ലിയോ പതിനാലാമൻ പാപ്പാ അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കുന്നു  (@VATICAN MEDIA)

സുവിശേഷമാർഗ്ഗത്തിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന് മുന്നേറാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ അസീസിയിൽ

“ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” എന്ന പേരിലുള്ള യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിലെത്തിയ പരിശുദ്ധ പിതാവ്, രൂപാന്തരീകരണത്തിരുനാൾ ദിനമായ ഇന്ന്, പ്രത്യാശയോടയും ഉത്തരവാദിത്വത്തോടെയും മുന്നോട്ട് നീങ്ങാനും, സമാധാനത്തിന്റെ സന്ദേശം ലോകത്ത് പരത്താനും ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിലേക്ക് കൂടുതലായി അടുക്കാനും, അതിന്റെ സന്ദേശം ലോകത്ത് പരത്താനും, ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിരുനാളിൽ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 3 മുതൽ 6 വരെ തീയതികളിൽ “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” (Go Fransiscan Youth Meeting 2026) എന്ന പേരിൽ അസ്സീസിയിൽ നടന്ന യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി യൂറോപ്പിന്റെ വിവിധയിടങ്ങളിൽനിന്നെത്തിയ യുവജനങ്ങൾക്കൊപ്പം, സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ വചനസന്ദേശത്തിലാണ്, സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.

അസ്സീസി നഗരത്തിൽ ജീവിച്ചിരുന്ന ഫ്രാൻസിസിന്റെയും ക്ലാരയുടെയും, പിന്നീട് ആയിരക്കണക്കിന് യുവജനങ്ങളുടെയും ജീവിതങ്ങളുടെ പരിവർത്തനത്തെക്കുറിച്ച് രൂപാന്തരീകരണത്തിരുനാളിന്റെ കൂടി പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, ഈ വിശുദ്ധരുടെ ജീവിതം മാതൃകയാക്കി ഉയർത്തിക്കാട്ടുകയും, പ്രത്യാശയും ധൈര്യവും കൈവിടാതെ വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകാൻ യുവജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.

യേശുവിനൊപ്പമുള്ള ജീവിതം

ശിഷ്യന്മാരെപ്പോലെ യേശുവിനൊപ്പം സഞ്ചരിക്കുമ്പോഴാണ് ജീവിതത്തിലെ ശരിയായ പാത കണ്ടെത്താനാകുകയെന്നും, ജീവിതത്തിന്റെ അർത്ഥം കൂടുതൽ മനസ്സിലാക്കാൻ സാധിക്കുകയെന്നും ആണ് രൂപാന്തരീകരണവുമായി ബന്ധപ്പെട്ട സുവിശേഷം പറഞ്ഞുതരുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, തിരുവചനം ശ്രവിച്ച്, അതിന്റെ വെളിച്ചത്തിൽ കാലത്തെ വിലയിരുത്താനും ഉത്തരവാദിത്വപൂർണ്ണമായി തീരുമാനങ്ങൾ എടുക്കാനും യുവജനങ്ങൾ തയ്യാറാകേണ്ടതുണ്ടെന്ന് പറഞ്ഞു. തന്നോട് സംവദിക്കാനും, ചരിത്രത്തിന്റെ പുതിയ താളുകൾ രചിക്കനുമാണ് യേശു നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അന്ധകാരവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്തും, ഫ്രാൻസിസിനെയും ക്ലാരയെയും പോലെയുള്ള വിശുദ്ധരുടെയും, നന്മ ചെയ്തുകൊണ്ട് തിന്മയെ നേരിടുന്ന അനേകം മനുഷ്യരുടെയും ജീവിതത്തിൽ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം തെളിഞ്ഞുനിൽക്കുന്നത് നമുക്ക് കാണാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവവും മനുഷ്യരും സൃഷ്ടികളുമായുള്ള ബന്ധം

ദൈവത്തോടും മനുഷ്യരോടും സൃഷ്ടികളോടുമുള്ള ബന്ധങ്ങൾ സംരക്ഷിക്കുകയും നഷ്ടപ്പെട്ടുപോയവ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലേക്കാണ് ഫ്രാൻസിസ്കൻ ആത്മീയത ക്ഷണിക്കുന്നതെന്ന് അഭിപ്രായപ്പെട്ട പാപ്പാ, സഭയെന്ന നിലയിൽ, ദൈവത്തിന്റെ വിളിയും ശബ്ദവും കേൾക്കാനും തിരിച്ചറിയാനും സാധിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

