തിരയുക

ലിയോ പതിനാലാമൻ പാപ്പാ - അസ്സീസിയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ - അസ്സീസിയിൽനിന്നുള്ള ഒരു ചിത്രം  (@Vatican Media)

സമാധാനത്തിനും സ്ഥിരതയുള്ള തിരഞ്ഞെടുപ്പുകൾക്കും സഭയോടുള്ള സ്നേഹത്തിനും യുവാക്കളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

അസ്സീസിയിൽ ഓഗസ്റ്റ് 3 മുതൽ 6 വരെ തീയതികളിൽ നടന്ന അന്താരാഷ്ട്ര യുവജനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമൻ പാപ്പാ, ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ കൂടി പശ്ചാത്തലത്തിൽ, മതത്തെ വിഭജനത്തിന് ഉപയോഗിക്കരുതെന്നും, സമാധാനം പ്രോത്സാഹിപ്പിച്ചും, ഭയലേശമന്യേ സ്ഥിരതയുള്ള തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുത്തും, അമ്മയായ സഭയെ സ്നേഹിച്ചും വിശ്വാസം സാക്ഷ്യപ്പെടുത്തിയും മുന്നോട്ട് പോകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓഗസ്റ്റ് 3 മുതൽ 6 വരെ തീയതികളിൽ അസ്സീസ്സിയിൽ നടന്ന “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” (Go! Fransiscan Youth Meeting 2026) എന്ന യുവജനസമ്മേളനത്തിൽ, വിശ്വാസജീവിതവുമായി ബന്ധപ്പെട്ട് യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയേകി ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ നിന്ന് ഹെലികോപ്റ്ററിൽ അസ്സീസിയിലെ സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ എത്തിയ പാപ്പാ, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു സംസ്കാരം പണിതുയർത്താനും, ജീവിതത്തിൽ സ്ഥിരതയുള്ള തീരുമാനങ്ങളെടക്കാനും, സഭയോടുള്ള വിശ്വസ്തതയിലും സ്നേഹത്തിലും വളരാനും യുവജനങ്ങളോട് ആവശ്യപ്പെട്ടു.

ഫ്രാൻസിസ്കൻ അദ്ധ്യാത്മികതയും വിശ്വാസവും സമാധാനവും

ഫ്രാൻസിസ്കൻ അദ്ധ്യാത്മികതയിലുള്ള ജീവിതസാക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള, ക്രൊയേഷ്യക്കാരിയായ കരോലിന എന്ന യുവതിയുടെ ചോദ്യത്തിന് മറുപടി നൽകിയ പാപ്പാ, ലാളിത്യം, സാഹോദര്യം, എല്ലാവരോടുമുള്ള അടുപ്പം എന്നിവയാണ് ഫ്രാൻസിസ്കൻ അദ്ധ്യാത്മിക പാരമ്പര്യത്തിന്റെ ശക്തിയെന്ന് ഓർമ്മിപ്പിച്ചു. യൂറോപ്പിൽത്തന്നെ മതവും ദേശീയതയും യുദ്ധത്തിനും സംഘർഷങ്ങൾക്കും കാരണമായ ഇടങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിവിധ ക്രൈസ്തവസമൂഹങ്ങളും മറ്റു മതസ്ഥരും തമ്മിലുള്ള സഹവർത്തിത്വത്തിന് ഫ്രാൻസിസ്കൻ ആദ്ധ്യാത്മികത നൽകുന്ന ക്ഷണത്തെക്കുറിച്ച് പരാമർശിച്ചു.

സമാധാനത്തിന്റെ പ്രവർത്തകരാകാനാണ് ക്രൈസ്തവർ ഇന്നത്തെ സാഹചര്യത്തിൽ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, മതത്തെ വിഭജനത്തിനായി ഉപയോഗിക്കുന്ന പ്രവണതകളുടെ അപകടത്തക്കുറിച്ച് മുന്നറിയിപ്പ് നൽകി. മനുഷ്യരെ വിനയത്തിലേക്കും സ്വീകരണമനോഭാവത്തിലേക്കും നയിക്കുന്നതാണ് സുവിശേഷത്തിന്റെ സന്ദേശമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ മനുഷ്യരെ ഒരുമിച്ചായിരിക്കാനുള്ള വിളിയിൽനിന്ന് അകറ്റുന്ന ഇക്കാലത്ത് ഒരുമിച്ച് ദൈവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചിന്തിക്കുന്ന ഒരു സംസ്കാരം യുവജനത തങ്ങൾക്കിടയിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

