ബെനെഡിക്റ്റൻ സന്ന്യാസികളുടെ സാക്ഷ്യം ഇന്നത്തെ സഭയ്ക്കും ലോകത്തിനും ഏറെ പ്രധാനപ്പെട്ടതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ബെനെഡിക്റ്റൻ സന്ന്യാസികളുടെ സാക്ഷ്യം ഇന്നത്തെ സഭയ്ക്കും ലോകത്തിനും ഏറെ പ്രധാനപ്പെട്ടതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജൂലൈ 22 ബുധനാഴ്‌ച രാവിലെ, വാല്ലെപിയെത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ പേരിലുള്ള തീർത്ഥാടനകേന്ദ്രം സന്ദർശിച്ച ശേഷം, സുബിയാക്കോയിലെ വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമം സന്ദർശിച്ച അവസരത്തിൽ, അവിടെ സന്ദർശകർക്കായുള്ള ഡയറിയിലാണ് ഇത്തരമൊരു അഭിപ്രായം പരിശുദ്ധ പിതാവ് രേഖപ്പെടുത്തിയത്. അതേസമയം, പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിൽ ആശ്രമത്തിന്റെ ആബട്ട് ഫാ. മൗറോ മെയാച്ചി നന്ദിയും സന്തോഷവും രേഖപ്പെടുത്തി.
സുബിയാക്കോയിലെ വിശുദ്ധ ബെനഡിക്ടിന്റെയും വിശുദ്ധ സ്കൊളാസ്റ്റിക്കയുടെയും ആശ്രമങ്ങൾ സന്ദർശിച്ച വേളയിൽ, ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. വിശുദ്ധ സ്കൊളാസ്റ്റിക്കയുടെ പേരിലുള്ള ആശ്രമത്തിൽ സന്ന്യാസസമൂഹത്തിനൊപ്പം പ്രാർത്ഥിക്കുകയും അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തശേഷമാണ്, വേനൽക്കാല അവധിയുടെ ഭാഗമായി ജൂലൈ മാസത്തിൽ താമസിക്കുന്ന കസ്തേൽ ഗന്തോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് മടങ്ങിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
വിശുദ്ധ ബെനഡിക്ടിന്റെ പേരിലുള്ള ആശ്രമത്തിലെത്തിയ പരിശുദ്ധ പിതാവ്, ആയിരത്തിഇരുന്നൂറുകളിലേതെന്ന് കരുതപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ചുവർചിത്രത്തിന് മുന്നിൽ നിശബ്ദ ധ്യാനത്തിൽ മുഴുകി. തുടർന്ന്, വിശുദ്ധന്റെ പ്രതിമയ്ക്ക് മുന്നിലെത്തിയ പാപ്പാ, അതിൽ ചുംബിക്കുകയും സന്ന്യസ്തസഹോദരങ്ങൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
പിന്നീട് വിശുദ്ധ സ്‌കോളാസ്റ്റിക്കയുടെ പേരിലുള്ള ആശ്രമത്തിലെത്തിയ പാപ്പാ, ആശ്രമം സന്ദർശിക്കുകയും, തുടർന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം, വൈകുന്നേരം നാലുമണിയോടെ കസ്തേൽ ഗന്തോൾഫോയിലേക്ക് മടങ്ങുകയും ചെയ്തു.
തികഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയുമാണ് തങ്ങൾ പരിശുദ്ധ പിതാവിനെ സ്വീകരിച്ചതെന്ന് സുബിയാക്കോ ആശ്രമത്തിന്റെ ആബട്ട് ഫാ. മൗറോ മെയാച്ചി അറിയിച്ചു. സഭയും ബെനെഡിക്റ്റൻ പാരമ്പര്യവും തമ്മിലുള്ള ബന്ധം പുതുക്കുന്നതായിരുന്നു, വിശുദ്ധ ബെനഡിക്ട് തന്റെ അദ്ധ്യാത്മികയാത്ര സമാരംഭിച്ച ഈ ഇടത്തേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദർശനമെന്നും, പ്രാർത്ഥനയ്ക്കും, ദൈവവചനശ്രവണത്തിനും സമാധാനന്വേഷണത്തിനുമുള്ള പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു പാപ്പായുടെ സാന്നിദ്ധ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബെനെഡിക്റ്റൻ സന്ന്യാസികളുടെ സാക്ഷ്യത്തിന്റെ പ്രാധാന്യം ആശ്രമത്തിലെ പ്രമുഖ സന്ദർശകർക്കായുള്ള പുസ്തകത്തിൽ എഴുതിയ പരിശുദ്ധ പിതാവ്, സഭയ്ക്കും ലോക സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ഏവർക്കും തന്റെ ആശീർവാദം നേരുകയും ചെയ്തു. കർത്താവിന്റെ തിരുവുത്ഥാനത്തിന്റെ പ്രഥമ പ്രഘോഷകയായി മാറിയ വിശുദ്ധ മരിയ മഗ്ദലേനയുടെ തിരുനാൾ ദിനത്തിൽ ഈ വിശുദ്ധമായ ഇടം സന്ദർശിക്കാൻ സാധിച്ചതിൽ താൻ ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ഡയറിയിൽ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
