പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അസ്സീസിയിലെ ലിയോ പതിനാലാമൻ പാപ്പായുടെ സാന്നിദ്ധ്യത്തിനും അദ്ദേഹത്തിന്റെ വാക്കുകൾക്കും ശുശ്രൂഷയ്ക്കും നന്ദി പറഞ്ഞ് യൂറോപ്പിലെ യുവജനത. ഓഗസ്റ്റ് 3 മുതൽ 6 വരെ തീയതികളിൽ “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” (Go Fransiscan Youth Meeting 2026) എന്ന പേരിൽ അസ്സീസിയിൽ നടന്ന യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി യൂറോപ്പിന്റെ വിവിധയിടങ്ങളിൽനിന്നെത്തിയ യുവജനങ്ങൾക്കൊപ്പം സമയം ചിലവിടുകയും, അവരുടെ സംശയങ്ങൾക്ക് ഉത്തരമേകുകയും, സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ വിശുദ്ധ ബലിമധ്യേ അർപ്പിക്കുകയും ചെയ്‌ത പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യം, ദൈവജനത്തിനൊപ്പം സഞ്ചരിക്കുന്ന പത്രോസിന്റെ പിൻഗാമിയുടേതാണെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് യുവജനങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ച ഫ്രാഞ്ചെസ്‌കോ വരോണെ (Francesco Varone) പറഞ്ഞു.
വാക്കുകൾകൊണ്ടു മാത്രമല്ല, ജീവിതം കൊണ്ട് ക്രിസ്തുവിനെ കാണിച്ചുതരുന്ന യഥാർത്ഥ സാക്ഷികളെയാണ് ഇന്നത്തെ യുവജനങ്ങൾ അന്വേഷിക്കുന്നതെന്ന് പ്രസ്താവിച്ച അദ്ദേഹം, നന്മ തിരഞ്ഞെടുക്കാനും, സുവിശേഷത്തിന് മനുഷ്യഹൃദയങ്ങളെ മാറ്റാനുള്ള ശക്തിയുണ്ടെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പ്രചോദനം നൽകുന്നതാണ് പരിശുദ്ധ പിതാവിന്റെ വാക്കുകളെന്ന് അഭിപ്രായപ്പെട്ടു.
സഭയെ ജ്ഞാനത്തോടും സ്നേഹത്തോടും കൂടി ശരിയായ മാർഗ്ഗത്തിൽ നയിക്കാൻ മാർപാപ്പയ്ക്കായി യുവജനങ്ങൾ പ്രാർത്ഥിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ലോകത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിലും ക്രിസ്തുവിന്റെ സ്വരം തിരിച്ചറിയാനും തങ്ങളുടെ ജീവിതം സമർപ്പണമായി മാറ്റാനും വേണ്ട ധൈര്യം ലഭിക്കാനായി, ഒരു പിതാവ് മക്കൾക്കുവേണ്ടിയെന്നപോലെ, പാപ്പായയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു.
"ക്രിസ്തുവിൽ നാമെല്ലാവരും ഒന്നാണ്" എന്ന പാപ്പായുടെ ആദർശവാക്യം പരാമർശിച്ച ഫ്രാഞ്ചെസ്‌കോ, ക്രിസ്തുവിലാണ് തങ്ങളുടെ ഐക്യമെന്നും, അവൻ ആരെയും ഒഴിവാക്കുന്നില്ലെന്നും തങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് പാപ്പായോട് പറഞ്ഞു. ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ, പരസ്പരം സഹോദരങ്ങളായി കാണുന്ന അനുഭവമായിരുന്നു ഫ്രാൻസിസ് അസ്സീസി മുന്നോട്ട് വയ്ക്കുന്നതെന്ന്, യുവജനസമ്മേളനത്തിന്റെ ദിനങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
