സുവിശേഷവത്കരണവും കുടിയേറ്റക്കാരോടുള്ള സാമീപ്യവും ക്രൈസ്തവപരമ്പര്യവും: പാപ്പായുടെ പുതിയ അപ്പസ്തോലികയാത്രയിലേക്ക് ഒരെത്തിനോട്ടം
എഡിറ്റോറിയൽ, അന്ത്രെയാ തൊർണിയെല്ലി
ഏഴ് ദിവസങ്ങൾ നീളുന്ന സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയ്‌ക്കൊരുങ്ങി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. സമകാലീന യൂറോപ്യൻ ഭൂഖണ്ഡത്തിന് പ്രധാനപ്പെട്ട, സുവിശേഷവത്കരണം, കുടിയേറ്റം, മതനിരപേക്ഷചിന്ത തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രത്യേകമായി പരാമർശിക്കപ്പെടുകയും വിചിന്തനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു യാത്രയാകും പരിശുദ്ധ പിതാവ് നടത്തുന്നത്.
എക്യൂമെനിക്കൽ ചിന്തയ്ക്കും സമാധാനത്തിനും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിൽ ഇപ്പോൾ നടക്കുന്ന സായുധസംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഏറെ പ്രാധാനപ്പെട്ട തുർക്കി-ലെബനൻ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും, മൊണാക്കോയിലേക്കുള്ള ചെറുയാത്രയ്ക്കും, നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കായി 11 ദിനങ്ങൾ നീണ്ട അപ്പസ്തോലികയാത്രയ്ക്കും ശേഷം പത്രോസിന്റെ പിൻഗാമി സ്പെയിനിലെത്തുമ്പോൾ ധ്രുവീകൃതമായ ഒരു സമൂഹത്തെയാകും കണ്ടുമുട്ടുക.
മാഡ്രിഡിലെത്തുന്ന പാപ്പായുടെ പ്രധാന കൂടിക്കാഴ്ചകളിൽ ഒന്ന് പാർലമെന്റ് അംഗങ്ങളുമായുള്ളതായിരിക്കും. സഭ എപ്രകാരമാണ് രാഷ്ട്രീയമേഖലയെ നോക്കിക്കാണുന്നത് എന്നതും, പൊതുനന്മ ലക്‌ഷ്യം വയ്ക്കുന്ന സഭയുടെ ശൈലിയും പ്രവർത്തനങ്ങളും എടുത്തുകാട്ടുന്നതായിരിക്കും ഈ സമ്മേളനം. സഭയുടെ സുവിശേഷവത്കരണം പലപ്പോഴും തടസ്സപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു മനോഭാവം ജീവിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിന് പ്രത്യേകമായ ഒരു മാനമുണ്ട്. കൂടുതൽ മാനവികവും, നീതിപൂർണ്ണവും, ദുർബലരെ ചേർത്തുപിടിക്കുന്നതുമായ ഒരു സമൂഹനിർമ്മിതിക്കായി, ക്രൈസ്തവർ സധൈര്യം സുവിശേഷത്തിന്റെ സാക്ഷ്യം നൽകണമെന്ന ഒരു ചിന്തയും ഇന്ന് ഉയരുന്നുണ്ട്.
ക്രൈസ്തവപരമ്പര്യമുള്ള യൂറോപ്പിൽ ഇക്കാലത്ത് മതേതരചിന്തയ്ക്ക് നൽകപ്പെടുന്ന വലിയ പ്രാധാന്യം പാപ്പായുടെ യാത്രയുടെ പശ്ചാത്തലത്തിൽ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ബാർസിലോണയിലെ പ്രശസ്തമായ തിരുക്കുടുംബദേവാലയത്തിൽ യേശുക്രിസ്തുവിനായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഗോപുരം പരിശുദ്ധ പിതാവ് ഉദ്‌ഘാടനം ചെയ്യുമെന്ന ഒരു പ്രത്യേകത കൂടി ഈ യാത്രയ്ക്കുണ്ട്. ചിത്രങ്ങളിലൂടെയും മറ്റു കലാരൂപങ്ങളിലