"ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്": ഫ്രാൻസിലേക്കുള്ള പാപ്പായുടെ അപ്പസ്തോലികയാത്രയുടെ വിശദവിവരങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
'ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്' എന്ന പ്രമേയം മുന്നോട്ട് വച്ച് ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക്. കഴിഞ്ഞ മെയ് പതിനാറാം തീയതി അറിയിച്ചിരുന്നതുപോലെ, സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിലായി ഫ്രാൻസിലേക്കും, ഐക്യരാഷ്ട്രസഭയുടെ, വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള യുനെസ്‌കോ കേന്ദ്രത്തിലേക്കുമായി നടത്തുന്ന ഈ യാത്രയിൽ, രാജ്യതലസ്ഥാനമായ പാരീസിന് (Paris) പുറമെ, പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ്ദ് (Lourdes), മെറ്റ്സ് (Metz) നഗരം എന്നിവിടങ്ങളും പാപ്പാ സന്ദർശിക്കുമെന്ന്, ഓഗസ്റ്റ് 7 വെള്ളിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പാ 2008-ൽ നടത്തിയ അപ്പസ്തോലികയാത്രയ്ക്ക് പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ്, ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ച് ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക് എത്തുന്നത്.
സന്ദർശന പ്രമേയവും ചിഹ്നവും
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ, ജീവന്റെ അപ്പമായ യേശു, താൻ ലോകത്തിന് ജീവൻ നൽകുന്ന അപ്പമാണ് എന്ന സത്യം വ്യക്തമാക്കുന്ന (യോഹ. 6, 51) ഭാഗത്തുനിന്നുള്ള "ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്" (Pour que le monde ait la vie - That the world may have life) എന്ന വാക്യമാണ് ഫ്രാൻസിലേക്കുള്ള യാത്രയുടെ പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.
ഗോത്തിക് ദേവാലയങ്ങളിലെ വിവിധ വർണ്ണങ്ങളിലുള്ള ചില്ലുകളാൽ അലംകൃതമായ ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നം. പാപ്പായുടെ യാത്രയിലെ അപ്പസ്തോലിക, ആരാധനക്രമ മാനങ്ങൾ വ്യക്തമാക്കുന്ന ഒരു ആർച്ചും, കുരിശും, മാനവികതയ്ക്കുള്ള സമാധാനത്തിന്റെ സന്ദേശമായ ഒലിവില പേറുന്നതും പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്നതുമായ ഒരു പ്രാവുമാണ് ഔദ്യോഗിക ചിഹ്നത്തിലുള്ളത്.
പാരീസിലേക്ക്
സെപ്റ്റംബർ 25 വെള്ളിയാഴ്‌ച ആരംഭിക്കുന്ന അപ്പസ്തോലിക യാത്രയുടെ ആദ്യപാദം പാരീസാണ്. അവിടെ ഫ്രഞ്ച് പ്രസിഡന്റ്, സർക്കാർ പ്രതിനിധികൾ, നയതന്ത്രസമൂഹം, യുനെസ്‌കോ ഉദ്യോഗസ്ഥർ എന്നിവരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ചകൾ നടത്തും.
സഭാനേതൃത്വവുമായും വിശ്വാസികളുമായി കണ്ടുമുട്ടുന്നതിന്റെ ഭാഗമായി പാപ്പാ, നോത്റ് ദാം (Notre-Dame) കത്തീഡ്രലിൽ മെത്രാന്മാർക്കും വൈദികർക്കുമൊപ്പം സായാഹ്നപ്രാർത്ഥനയും സെന്റ് ഡെനീ (Saint-Denis) സ്റ്റേഡിയത്തിൽ വച്ച് യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസമ്മേളനവും നടത്തും.
സെപ്റ്റംബർ 26 ശനിയാഴ്ച പാപ്പാ, "ബകിത ഭവനം"മെന്ന കുടിയേറ്റക്കാർക്കായുള്ള കേന്ദ്രം സന്ദർശിക്കും. പിന്നീട് കോൺകോർഡ് ചത്വരത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും.
ലൂർദ്ദ്
പാരീസിലെ ചടങ്ങുകൾക്ക് ശേഷം ലൂർദ്ദിലേക്ക് പോകുന്ന പാപ്പാ, അവിടെയുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിൽ പ്രാർത്ഥിക്കും.
സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ മെത്രാൻ സമിതി അംഗങ്ങളുമായി, ലൂർദ്ദിൽ വച്ച് കൂടിക്കാഴ്ച നടത്തുന്ന പരിശുദ്ധ പിതാവ്, പിന്നീട് തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിക്കും. ഇതേ ദിവസം, സമർപ്പിതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം ലൂർദ്ദ് മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിലെ പ്രശസ്തമായ ജപമാലപ്രാർത്ഥനയിലും മെഴുകുതിരി പ്രദക്ഷിണത്തിലും പങ്കെടുക്കും.
മെറ്റ്സ്
അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ സെപ്റ്റംബർ 28 തിങ്കളാഴ്ച മെറ്റ്സിലേക്ക് പോകുന്ന പാപ്പാ, അവിടെ റോബർട്ട് ഷൂമാൻ (Robert Schuman) കോൺഫറൻസ് ഹാളിൽ നടക്കുന്ന മതാന്തരസമ്മേളനത്തിലും, "സമാധാനത്തിനും ഐക്യത്തിനുമായി യൂറോപ്പിന്റെ വേരുകളിലേക്ക്" എന്ന വിഷയത്തിലുള്ള സമ്മേളനത്തിലും പങ്കെടുക്കും.
വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച ശേഷമാകും പാപ്പാ റോമിലേക്ക് മടങ്ങുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
