തിരയുക

ലിയോ പതിനാലാമൻ പാപ്പാ മോന്തേകസീനോ സന്ദർശിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ മോന്തേകസീനോ സന്ദർശിച്ചപ്പോൾ  (ANSA)

സമാധാനത്തിനായുള്ള പ്രാർത്ഥനയോടെ ലിയോ പതിനാലാമൻ പാപ്പാ മോന്തേകസീനോ ആശ്രമത്തിൽ

വേനൽക്കാല അവധിയുടെ ഭാഗമായി റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള അപ്പസ്തോലിക വസതിയിലായിരിക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ 20 തിങ്കളാഴ്ച, വിശുദ്ധ ബെനെഡിക്റ്റിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന മോന്തേകസീനോയിലുള്ള ആശ്രമത്തിൽ വിശുദ്ധന്റെ കല്ലറയ്ക്കരികിലെത്തി രക്തരൂക്ഷിത സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ സമാധാനം ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

വത്തിക്കാൻ ന്യൂസ്

രക്തരൂക്ഷിതസംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കാൻ, വിശുദ്ധ ബെനെഡിക്റ്റിന്റെ കല്ലറയ്ക്കരികിലെത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂലൈ 20 തിങ്കളാഴ്ച രാവിലെ മോന്തേകസീനോയിലുള്ള ബെനെഡിക്റ്റൻ ആശ്രമത്തിൽ പരിശുദ്ധ പിതാവ് എത്തിയതായി, ഇതേദിവസം ഉച്ചകഴിഞ്ഞ് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

വേനൽക്കാല അവധിയുടെ ഭാഗമായി റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള അപ്പസ്തോലിക വസതിയിലായിരിക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധന്റെ കല്ലറയ്ക്കരികിൽ പ്രാർത്ഥിച്ച ശേഷം, അവിടെയുള്ള ബെനെഡിക്റ്റൻ ആശ്രമത്തിലെ സന്യാസ സമൂഹത്തിനൊപ്പം സമയം ചിലവഴിക്കുകയും ഉച്ചഭക്ഷണം കഴിച്ചശേഷം തിരികെ കാസ്തെൽ ഗന്തോൾഫോയിലേക്ക് മടങ്ങുകയും ചെയ്തു. ജൂലൈ 27 വരെ പാപ്പാ കാസ്തെൽ ഗന്തോൾഫോയിൽ തുടരുമെന്ന് വത്തിക്കാൻ മുൻപ് അറിയിച്ചിരുന്നു.

റോമിൽനിന്ന് ഏകദേശം രണ്ടുമണിക്കൂർ യാത്രാദൂരമുള്ള മോന്തേകസീനോ ആശ്രമം, വിശുദ്ധ ബെനഡിക്ട് സ്ഥാപിച്ച ആദ്യ ബെനെഡിക്റ്റൻ സന്ന്യാസ ആശ്രമമാണ്. 529-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1944 ഫെബ്രുവരി 15-ന് നടന്ന മോന്തേകസീനോ യുദ്ധത്തിനിടെ ജർമൻ സൈന്യം ഈ ആശ്രമം തങ്ങളുടെ താവളമാക്കിയെന്ന തെറ്റിദ്ധാരണ പടർന്നതിനെത്തുടർന്ന് സഖ്യസേന നടത്തിയ ആക്രമണത്തിൽ ആശ്രമസമുച്ചയം ഏതാണ്ട് പൂർണമായും തകർന്നിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റാലിയൻ സർക്കാരിന്റെ ധനസഹായത്തോടെ ഇത് പുനർനിർമിക്കപ്പെടുകയും 1964-ൽ പോപ്പ് പോൾ ആറാമൻ വീണ്ടും ആശീർവദിക്കുകയും ചെയ്തിരുന്നു. തദവസരത്തിൽ, യൂറോപ്പിന്റെ പ്രധാന മദ്ധ്യസ്ഥനായ വിശുദ്ധ ബെനെഡിക്റ്റിനെ "പാച്ചിസ് നൂൺസിയൂസ്" ആയി പാപ്പാ വിശേഷിപ്പിച്ചിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നീ പാപ്പാമാരും ഇവിടം സന്ദർശിച്ചിട്ടുണ്ട്.

വളരെ ചെറിയ ഒരു ബെനഡിക്ടിൻ സന്യാസ സമൂഹമാണ് ഇവിടെയുള്ളത്. അതേസമയം വർഷം മുഴുവനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരും സന്ദർശകരും ആശ്രമം സന്ദർശിക്കാനെത്താറുണ്ട്.

ആശ്രമത്തിനടുത്ത് രണ്ട് വലിയ സെമിത്തേരികളും സ്ഥിതി ചെയ്യുന്നുണ്ട്. കോമൺവെൽത്തിന്റെ ഭാഗമായിരുന്ന നാലായിരത്തോളം സൈനികരുടെയും, തിരിച്ചറിയാത്ത 289 പേരുടെയും കല്ലറകളാണ് ഇതിൽ ഒന്നിലുള്ളത്. മറ്റൊന്ന്, മോന്തേകസീനോ ആക്രമിച്ച് പിടിച്ചെടുക്കുന്നതിനിടെ കൊല്ലപ്പെട്ട പോളണ്ടിൽനിന്നുള്ള 1.072 സൈനികരുടെ ശവകുടീരങ്ങളാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ട ഈ പ്രദേശത്തുവച്ച് പത്തോളം ദിവസങ്ങൾക്ക് മുൻപ്, 2026-ലെ “പാച്ചിസ് നൂൺസിയൂസ്” അവാർഡ്, ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബത്തിസ്ത പിത്സബാല്ലയ്ക്ക് നല്കപ്പെട്ടിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

21 ജൂലൈ 2026, 13:19