ച പാപ്പാ, അവരുടെ പ്രവർത്തനങ്ങളെയും സേവനത്തെയും പ്രത്യേകം പ്രശംസിച്ചു. പ്രായപൂർത്തിയാകാത്തവർക്കായി മാനവികതയോടും വിശ്വാസത്തിന്റെ ബലത്തോടും കൂടിയ പ്രവൃത്തികൾ ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

എല്ലാ പ്രായപൂർത്തിയാകാത്തവർക്കും കുട്ടികൾക്കും തുല്യമായ അന്തസ്സുണ്ടെന്നും, അവരെ കുടിയേറ്റക്കാർ എന്നതിനേക്കാൾ, മനുഷ്യരെന്ന നിലയിൽ കാണണമെന്നും ഉദ്‌ബോധിപ്പിച്ചു പരിശുദ്ധ പിതാവ്, കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഉൾപ്പെടെ ഏവരുടെയും ജീവൻ, വിദ്യാഭ്യാസം, സമഗ്രവളർച്ച എന്നിവയ്ക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. ചില പ്രത്യേക സ്ഥാപനങ്ങൾ മാത്രമല്ല സഭാസമൂഹങ്ങൾ മുഴുവനും അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും സമൂഹത്തിലേക്ക് ശരിയായ രീതിയിൽ ഉൾചേരാനുള്ള സൗകര്യമൊരുക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുകാണിച്ചു.

കുടിയേറ്റക്കാരുടെ ദേശ, മത വൈവിധ്യങ്ങളുടെ പശ്ചാത്തലത്തിൽ, വിവിധ മതസ്ഥരായ കുഞ്ഞുങ്ങളും പ്രായപൂർത്തിയാകാത്തവരും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമിടയിലുണ്ടെന്ന് എഴുതിയ പാപ്പാ, പ്രായോഗികവും സമൂർത്തവുമായ മതാന്തരസംവാദങ്ങൾക്കുളള ഒരിടമായും കുടിയേറ്റം മാറുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.

ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനം പരാമർശിച്ച പരിശുദ്ധ പിതാവ്, സുവിശേഷത്തിന്റെ വിശ്വസനീയരായ അടയാളങ്ങളാകാൻ നമ്മുടെ സമൂഹങ്ങളെ ദൈവം സഹായിക്കട്ടെയെന്ന ആശംസയോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ഓഗസ്റ്റ് 2026, 13:52