സ്ഥിരതയുള്ള തീരുമാനങ്ങളും സ്വാതന്ത്ര്യവും

ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളുടെ മുന്നിൽ സ്ഥിരതയുള്ള തീരുമാനങ്ങൾ എടുക്കുന്നത് എളുപ്പമല്ലാതായി വരുന്ന ഒരു സാഹചര്യത്തെക്കുറിച്ച്, ബൊളോഞ്ഞയിൽനിന്നുള്ള ജ്യൊവാന്നി എന്ന യുവാവുയർത്തിയ ചോദ്യത്തിന് മറുപടി നൽകവെ, ജീവിതത്തിലെ സ്ഥിരതയുള്ള തീരുമാനങ്ങൾ മനുഷ്യനെ ബന്ധനത്തിലാക്കുകയല്ല, വലുതായൊരു യാഥാർത്ഥ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പറഞ്ഞു. എന്നന്നേക്കുമായുള്ള ഒരു തീരുമാനമെടുക്കുക എന്ന കൃപയോട് പ്രത്യുത്തരിക്കാൻ ദൈവം തന്നെയാണ് നമ്മെ സഹായിക്കുന്നതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. പ്രശ്‌നങ്ങളിൽനിന്ന് ഓടിപ്പോകാനോ, പുതിയ വഴികൾ പരീക്ഷിക്കാനോ ഉള്ള പ്രവണത ആന്തരികമായ ശൂന്യത വർദ്ധിപ്പിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

തന്റെ വിളിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയവേ, ഒരിക്കലും ഒറ്റപ്പെട്ടുപോകുന്ന ഒരു സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും, തന്റെ പൗരോഹിത്യവിളിയിലും അഗസ്റ്റീനിയൻ സന്ന്യസ്തജീവിതത്തിലും മിഷനറി സേവനത്തിലും സഹചാരികളെ നൽകി കർത്താവ് തന്നെ അനുഗമിച്ചിരുന്നുവെന്നും പാപ്പാ പറഞ്ഞു. ഒരു പ്രകാശമെന്നതുപോലെ അവൻ, പാപ്പായാകാനുള്ള വിളിയ്ക്ക് ഉത്തരം നൽകുന്നതുവരെയും തന്നെ അനുഗമിച്ചുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സഭയെ സ്നേഹിക്കുക നവീകരിക്കുക

പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്ന ഇന്നത്തെ സഭയെ എങ്ങനെ ഒരു അമ്മയായി കാണാനും സ്നേഹിക്കാനുമാകുമെന്നുമുള്ള, തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽനിന്നുള്ള ലൂയീജി എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടി നല്കവേ, ചരിത്രത്തിലും ഇന്നും, ക്രിസ്തു ആഗ്രഹിച്ചിരുന്ന ഒരു സഭയെ അനുഭവിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ലെന്ന് പാപ്പാ പറഞ്ഞു. ഇത് പലരിലും മുറിവുകളും വിശ്വാസ പ്രതിസന്ധികളും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. യേശു ആഗ്രഹിച്ചത്, സഹോദര്യത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തെയാണെന്ന് പ്രസ്താവിച്ച പാപ്പാ, വലിയവരാകാൻ ആഗ്രഹിക്കുന്നവർ സേവകരാകുക എന്ന ക്ഷണമാണ് അവൻ നൽകുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു. 

ദൈവവചനം, കൂദാശകൾ, സഹോദരസ്നേഹത്തിന്റെ ജീവിതം എന്നിവയാണ് നമ്മിൽ ക്രിസ്തുവിന്റെ ചിത്രം യാഥാർത്ഥ്യമാക്കാനുള്ള വഴിയെന്ന് വ്യക്തമാക്കിയ പാപ്പാ, വ്യത്യസ്ത ഉത്തരവാദിത്വങ്ങളും ദൈവവിളികളും ഉള്ളപ്പോഴും ഏവർക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു. "എന്റെ സഭയെ നവീകരിക്കുക" എന്ന വിശുദ്ധ ഫ്രാൻസിസിനോടുള്ള ആഹ്വാനം ഇന്നും പ്രസക്തമാണെന്നും, ആ ദൗത്യത്തിൽ ഓരോ വിശ്വാസിക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എളിമയോടെ, നമ്മുടെ ജീവിതത്തിലും ചരിത്രത്തിലും പ്രവർത്തിക്കാൻ ഉത്ഥിതനായ ക്രിസ്തുവിനെ അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ഓഗസ്റ്റ് 2026, 13:25