ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ആരാധനാക്രമ വർഷ രൂപീകരണവും ഉദ്ദേശവും ക്രൈസ്തവവിശ്വാസജീവിതവും: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

ഓഗസ്റ്റ് 12 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ആരാധനാക്രമവർഷത്തെ അടിസ്ഥാനമാക്കി, അതിന്റെ രൂപീകരണം, ഉദ്ദേശം, അതനുസരിച്ച് വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയെക്കുറിച്ചാണ് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പാപ്പാ ഉദ്‌ബോധനം നടത്തിയത്.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ, ആധാരമാക്കി, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതുമായി ബന്ധപ്പെട്ട ആരാധനാക്രമ വർഷത്തെ അടിസ്ഥാനമാക്കിയാണ് ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പാപ്പാ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ബസലിക്കയിലുണ്ടായിരുന്ന അയ്യായിരത്തോളം വരുന്ന ആളുകൾക്കിടയിലൂടെ കാൽനടയായി സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയിലെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വെളിപാട് പുസ്തകം ഒന്നാം അദ്ധ്യായം ആറ് മുതൽ എട്ട് വരെയുള്ള വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

" നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്‍റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവന് മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തി മുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.." (വെളിപാട് 1, 6-8).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീ സഹോദരന്മാരേ,

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ "സാക്രോസാന്ക്തും കൊൺചീലിയും" (Sacrosanctum Concilium - SC) എന്ന പ്രമാണരേഖയുടെ അഞ്ചാമത്തെ അദ്ധ്യായം ആരാധനാക്രമ വർഷത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ അതിനുള്ള മൂല്യം വിശദീകരിക്കുന്നതിനായി, ഇന്ന് ഈ വിഷയത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.

ക്രൈസ്തവ തിരുനാളുകളുടെ ചക്രത്തെ “ആരാധനാക്രമ വർഷം” എന്ന് നിർവചിക്കുന്ന ഈ രീതി സഭാഭാഷയിൽ വ്യാപകമായത് ദൈവദാസനായ ആബട്ട് പ്രോസ്പർ ഗ്വരഞ്ചേയുടെ (Prosper Guéranger 1805-1875) പ്രവർത്തനത്തിലൂടെയാണെന്ന് ആദ്യമേ തന്നെ ഓർക്കേണ്ടതുണ്ട്.

"ഇത് ഭൂതകാലവുമായി ബന്ധപ്പെട്ട വസ്തുതകളുടെ തണുത്തതും നിർജ്ജീവവുമായ ഒരു അവതരണമോ, മറ്റൊരു കാലഘട്ടത്തിലെ യാഥാർത്ഥ്യങ്ങളുടെ വെറും […] അനുസ്മരണമോ അല്ല എന്ന് മേദിയാത്തോർ ദേയി (Mediator Dei) എന്ന ചാക്രികലേഖനത്തിൽ, പന്ത്രണ്ടാം പീയൂസ് പാപ്പാ ഉറപ്പിച്ചു പറയുന്നുണ്ട്. മറിച്ച്, ആരാധനാക്രമ വർഷമെന്നത്, ഈ മർത്യജീവിതത്തിൽ […] താൻ ആരംഭിച്ച അതിരുകളില്ലാത്ത കരുണയുടെ യാത്ര തുടരുന്നവനും […] തന്റെ സഭയിൽ എപ്പോഴും ജീവിക്കുന്നവനുമായ ക്രിസ്തു തന്നെയാണ്. മനുഷ്യാത്മാക്കളെ, നിത്യം സന്നിഹിതവും, പ്രവർത്തനക്ഷമവുമായ തന്റെ ദിവ്യരഹസ്യങ്ങളുമായി ബന്ധിപ്പിക്കുകയും അവയിലൂടെ അവരെ ജീവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവൻ ഇത് ചെയ്യുന്നത്". (III Divinum Officium et Annus Liturgicus, II Cyclus Mysteriorum). ഇക്കാരണത്താൽത്തന്നെ, ചരിത്രത്തിൽ ക്രിസ്തു നിർവഹിക്കുന്ന രക്ഷാകര പ്രവർത്തനത്തിന്റെ നിരന്തരമായ വർത്തമാനവൽക്കരണമായാണ് ആരാധനാക്രമ വർഷത്തെ മനസ്സിലാക്കേണ്ടത്. ഈ ആരാധനാക്രമ കാലചക്രത്തിലൂടെ സഞ്ചരിക്കുമ്പോൾ, സഭ കർത്താവിന്റെ വീണ്ടെടുപ്പിന്റെ പ്രവർത്തനവുമായി സമ്പർക്കത്തിൽ തുടരുന്നു എന്നതിനാൽത്തന്നെ എല്ലാ വിശ്വാസികളും അവിടുത്തെ കൃപയാൽ നിറയുന്നു (cf. SC, 102c). നമുക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുവുമായുള്ള കണ്ടുമുട്ടലാണ് സഭ എപ്പോഴും പിന്തുടരുന്ന ലക്ഷ്യം; ഓരോ നിമിഷത്തിന്റെയും കേന്ദ്രത്തിൽ പെസഹാ സംഭവത്തിന്റെ ആഘോഷത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

