വാല്ലെപിയെത്രയിലെ പരിശുദ്ധ ത്രിത്വത്തിന്റെ പേരിലുള്ള തീർത്ഥാടനകേന്ദ്രത്തിലെത്തി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ ത്രിത്വത്തിന്റെ പേരിൽ, വാല്ലെപിയെത്രയിലുള്ള തീർത്ഥാടനകേന്ദ്രത്തിലെത്തി പ്രാർത്ഥിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. വേനലവധിക്കാലമായതിനാൽ കസ്തേൽ ഗന്തോൾഫോയിലായിരിക്കുന്ന പാപ്പാ, ജൂലൈ 22 ബുധനാഴ്‌ച രാവിലെ പത്തുമണിയോടെയാണ്, വത്തിക്കാനിൽനിന്ന് നൂറോളം കിലോമീറ്ററുകൾ അകലെയുള്ള ഈ തീർത്ഥാടനകേന്ദ്രത്തിലെത്തിയത്. റോമിന് കിഴക്ക്, ലാത്സിയോ, അബ്രുത്സോ പ്രദേശങ്ങളുടെ അതിർത്തിക്കരികിലാണ് 1.337 മീറ്റർ ഉയരത്തിലുള്ള ഈ തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
പരിശുദ്ധ ത്രിത്വത്തിന് മുന്നിൽ പ്രാർത്ഥന
കാറിൽ തീർത്ഥാടനകേന്ദ്രത്തിലെത്തിയ പാപ്പാ, അവിടെയുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ചിത്രത്തിന് മുന്നിലെത്തി പ്രാർത്ഥിക്കുകയും, തീർത്ഥാടനകേന്ദ്രത്തിലുണ്ടായിരുന്ന ആളുകളെ അഭിവാദ്യം ചെയ്യുകയും അവർക്ക് ആശീർവാദം നൽകുകയും ചെയ്തുവെന്ന് തീർത്ഥാടനകേന്ദ്രം റെക്ടർ മോൺസിഞ്ഞോർ അൽബേർത്തോ പോൺസി അറിയിച്ചു. തുടർന്ന് അവിടെയുള്ള ആശ്രമം സന്ദർശിച്ച പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുള്ള ദേവാലയത്തിലെത്തുകയും, അവിടെയുള്ള വിശുദ്ധന്റെ തിരുശേഷിപ്പ് കാണുകയും ചെയ്തു.
തന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പാപ്പാ, ഒരു കാസ തീർത്ഥാടനകേന്ദ്രത്തിലേക്ക് നൽകിയെന്നും, അവിടെയുണ്ടായിരുന്ന ആളുകൾക്ക് ജപമാലകൾ സമ്മാനിച്ചുവെന്നും മോൺസിഞ്ഞോർ പോൺസി അറിയിച്ചു.
അപ്രതീക്ഷിതസന്ദർശനം
വാല്ലെപിയെത്രയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ ഈ അസാധാരണസന്ദർശനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് മോൺസിഞ്ഞോർ പോൺസി പ്രസ്താവിച്ചു. 2000 ഒക്ടോബർ 3-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ഇതുപോലെ ഈ തീർത്ഥാടനകേന്ദ്രത്തിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തിയിരുന്നുവെന്ന്, അന്നും തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടറായിരുന്ന അദ്ദേഹം അനുസ്മരിച്ചു.
സുബിയാക്കോയിലേക്ക്
വാല്ലെപിയെത്രയിയിലെ സന്ദർശനത്തിന് ശേഷം പരിശുദ്ധ പിതാവ് അവിടെനിന്ന് മുപ്പത്തിയഞ്ചു കിലോമീറ്ററുകളോളം അകലെയുള്ള സുബിയാക്കോയിലെ ബെനഡിക്ടറ്റൻ ആശ്രമം സന്ദർശിക്കാനായി യാത്രയായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