സമകാലീനലോകത്തെ മനുഷ്യാന്തസ്സ് സംരക്ഷിക്കപ്പെടുന്നതും നീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും സാഹോദര്യം സാധ്യമാകുന്നതുമായ ഒരു ഇടമാക്കി മാറ്റാൻ എല്ലാ തലമുറകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, മാംസമായിത്തീർന്ന വചനമാകുന്ന ദൈവത്തിലേക്ക് കണ്ണുകളുയർത്തി മുന്നോട്ട് പോകാനാണ് ക്രൈസ്തവർ പരിശ്രമിക്കേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു. 

വിശ്വാസയാത്രയിൽ മുന്നോട്ടു പോകാനുള്ള വിളി

മുൻപുണ്ടായിരുന്ന വഴികൾ ഉപേക്ഷിച്ച്, യേശുവിന്റെ മാർഗ്ഗത്തോട് കൂടുതൽ അനുരൂപമായ പുതിയ മാർഗ്ഗങ്ങൾ തുറക്കാൻ പരിശ്രമിച്ചതുകൊണ്ടാണ് മരണത്തിന്റെ എണ്ണൂറ് വർഷങ്ങൾക്കിപ്പുറവും വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം നമ്മെ ആകർഷിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിങ്ങളിൽനിന്ന് യൂറോപ്പും ലോകവും പുതിയ വിശുദ്ധരെയാണ് പ്രതീക്ഷിക്കുന്നതെന്ന് യുവജനങ്ങളോട് പറഞ്ഞ പാപ്പാ, ക്രിസ്തുവിന്റെ സ്വാതന്ത്ര്യമുള്ള വ്യക്തികളാകാനും ദാരിദ്ര്യത്തെ പുൽകാനും അവരെ ആഹ്വാനം ചെയ്തു.

ഇത്തവണത്തെ യുവജനസമ്മേളനത്തിന്റെ പേര് പരാമർശിച്ചുകൊണ്ട് "ഗോ" എന്നത് യാത്രയ്ക്കുള്ള ആഹ്വാനമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പരിശുദ്ധാത്മാവിന്റെ നിർദ്ദേശമനുസരിച്ച് ഉത്ഥിതനായ ക്രിസ്തുവിനെ പിന്തുടരാനുള്ള ഒരു വിളിയാണതെന്ന് വിശദീകരിച്ചു.

നീതിയും പരിഗണനയും ലഭിക്കാതെയും, മനുഷ്യാന്തസ്സ് മാനിക്കപ്പെടാതെയും ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് കടന്നുചെല്ലാനും, അധികാരത്തിന്റെയും അധിപത്യത്തിന്റെയും സംസ്കാരത്തെ തള്ളിക്കളയാനും, കർത്താവിന്റെ മുറിപ്പാടുകൾ അംഗീകരിക്കാനാകാതെ, അവയിൽനിന്ന് വിവേകപൂർവ്വം അകലം പാലിക്കാനുള്ള പ്രലോഭനത്തിൽനിന്ന് പുറത്തുകടക്കാനും യുവജനങ്ങളോട് ആവശ്യപ്പെട്ട പാപ്പാ, മനുഷ്യരെ ചൂഷണം ചെയ്യാനല്ല, സഹോദരീസഹോദരങ്ങളായി സ്വീകരിക്കാനും ശുശ്രൂഷിക്കാനുമാണ് നമ്മൾ പരിശ്രമിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

"എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കി മാറ്റണമേ" എന്ന് തുടങ്ങുന്ന വിശുദ്ധ ഫ്രാൻസീസിന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ട്, ലോകത്ത്, തങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ സമാധാനത്തിന്റെ ഉപകരണങ്ങളായിരിക്കാനും, സ്നേഹസംസ്കാരം വളർത്താനും യുവജനങ്ങളെ ആഹ്വാനം ചെയ്ത പാപ്പാ, അസ്സീസിയിലെ ഈ യുവജനസമ്മേളനത്തിന്റെ അനുഭവം ജീവിതയാത്രയിൽ പുതിയ പ്രതിബദ്ധതകൾക്കും സുവിശേഷസാക്ഷ്യം നൽകാനുള്ള പ്രേരണയ്ക്കും ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ഓഗസ്റ്റ് 2026, 13:39