അതുകൊണ്ടുതന്നെ, കൗൺസിൽ പിതാക്കന്മാർ "ആരാധനാക്രമ വർഷത്തിന്റെ അടിത്തറയും കേന്ദ്രബിന്ദുവും" എന്ന നിലയിൽ "അനാദിയിലെ തിരുനാൾദിനമായ" ഞായറാഴ്ചയെയാണ് പരിഗണിക്കുന്നത് (cf. SC, 106). ആധുനിക ഭാഷകളിൽ പലതിലും ഇതിന്റെ പേര്, “ദീയെസ് ദോമിനി" (dies Domini), “കർത്താവിന്റെ ദിവസം” ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ ദിനത്തെക്കുറിച്ച്, “സൂര്യന്റെ ദിവസം” (Sunday, Sonntag) എന്ന പരാമർശം പ്രബലമായിരിക്കുന്ന ഭാഷകളിൽപ്പോലും ക്രിസ്തുവുമായുള്ള ബന്ധം നമുക്ക് കാണാം: ക്രിസ്തു ഓരോ മനുഷ്യനെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ “നീതിയുടെ സൂര്യൻ” ആണ്!

വിശുദ്ധ ജോൺ പോൾ രണ്ടാമൻ, “ദിയെസ് ദോമിനി” (Dies Domini - 1998 മെയ് 31) എന്ന അപ്പസ്തോലിക ലേഖനത്തിൽ, ഞായറാഴ്ച കർത്താവിന്റെ ദിവസവും, സഭയുടെ ദിവസവും, മനുഷ്യന്റെ ദിവസവും, ഒടുവിൽ “ദിവസങ്ങളുടെ ദിവസവും” ആണ് എന്ന് പഠിപ്പിക്കുന്നുണ്ട്: “ആഴ്ചയിലെ പെസഹദിനം ആയ ഞായറാഴ്ച, ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ദിവസത്തെ അനുസ്മരിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്ന ദിനമായതിനാൽ, അത് സമയത്തിന്റെ അർത്ഥം വെളിപ്പെടുത്തുന്ന ദിവസം കൂടിയാണ്. […] ഉയിർപ്പിൽനിന്ന് ഉദ്ഭവിച്ചുകൊണ്ട്, അത് മനുഷ്യന്റെ കാലഘട്ടങ്ങളെയും, മാസങ്ങളെയും, വർഷങ്ങളെയും, നൂറ്റാണ്ടുകളെയും ഒരു ദിശാസൂചക അമ്പുപോലെ പിളർത്തി, അവയെ ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ലക്ഷ്യത്തിലേക്ക് നയിച്ചുകൊണ്ട് കടന്നുപോകുന്നു. ഞായറാഴ്ച അന്തിമദിവസത്തെ, അതായത് എല്ലാവരും ഉയർത്തെഴുന്നേൽക്കുന്ന, ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ (Parusía) ദിവസത്തെ മുൻകൂട്ടി അറിയിക്കുന്നു” (ന. 75).

ഞായറാഴ്ചയെ വിശുദ്ധീകരിക്കുന്നതിന് വിശുദ്ധ കുർബാന ആഘോഷിക്കുന്നത് അടിസ്ഥാനപരമാണ്. വചനത്തിന്റെ ശ്രവണവും ക്രിസ്തുവിന്റെ ശരീരത്തിലുള്ള പങ്കാളിത്തവും, കൗൺസിൽ പിതാക്കന്മാരുടെ അഭിപ്രായത്തിൽ, കൊൺവെനീരെ ഇൻ ഊനും (convenire in unum - cf. SC, 106) അതായത്, വിശ്വാസികളുടെ ആനന്ദപൂർണ്ണമായ സമ്മേളനത്തിലേക്ക് നയിക്കുന്നു. അത്തരം ഒരു സമ്മേളനത്തിൽ ക്രൈസ്തവ സമൂഹം കർത്താവിനോടുള്ള അതിന്റെ കൂട്ടായ്മ ദൃശ്യമാക്കുകയും, ക്രിസ്തുവിന്റേതാണെന്ന യാഥാർത്ഥ്യവും സഭയോടുള്ള അതിന്റെ വിശ്വസ്തതയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈയൊരു കൂട്ടായ്മയെ വെറും സങ്കല്പികമായ സാന്നിദ്ധ്യം കൊണ്ട് പകരം വയ്ക്കാനോ നിഷ്ക്രിയമായ ഒരു ഒത്തുചേരലിലേക്ക് ചുരുക്കാനോ സാധിക്കില്ല. കാരണം, "തങ്ങളെ “മരിച്ചവരിൽനിന്നുള്ള ക്രിസ്തുവിന്റെ ഉയിർപ്പിലൂടെ ജീവനുള്ള പ്രത്യാശയ്ക്കായി" (1Pt 1,3) സൃഷ്‌ടിച്ച ദൈവത്തിന് നന്ദി അർപ്പിക്കാനായി" വിളിച്ചുകൂട്ടപ്പെട്ട സഹോദരീ സഹോദരന്മാരുടെ സജീവ പങ്കാളിത്തത്തിലാണ് ആരാധനക്രമ കൂട്ടായ്മ യാഥാർത്ഥ്യമാകുന്നത്.

