തിരയുക

വിശുദ്ധ ഫ്രാൻസിസ് അസ്സീസി വിശുദ്ധ ഫ്രാൻസിസ് അസ്സീസി 

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ ഏഷ്യയിൽ സുവിശേഷമറിയിക്കുക: ഇന്ത്യയിൽ പ്രഥമ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം

ഏഷ്യയിലെ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്വാധീനം സംബന്ധിച്ച്, ചെന്നൈയിൽ പ്രഥമ മിഷനറി സിമ്പോസിയം നടക്കുമെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 1,2 തീയതികളിലായി നടക്കുന്ന ഈ സമ്മേളനത്തിൽ വിവിധ ഏഷ്യൻ പ്രാദേശികസഭകളിൽനിന്നുള്ള പ്രതിനിധികളും, ഫ്രാൻസിസ്കൻ സഭാപ്രതിനിധികളും പങ്കെടുക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികം പ്രമാണിച്ച്, ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഏഷ്യയിൽ എപ്രകാരം വിശുദ്ധ ഫ്രാൻസിസിന്റെ മാതൃകയിൽ സുവിശേഷമറിയിക്കാം എന്ന ചിന്ത മുന്നോട്ട് വച്ച് ആദ്യ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയത്തിനൊരുങ്ങി ഇന്ത്യൻ കത്തോലിക്കാസഭ. ഓഗസ്റ്റ് 1,2 തീയതികളിലായി നടക്കുന്ന ഈ സമ്മേളനം, വിശുദ്ധ തോമാശ്ലീഹായുടെ കല്ലറയോട് ചേർന്ന് പണിയപ്പെട്ട സെന്റ് തോമസ് ബസലിക്കയിലായിരിക്കും നടക്കുകയെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ വെളിച്ചത്തിൽ, ഏഷ്യയിലെ സുവിശേഷ ദൗത്യത്തിന്റെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്നതായിരിക്കും ഈ സിമ്പോസിയം. ക്രിസ്തുവർഷം 52-ൽ ഇന്ത്യയിലെത്തി രക്തസാക്ഷിയായായ അപ്പസ്തോലന്റെ കല്ലറയാണ് ഏഷ്യയിലെ സുവിശേഷപ്രഘോഷണത്തെക്കുറിച്ച് വിചിന്തനം ചെയ്യാൻ ഉചിതമായ ഇടമെന്ന ബോധ്യത്തിലാണ് ഇത്തരമൊരു ഇടം തിരഞ്ഞടുക്കപ്പെട്ടതെന്ന് ഫീദെസ് ഏജൻസി എഴുതി.

പൊന്തിഫിക്കൽ മിഷനറി യൂണിയന്റെ (PMU) അന്താരാഷ്ട്ര സെക്രെട്ടറിയേറ്റ്, ദൈവശശാസ്ത്ര, മിഷൻ പഠനങ്ങൾക്കായുള്ള ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് (FIATS), അൻപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജനിച്ച്, ഫ്രാൻസിസ്കൻ പഠനത്തിൽ ആധികാരിക പ്രസിദ്ധീകരണമായി മാറിയ താവു (TAU), ഏഷ്യൻ ഫ്രാൻസിസ്കൻ മിഷൻ (AFM) എന്നീ യാഥാർത്ഥ്യങ്ങൾ ഒരുമിച്ചാണ് ഈ സിമ്പോസിയത്തിന് രൂപം നൽകിയത്.

2026-ലെ ലോക മിഷൻ ഞായറിലേക്കായി ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിലെ, സുവിശേഷദൗത്യത്തിന്റെ അടിസ്ഥാനം ദൈവസ്നേഹമാണെന്നുള്ള ഉദ്ബോധനവും, വിശുദ്ധ ഫ്രാൻസിസിന്റെ മാതൃകയിൽ ക്രിസ്തുവിന്റെ സ്നേഹം ലോകത്തോട് സാക്ഷ്യപ്പെടുത്താൻ പരിശുദ്ധ പിതാവ് നൽകുന്ന ക്ഷണവും ഈയൊരു ശ്രമത്തിന് പ്രേരണയായിട്ടുണ്ട്.

ഉദ്ഘാടനദിനമായ ഓഗസ്റ്റ് ഒന്നാം തീയതി, വെല്ലൂർ രൂപതാധ്യക്ഷനും ഇന്ത്യയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറുമായ ബിഷപ്പ് ആംബ്രോസ് പിച്ചൈമുത്തു (Msgr. Ambrose Pitchaimuthu), ഫ്രാൻസിസ് അസ്സീസിയുടെ മാതൃകയിൽ ഏഷ്യയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം നടത്തും. മംഗോളിയയിലെ ഊലൻബത്താർ അപ്പസ്തോലിക പ്രീഫെക്ട് കർദ്ദിനാൾ ജ്യോർജ്യോ മരെങ്കോ (Card. Giorgio Marengo) ഉൾപ്പെടെ, ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാരും മിഷൻ പ്രവർത്തകരും ഫ്രാൻസിസ്കൻ സന്ന്യാസിനീ സന്ന്യാസികളും വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ അവതരിപ്പിക്കും.

ഫ്രാൻസിസ്, ലിയോ പതിനാലാമൻ പാപ്പാമാർ, മിഷൻ ഞായറുകളിലേക്കായി നൽകിയ സന്ദേശങ്ങളെ അടിസ്ഥാനമാക്കി (2022-2026), മിഷനറി ആദ്ധ്യാത്മികത നവീകരിക്കൽ, ഏഷ്യയിലെ സുവിശേഷവത്കരണത്തിൽ ഫ്രാൻസിസ്കൻ സഹോദരിമാരുടെയും സഹോദരന്മാരുടെയും സെക്കുലർ സമൂഹങ്ങളുടെയും സംഭാവന, സമകാലിക വെല്ലുവിളികൾ, തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.

ശില്പശാലകൾ, സംവാദങ്ങൾ, സംഗീതം, ഡാൻസ്, അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവയും സിമ്പോസിയത്തിന്റെ ഭാഗമായി ഉണ്ടാകും. ആഗസ്റ്റ് 2-ന് വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന മിഷൻ തീർത്ഥാടനത്തോടെ സമ്മേളനം സമാപിക്കും. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ജൂലൈ 2026, 13:46