സഹോദര്യപൂർണ്ണമായ ഒരു ലോകത്തിന്റെ വളർച്ചയ്ക്ക് കായികരംഗം സഹായിക്കട്ടെ: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ പരസ്പരബന്ധങ്ങളുടെ പാലങ്ങൾ പണിയാനും, മറ്റുള്ളവരോടുള്ള സ്വീകാര്യതാ മനോഭാവത്തിൽ വളരാനും, വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യദാർഢ്യവും സമാധാനവും പ്രോത്സാഹിപ്പിക്കാനും കായികരംഗത്തിന് സാധിക്കട്ടെയെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ താരന്തോ (Taranto) നഗരത്തിൽ നടക്കുന്ന ഇരുപതാമത് മെഡിറ്ററേനിയൻ കായികമേളയുടെ (Giochi del Mediterraneo) അവസരത്തിൽ, താരന്തോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ചീറോ മിനിയേറോയ്ക്കയച്ച (Archbishop Ciro Miniero) ഒരു ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കായികരംഗത്തിന് മാനവരാശിക്ക് നൽകാൻ കഴിയുന്ന മൂല്യങ്ങളിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.
കായികതാരങ്ങളുടെ പ്രതീക്ഷകളുടെയും അധ്വാനത്തിന്റെയും അടയാളം
ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം, താരന്തോ അതിരൂപതാ കത്തീഡ്രലിൽ "കായികതാരങ്ങളുടെ കുരിശ്" സ്വീകരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിശുദ്ധ ബലിമധ്യേ വായിക്കപ്പെട്ട പരിശുദ്ധ പിതാവിന്റെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനായിരുന്നു ഒപ്പിട്ടയച്ചത്.
കായികതാരങ്ങൾ സമർപ്പിക്കുന്ന, രക്ഷയുടെ അടയാളമായ കുരിശ്, പ്രത്യാശയും പ്രതീക്ഷകളും നിറഞ്ഞതാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് അവർ പങ്കിടുന്ന സന്തോഷങ്ങളെയും അധ്വാനത്തെയും കൂടി പ്രതിനിധാനം ചെയ്യുന്നതാണെന്ന് പ്രസ്താവിച്ചു.
സംസ്കാരങ്ങൾക്കിടയിൽ പാലങ്ങൾ പണിയുക
താരന്തോയിൽ നടക്കുന്ന ഈ കായികമത്സരങ്ങൾ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും, വിശ്വസ്തതയുടെയും ചിന്തകളോടെയും വികാരങ്ങളോടെയും ജീവിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ഈ മത്സരവേദിയും അവിടെ നടക്കുന്ന ചടങ്ങുകളും സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാൻ ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. മറ്റുളവരെ സ്വീകരിക്കാനുള്ള മനോഭാവവും, സമാധാനവും പ്രോത്സാഹിപ്പിക്കാനും ഈ മത്സരങ്ങൾക്ക് സാധിക്കട്ടെയെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏവർക്കും പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദം നൽകുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പരൊളീൻ, ഇത് തുടർച്ചയായ ദൈവികസഹായത്തിന്റെ അടയാളമായിരിക്കട്ടെയെന്നും ആശംസിച്ചു.
മെഡിറ്ററേനിയൻ കായികമേള
മെഡിറ്ററേനിയൻ പ്രദേശവുമായി ബന്ധപ്പെട്ട, ആഫിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിന്നുള്ള ഇരുപത്തിയാറ് രാജ്യങ്ങളിൽനിന്നുള്ള നാലായിരത്തോളം കായികതാരങ്ങൾ മുപ്പത്തിയേഴ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനായി താരന്തോയിൽ എത്തിയിട്ടുണ്ട്. ഇതിൽ വത്തിക്കാനെ പ്രതിനിധീകരിച്ചുള്ള ചെറുസംഘവും ഉൾപ്പെടും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