ഇതുമായി ബന്ധപ്പെട്ട്, ഞായറാഴ്ച ജോലി ഒഴിവാക്കാൻ കഴിയാത്തവർക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്നതിനായി ഏറ്റവും മികച്ച സാഹചര്യങ്ങൾക്കായി പരിശ്രമിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

പ്രിയപ്പെട്ടവരേ, ഞായറാഴ്ചകളാൽ താളബദ്ധമാകുന്നതും, സഭയുടെ വിശ്വാസവും ഭക്തിയും ഇഴചേരുന്നതുമായ ആരാധനാക്രമ വർഷത്തിന് ശ്രദ്ധേയമായ ഒരു ചരിത്രമുണ്ട്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ, ആഴ്ചതോറുമുള്ള പെസഹാ ആഘോഷത്തോട്, അമ്പത് ദിവസങ്ങളുടെ “അതിയായ ആനന്ദമുള്ള കാലയളവിലേക്ക്” നീണ്ടുനിൽക്കുന്നതും; പന്തക്കുസ്താ തിരുനാളിൽ പൂർത്തിയാകുന്നതും, അനുതാപസ്വഭാവമുള്ള നോമ്പുകാലം കൊണ്ട് ഒരുക്കപ്പെടുന്നതുമായ  "പരമോന്നതമായ തിരുനാൾ" (SC, 102) വാർഷിക പെസഹാ ആഘോഷവും കൂട്ടിച്ചേർക്കപ്പെട്ടു (cf. SC, 109). പെസഹാ ആവർത്തനചക്രത്തിന്റെ മാതൃകയിൽ പിന്നീട് വികസിച്ച ക്രിസ്തുമസ് അവർത്തനചക്രം, ദൈവവചനത്തിന്റെ മനുഷ്യാവതാരത്തിന്റെയും അവിടുത്തെ ജനനത്തിന്റെയും ലോകത്തിനുള്ള അവിടുത്തെ വെളിപ്പെടുത്തലിന്റെയും രഹസ്യങ്ങൾ വീണ്ടും അനുഭവിക്കാൻ സാധ്യത നൽകി. തുടർന്ന് സഭ വിവിധ കാലഘട്ടങ്ങളിൽ, "തന്റെ പുത്രന്റെ രക്ഷാകരമായ പ്രവർത്തനത്തോട് വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന" (SC, 103) പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കവും; സ്വർഗത്തിൽ ദൈവത്തിന് പൂർണ്ണമായ സ്തുതി പാടുകയും, നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെയും മറ്റ് വിശുദ്ധരുടെയും ഓർമ്മത്തിരുനാളുകളും ഉൾപ്പെടുത്തി (SC, 104).

അങ്ങനെ, ആരാധനാക്രമ വർഷം, മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയിൽനിന്ന് വിശ്വാസികളെ പെസഹാ രഹസ്യത്തിന്റെ പൂർണ്ണതയിലേക്കും ഭാവിയിലെ മഹത്വത്തിന്റെ മുന്നാസ്വാദനത്തിലേക്കും നയിച്ചുകൊണ്ട്, രക്ഷയുടെ കൂദാശാപരമായ രൂപത്തിൽ ചരിത്രത്തെക്കുറിച്ചുള്ള ഉദ്‌ബോധനം വീണ്ടും നമുക്ക് മുന്നിൽ വയ്ക്കുന്നു. അതിൽ സഭ ക്രിസ്തുവിന്റെ രഹസ്യത്തിന്റെ രക്ഷാകരമായ വർത്തമാനകാലികത ആഘോഷിക്കുകയും, അതുവഴി വിശ്വാസികൾക്ക് അതിൽ കൂടുതൽ ആഴത്തിൽ പങ്കുചേരാൻ സാധ്യത നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആരാധനക്രമ വർഷം ഓരോ അജപാലന പ്രവർത്തനത്തിന്റെയും പ്രചോദന തത്വവും അതിന്റെ അനിവാര്യമായ ചട്ടക്കൂടും ആയി മാറുന്നത്.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ഓഗസ്റ്റ് 2026, 13:04

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >