തിരയുക

ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി  (ANSA)

ലിയോ പതിനാലാമൻ പാപ്പാ ഡിസംബറിൽ ഇറ്റാലിയൻ വൈദികർക്ക് കൂടിക്കാഴ്ച അനുവദിക്കുമെന്ന് ഇറ്റലിയിലെ മെത്രാൻസമിതി

രണ്ടു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രാർത്ഥനയുടെയും ആത്മവിചിന്തനത്തിന്റെയും ഭാഗമായുള്ള സമ്മേളനത്തിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദികർക്ക് കൂടിക്കാഴ്ച അനുവദിക്കുമെന്ന് ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ സൂപ്പി അറിയിച്ചു. ഡിസംബർ 12-ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡിസംബർ 11-ന് ഉച്ചകഴിഞ്ഞ് പ്രാർത്ഥനാ-വിചിന്തനസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇറ്റാലിയൻ മെത്രാൻ സമിതി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ഡിസംബർ 12-ന് പരിശുദ്ധ പിതാവ് ഇറ്റലിയിൽനിന്നുള്ള വൈദികർക്ക് കൂടിക്കാഴ്ച അനുവദിക്കുമെന്ന് ഇറ്റലിയിലെ മെത്രാൻസമിതി (CEI) അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി (Card. Matteo Zuppi). ഇറ്റലിയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദികർക്കായി ഒരുക്കിയിരിക്കുന്ന ദ്വിദിന പ്രാർത്ഥനാ-വിചിന്തനസമ്മേളനത്തിന്റെ രണ്ടാം ദിനമായിരിക്കും ഈ കൂടിക്കാഴ്ച. ഇറ്റലിയിലെ രൂപതാദ്ധ്യക്ഷന്മാർക്കായി തയ്യാറാക്കിയ തന്റെ കത്തിലാണ് ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ സൂപ്പി ഇതുസംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്.

2025 ഡിസംബർ 8-ന് ലിയോ പതിനാലാമൻ പാപ്പാ നൽകിയ 'ഭാവിയെ സൃഷ്ടിക്കുന്ന വിശ്വസ്തത' (Una fedeltà che genera futuro) എന്ന അപ്പസ്തോലിക ലേഖനത്തിന്റെ ഒന്നാം പ്രസിദ്ധീകരണ വാർഷികവുമായി ബന്ധപ്പെട്ടാണ് വൈദികർക്കായുള്ള സമ്മേളനം നടക്കുക. രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രികളായ “ഒപ്താതാം തോസിയൂസ്” (Optatam totius), “പ്രെസ്ബിത്തെറോറും ഓർദിനിസ്” (Presbyterorum Ordinis) എന്നിവയുടെ അറുപതാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിശുദ്ധ പിതാവ് മേലുദ്ധരിച്ച അപ്പസ്തോലിക ലേഖനം നൽകിയത്.

വൈദികർക്കിടയിൽ കൂട്ടായ്മയും പ്രാർത്ഥനയും സഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട അവസരമായിരിക്കും ഈ സമ്മേളനമെന്ന് മെത്രാൻസമിതി അദ്ധ്യക്ഷൻ തന്റെ കത്തിൽ ഓർമ്മിപ്പിച്ചു. അതോടൊപ്പം, ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും സഭയുടെയും വിശ്വാസികളുടെയും സേവനത്തിനുള്ള സന്നദ്ധതയും പുതുക്കാൻ ഈ അവസരം സഹായിക്കുമെന്നും അദ്ദേഹം എഴുതി.

വിശ്വസ്തത എന്നത് മാറ്റമില്ലാത്ത അവസ്ഥയോ യാന്ത്രികമായ ആവർത്തനമോ അല്ലെന്നും, മറിച്ച് ദൈവകൃപ സ്വീകരിച്ചുകൊണ്ടുള്ള ദൈനംദിന മാനസാന്തരത്തിന്റെ യാത്രയാണെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നുണ്ടെന്ന് കർദിനാൾ സുപ്പി ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാൻ കൗൺസിലിലെ രേഖകൾ ഇന്നും പ്രസക്തമാണെന്നും, ക്രിസ്തുവും സഭയും മെത്രാന്മാരും വൈദിക സമൂഹങ്ങളും തമ്മിലുള്ള സജീവമായ ഐക്യം നിലനിർത്തിക്കൊണ്ട് ദൈവജനത്തെ ശുശ്രൂഷിക്കാനാണ് അവ മാർഗനിർദേശം നൽകുന്നതെന്നും മെത്രാൻസമിതി അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.

ഇന്നത്തെ വൈദികർ ഏകാന്തതയും നിരുത്സാഹവും വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വങ്ങളുടെ ഭാരവും പേറുന്നവരാണെന്നും, എന്നാൽ അതേസമയം, വചനപ്രഘോഷണത്തിലൂടെയും വിശുദ്ധ ബലിയർപ്പണങ്ങളിലൂടെയും വ്യക്തികളെയും സമൂഹങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും വിശ്വസ്തമായ രീതിയിൽ അവർ സേവനം ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ സൂപ്പി അനുസ്മരിച്ചു. ജീവിതത്തിലെ വെല്ലുവിളികളല്ല വിജയിക്കേണ്ടതെന്നും, ഒരുമിച്ചുള്ള പ്രാർത്ഥനയും പരസ്പരമുള്ള പിന്തുണയും വഴി വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെട്ടും മിഷനറി നിയോഗത്തിൽ ധൈര്യം സ്വീകരിച്ചും ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂലൈ 2026, 14:01