തിരയുക

ലിയോ പതിനാലാമൻ പാപ്പായും അന്ത്രെയാ ബൊച്ചെല്ലിയും ലിയോ പതിനാലാമൻ പാപ്പായും അന്ത്രെയാ ബൊച്ചെല്ലിയും  (ANSA)

സംഗീതം നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

അന്ത്രെയാ ബൊച്ചെല്ലിയും, ഉഗാണ്ട, വിശുദ്ധ നാട്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ബാലഗായകസംഘങ്ങളും ഉൾപ്പെടെയുള്ള കലാകാരന്മാർ അണിനിരന്ന "സമാധാനത്തിന്റെ ഗീതം" എന്ന പേരിലുള്ള സംഗീതക്കച്ചേരിയുടെ അവസരത്തിൽ, ശ്രോതാക്കളെ ദൈവികമായ ചിന്തകളിലേക്കും ദൈവത്തിലേക്കും നയിക്കാനുള്ള സംഗീതത്തിന്റെ ശക്തിയെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. ജൂലൈ 29 ബുധനാഴ്ച വൈകുന്നേരം, അന്ത്രെയാ ബൊച്ചെല്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കസ്തേൽ ഗന്തോൾഫോയിലായിരുന്നു ഈ ഗാനമേള.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വ്യത്യസ്തങ്ങളായ സ്വരങ്ങളെ ഒരുമിപ്പിച്ച് ഐക്യം കൊണ്ടുവരാൻ സംഗീതത്തിനാകുമെന്നും, ഈയൊരർത്ഥത്തിൽ, ഐക്യത്തിന്റെയും സഹകരണത്തിന്റെയും അടയാളമായി സംഗീതം മാറുന്നുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ. ജൂലൈ 29 ബുധനാഴ്ച വൈകുന്നേരം, അന്ത്രെയാ ബൊച്ചെല്ലി ഫൗണ്ടേഷന്റെ (Andrea Bocelli Foundation) ആഭിമുഖ്യത്തിൽ "സമാധാനത്തിന്റെ ഗീതം" (canticle of peace) എന്ന പേരിൽ കസ്തേൽ ഗന്തോൾഫോയിൽ സംഘടിപ്പിക്കപ്പെട്ട സംഗീതസായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

സ്വർഗ്ഗത്തിന്റെ സന്തോഷത്തെക്കുറിച്ച് വിവരിക്കുമ്പോൾ മാലാഖാമാരുടെയും വിശുദ്ധരുടെയും ഗായകസംഘത്തെക്കുറിച്ച് തിരുവചനം പരമർശിക്കുന്നത് പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ, അവർ ഒരുമിച്ച് ദൈവത്തെ ധ്യാനിക്കുകയും, അവനിൽ ആനന്ദത്തിന്റെ പൂർണ്ണത കണ്ടെത്തുകയും ചെയ്യുന്നതിനാലാണ് വചനം ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു. നമുക്ക് ഒറ്റയ്ക്ക് നേടിയെടുക്കാൻ കഴിയാത്ത ഒരു പുതിയ അനുഭവത്തിലേക്കാണ് സംഗീതം നമ്മെ നയിച്ചതെന്ന് അനുസ്മരിച്ച പാപ്പാ, ഇത് പുതിയ ചക്രവാളങ്ങളിലേക്ക് നമ്മെ നയിക്കുന്ന സൗന്ദര്യത്തിന്റെ അനുഭവമാണെന്ന് അഭിപ്രായപ്പെട്ടു.

ചക്രവാളങ്ങളിലേക്ക് നടക്കുമ്പോൾ നാം ദൈവത്തെയാണ് കണ്ടുമുട്ടുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, അരുവി ഉറവയിലേക്കെന്നപോലെ സംഗീതത്തിന്റെ സൗന്ദര്യത്തിന് നമ്മെ ദൈവത്തിലേക്ക് നയിക്കാനുള്ള കഴിവുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ദൈവം തന്ന കഴിവുകൾ വളർത്താനും, അവയാൽ ദൈവത്തിലേക്ക് നയിക്കപ്പെടാനും തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും പരിശുദ്ധ പിതാവ് ഗായകരോട് ആവശ്യപ്പെട്ടു.

ജീവിതത്തിൽ മനുഷ്യൻ അന്വേഷിക്കുന്ന യഥാർത്ഥ സമാധാനം നൽകാൻ കഴിയുന്നത് ദൈവത്തിന് മാത്രമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മഹത്തായ ലക്ഷ്യങ്ങൾക്കായാണ് ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ലോകത്തിലെ നേട്ടങ്ങൾ ജീവിതത്തിന്റെ അർത്ഥത്തിനും ആനന്ദത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം ശമിപ്പിക്കില്ലെന്നും പ്രസ്താവിച്ചു.

ഉഗാണ്ട, വിശുദ്ധനാട്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ബാലഗായകസംഘങ്ങളെ ഉൾച്ചേർത്തുകൊണ്ട് അന്ത്രെയാ ബൊച്ചെല്ലി ഫൗണ്ടേഷൻ കസ്തേൽ ഗന്തോൾഫോയിൽ ഒരുക്കിയ ഈ സംഗീതക്കച്ചേരിയിൽ അന്ത്രെയാ ബൊച്ചെല്ലിയും പങ്കെടുത്തിരുന്നു. ഗായകസംഘത്തിലുണ്ടായിരുന്നവരോട്, തന്റെ സ്നേഹം അറിയിച്ച പാപ്പാ, അവർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. അക്രമങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മനുഷ്യരുള്ള ഇടങ്ങളിലും, നിങ്ങളുടെ കുടുംബങ്ങളിലും സമാധാനമുണ്ടാകട്ടെയെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന യുവാക്കൾക്കായി അന്ത്രെയാ ബൊച്ചെല്ലി ഫൗണ്ടേഷൻ ചെയ്യുന്ന സേവനങ്ങളെ പരിശുദ്ധ പിതാവ് പ്രത്യേകം അഭിനന്ദിക്കുകയും  മനുഷ്യന്റെ സമഗ്രവികസനത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സഭയുടെ ശ്രമങ്ങൾക്ക് സംഗീതത്തിന്റെ ശക്തിയിലൂടെ നിങ്ങൾ സംഭാവന നൽകുന്നുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു.

ഏവരെയും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിച്ച പാപ്പാ ഏവർക്കും തന്റെ ആശീർവാദം നൽകികൊണ്ടാണ് പ്രഭാഷണം അവസാനിപ്പിച്ചത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂലൈ 2026, 14:06