തിരയുക

ജർമ്മൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ അസോസിയേഷനുകൾക്കനുവദിച്ച കൂടിക്കാഴ്ചയ്ക്കായി പാപ്പാ എത്തിയപ്പോൾ ജർമ്മൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ അസോസിയേഷനുകൾക്കനുവദിച്ച കൂടിക്കാഴ്ചയ്ക്കായി പാപ്പാ എത്തിയപ്പോൾ  (@VATICAN MEDIA)

ദൈവകേന്ദ്രീകൃതമായ ജീവിതം നയിക്കാൻ സമൂഹത്തെ സഹായിക്കുക: ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം

മാനവികത പ്രോത്സാഹിപ്പിക്കാനും, ദൈവകേന്ദ്രീകൃതമായി ജീവിക്കാൻ പൊതുസമൂഹത്തെ സഹായിക്കാനും ജർമ്മൻ കത്തോലിക്കാ വിദ്യാർത്ഥികളോട് ലിയോ പതിനാലാമൻ പാപ്പാ. ജർമ്മൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ അസോസിയേഷനുകൾക്ക് ജൂൺ 5 വെള്ളിയാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാ മൂല്യങ്ങളിൽ അധിഷ്ഠിതമായ സുവിശേഷസാക്ഷ്യത്തിനും, സമൂഹത്തെ ദൈവകേന്ദ്രീകൃതമായി ജീവിക്കാൻ സഹായിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിനും തയ്യാറാകാൻ ജർമ്മൻ കത്തോലിക്കാവിദ്യാർത്ഥികളുടെ അസോസിയേഷനുകളോട് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ. അസോസിയേഷൻ അംഗങ്ങൾക്ക് ജൂൺ 5 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച്ച അനുവദിച്ച് സംസാരിച്ച അവസരത്തിൽ, സ്വാർത്ഥപരമായ ലക്ഷ്യങ്ങളെക്കാൾ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യവും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

അസോസിയേഷന് പ്രധാനപ്പെട്ട മതാത്മകത, ശാസ്ത്രം, സൗഹൃദം, ദേശം എന്നീ നാല് വിഷയങ്ങളുമായി ബന്ധപ്പെട്ട് തന്റെ പ്രഭാഷണം ആരംഭിച്ച പാപ്പാ, അടിയുറച്ച വിശ്വാസത്തോടെയുള്ള കത്തോലിക്കാവ്യക്തിത്വത്തിന്റെ പ്രാധാന്യം പ്രത്യേകം പരാമർശിച്ചു. ദൈവസൃഷ്ടിയായ മനുഷ്യനെക്കുറിച്ച് പരാമർശിച്ച പാപ്പാ, വ്യക്തികളുടെ സാംസ്‌കാരികവും, സാമൂഹികവുമായ പ്രാധാന്യം എടുത്തുപറഞ്ഞു. സാങ്കേതികതയ്ക്ക് മുന്നിലും മാനവികതയ്ക്കുള്ള പ്രാധാന്യം മറക്കരുതെന്നും, മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറാനുള്ളതാണ് നമ്മുടെ വിളിയെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ പ്രഭാഷണം.

പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ കത്തോലിക്കാ മൂല്യങ്ങളുടെ പ്രാധാന്യത്തിലേക്കും പരിശുദ്ധപിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. കാലത്തിന്റെ പ്രവണതകൾക്കും വ്യക്തിപരമായ താത്പര്യങ്ങൾക്കും നൽകുന്ന പ്രാധാന്യത്തെക്കാൾ സഭയുടെ പൊതുപരമ്പര്യത്തിന് നൽകേണ്ട മുൻഗണനയും പാപ്പാ എടുത്തുപറഞ്ഞു.

തൊഴിലുകൾക്കായുള്ള തയ്യാറെടുപ്പെന്ന രീതിയിൽ പഠനത്തെ കാണുന്നതിനേക്കാൾ, ക്രൈസ്തവമായ മാനവികത ജീവിക്കുന്നതിനുവേണ്ടിയുള്ള നമ്മുടെ വിളിയോടുള്ള മറുപടിയായി അതിനെ കാണേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സ്വാർത്ഥതാത്പര്യങ്ങൾക്കോ അധികാരത്തിനോ വേണ്ടിയുള്ള ശ്രമങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നതിനെതിരെ, സമഗ്രതയുടേതായ ഒരു വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കേണ്ടതിന്റെ ആവശ്യവും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. തങ്ങളുടെ ക്രൈസ്തവവിശ്വാസം മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ ശക്തമായി മുറുകെപ്പിടിക്കാൻ പാപ്പാ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ക്രൈസ്തവപരമ്പര്യവും സംസ്കാരവുമുള്ള യൂറോപ്പിലെ സ്പെയിനിലേക്ക് അപ്പസ്തോലികയാത്രയ്ക്ക് പുറപ്പെടുന്നതിന് തലേന്നാണ്, സുവിശേഷവത്കരണത്തിന്റെയും, ദൈവകേന്ദ്രീകൃതമായ ക്രൈസ്തവജീവിതത്തിന്റെയും പ്രാധാന്യം ജർമ്മൻ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്ന ഇത്തരമൊരു സന്ദേശം പരിശുദ്ധ പിതാവ് നൽകിയത്. ജൂൺ 6 മുതൽ 12 വരെ തീയതികളിലാണ് ഈ യാത്ര നടക്കുക. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

05 ജൂൺ 2026, 13:24