തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ലിയോ പതിനാലാമൻ പാപ്പായുടെ ഓഗസ്റ്റ് മാസത്തിലെ കാര്യപരിപാടികൾ

ഓഗസ്റ്റ് മാസത്തേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ യാത്രാപരിപാടികളും കൂടിക്കാഴ്ചകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ പ്രെസ് ഓഫീസ്. ഓഗസ്റ്റ് 6-ന് അസ്സീസി, ഓഗസ്റ്റ് 15-നും 29-നും കസ്തേൽ ഗന്തോൾഫോയിലെ രണ്ടു വ്യത്യസ്ത ഇടവകകൾ, ഓഗസ്റ്റ് 22-ന് റിമിനി എന്നിവിടങ്ങൾ പരിശുദ്ധ പിതാവ് സന്ദർശിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ ഓഗസ്റ്റ് മാസത്തിൽ അസ്സീസിയും കസ്തേൽ ഗന്തോൾഫോയിലെ രണ്ട് ഇടവകകളും റിമിനിയും സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

അസ്സീസിയിലെ യുവജനസമ്മേളനം

ഓഗസ്റ്റ് മാസത്തിൽ പരിശുദ്ധ പിതാവ് നടത്തുന്ന പൊതുപരിപാടികളിൽ പ്രധാനപ്പെട്ട ഒന്ന് അസ്സീസ്സിയിലേക്കുള്ള യാത്രയായിരിക്കും. ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ, “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” (Go! Franciscan Youth Meeting 2026) എന്ന പേരിലുള്ള യുവജനസമ്മേളനത്തിൽ സംബന്ധിക്കാനായാണ് പാപ്പാ അസ്സീസിയിലെത്തുക. ഓഗസ്റ്റ് ആറാം തീയതി രാവിലെ അസ്സീസ്സിയിലേക്ക് ഹെലികോപ്റ്ററിൽ എത്തുന്ന ലിയോ പതിനാലാമൻ പാപ്പാ, സാന്താ മരിയ ദെല്ലി ആഞ്ചെലി ബസലിക്കയിൽ യുവജനങ്ങൾക്കൊപ്പം കൂടിക്കാഴ്ചയും വിശുദ്ധ ബലിയർപ്പണവും നടത്തിയ ശേഷമാകും വത്തിക്കാനിലേക്ക് മടങ്ങുക.

കസ്തേൽ ഗന്തോൾഫോയിലെ സെന്റ് തോമസ് ഇടവക സന്ദർശനം

അസ്സീസി യാത്രയ്ക്ക് ശേഷം ഓഗസ്റ്റിൽ പരിശുദ്ധ പിതാവ്, നടത്തുന്ന രണ്ടാമത് പ്രധാന സന്ദർശനം കസ്തേൽ ഗന്തോൾഫോയിലെ സെന്റ് തോമസ് ഇടവകയിലേക്ക് (San Tommaso da Villanova) നടത്തുന്നതായിരിക്കുമെന്ന്, പരിശുദ്ധ പിതാവിന്റെ ആരാധനക്രമ ആഘോഷങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ ഈ പൊന്തിഫിക്കൽ ഇടവക ദേവാലയത്തിലെത്തുന്ന പാപ്പാ, 10 മണിക്ക് വിശ്വാസിസമൂഹത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കും.

റിമിനി സന്ദർശനം

ഓഗസ്റ്റ് മാസത്തിൽ പരിശുദ്ധ പിതാവിന്റെ മറ്റൊരു പ്രധാന പരിപാടി, മധ്യ ഇറ്റലിയിലുള്ള റിമിനിയിലേക്ക് നടത്തുന്ന യാത്രയാണ്. അവിടെ "ജനതകൾക്കിടയിലുള്ള സൗഹൃദം" എന്ന പേരിലുള്ള യോഗത്തിന്റെ നാൽപ്പത്തിയേഴാമത്‌ സമ്മേളനത്തിൽ പങ്കെടുക്കാനായി ഓഗസ്റ്റ് 22 ശനിയാഴ്ച റിമിനിയിലെത്തുന്ന പാപ്പാ വൈകുന്നേരം ആറരയ്ക്ക് അവിടെയുള്ള തുറമുഖത്ത് ദിവ്യബലിയർപ്പിക്കും.

കസ്തേൽ ഗന്തോൾഫോയിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള ദേവാലയം സന്ദർശനം

ഓഗസ്റ്റ് മാസത്തിൽ ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന അവസാനത്തെ പ്രധാന പരിപാടികളിലൊന്ന്, തന്റെ വേനൽക്കാലവസതി നിലനിൽക്കുന്ന കസ്തേൽ ഗന്തോൾഫോയിൽ "തടാകത്തിന്റെ മാതാവ്" (Maria Santissima del lago) എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ പേരിലുള്ള ദേവാലയത്തിലേക്ക് ഓഗസ്റ്റ് 29 ശനിയാഴ്ച നടത്തുന്ന സന്ദർശനമായിരിക്കും. അന്നേ ദിവസം വൈകുന്നേരം അവിടെ വിശുദ്ധ ബലിയർപ്പിക്കുന്ന പാപ്പാ, തുടർന്ന് ആറുമണിക്ക് നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുമെന്നും പരിശുദ്ധ പിതാവിന്റെ ആരാധനക്രമ ആഘോഷങ്ങൾക്കായുള്ള ഓഫീസ് വ്യക്തമാക്കി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ജൂലൈ 2026, 13:51