തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സാങ്കേതികവിദ്യകൾ സത്യത്തിന്റെയും നന്മയുടെയും സേവനത്തിനുപകരിക്കണം: ലിയോ പതിനാലാമൻ പാപ്പാ

ചിലിയിലെ സാന്തിയാഗോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിൽ സഭയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ടു നടന്ന ഏഴാമത് അന്താരാഷ്ട്ര സെമിനാറിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. നിർമ്മിത ബുദ്ധിയുടെ വെല്ലുവിളികളെ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും നേരിടണമെന്നും; മനുഷ്യാന്തസ്സ് സംരക്ഷിക്കുന്ന വിധത്തിൽ വേണം ആശയവിനിമയം നടക്കേണ്ടതെന്നും കർദ്ദിനാൾ പരൊളീൻ ഒപ്പിട്ട ഈ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനം ചെയ്തു.

ജ്യോവന്നി ത്സവത്ത, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ചിലിയിലെ സാന്തിയാഗോയിലുള്ള പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിൽ സഭയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട് ജൂലൈ 27, 28 തീയതികളിലായി നടന്ന ഏഴാമത് അന്താരാഷ്ട്ര സെമിനാറിലേക്ക് സാങ്കേതികവിദ്യയുടെ നൈതിക ഉപയോഗത്തെ പ്രതിപാദിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരൊളീന്റെ ഒപ്പോടുകൂടി അയച്ച ഈ സന്ദേശത്തിൽ, സാങ്കേതിക പുരോഗതി മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതിനും സത്യത്തിന്റെയും നന്മയുടെയും സേവനത്തിനും ഉപകരിക്കുന്ന വിധത്തിൽ വിനിയോഗിക്കപ്പെടണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

"നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ തെക്കേ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും ആശയവിനിമയ വിദഗ്ധർ, അജപാലന പ്രവർത്തകർ, അക്കാദമിക വിദഗ്ധർ, സഭാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലിയോ പതിനാലാമൻ പാപ്പായുടെ "മഞ്ഞീഫിക്ക ഉമാനിത്താസ്" (Magnifica Humanitas) എന്ന ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തിൽ നിർമ്മിത ബുദ്ധിയുടെ നൈതികവും, സാംസ്കാരികവും, മതപരവുമായ വെല്ലുവിളികളാണ് സമ്മേളനം ചർച്ച ചെയ്തത്.

ഈ സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചിന്തകളെ പരിശുദ്ധാത്മാവ് പ്രകാശിപ്പിക്കട്ടെയെന്നും നിർമ്മിതബുദ്ധിയുടെ വെല്ലുവിളികളെ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും നേരിടാൻ ദൈവം സഹായിക്കട്ടെയെന്നും തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് എഴുതി. സഭയുടെ ആശയവിനിമയം മനുഷ്യരെ പരസ്പരം അടുപ്പിക്കുന്നതിനും സുവിശേഷം ഫലപ്രദമായി പ്രഖ്യാപിക്കുന്നതിനും സഹായകരമാകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സെമിനാർ ഉദ്ഘടനം ചെയ്ത സാന്തിയാഗോ അതിരൂപതാധ്യക്ഷൻ കർദിനാൾ ഫെർണാണ്ടോ നതാലിയോ ചോമാലി ഗാരിബ് (Card. Fernando Natalio Chomalí Garib) സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. സത്യം, നന്മ, സൗന്ദര്യം, ഉപയുക്തത എന്നീ നാല് അടിസ്ഥാന മൂല്യങ്ങൾ ആശയവിനിമയത്തിന്റെ അടിത്തറയാകണമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പിതാവിന്റെ "മഞ്ഞീഫിക്ക ഉമാനിത്താസ്" സാങ്കേതികവിദ്യയെക്കുറിച്ചുള്ള രേഖ മാത്രമല്ല, മനുഷ്യന്റെ അന്തസ്സിനെയും സത്യത്തെയും കേന്ദ്രീകരിച്ചുള്ള ഒരു പ്രബോധനം കൂടിയാണെന്നും കർദിനാൾ ഗാരിബ് ചൂണ്ടിക്കാട്ടി.

നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട സഭയുടെ ആശങ്കകളെക്കുറിച്ച് ചിലിയിലെ പൊന്തിഫിക്കൽ കത്തോലിക്ക സർവകലാശാലയുടെ റെക്ടർ ഹുവാൻ കാർലോസ് ദെ ല യ്യേറയും (Juan Carlos de la Llera) ചിലി മെത്രാൻ സമിതി അധ്യക്ഷൻ മോൺസിഞ്ഞോർ റെനെ ഒസ്വാൾദോ റെബൊയ്യേദോ സലീനാസും (Msgr. René Osvaldo Rebolledo Salinas) സമ്മേളനത്തിൽ സംസാരിച്ചു. ശാസ്ത്രീയവും സാങ്കേതികവുമായ എല്ലാ പുരോഗതികളുടെയും അടിസ്ഥാന തത്വവും ലക്ഷ്യവും മനുഷ്യന്റെ ലംഘിക്കാനാവാത്ത അന്തസ്സായിരിക്കണമെന്ന് മോൺസിഞ്ഞോർ സലീനാസ് ഓർമ്മിപ്പിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ജൂലൈ 2026, 14:14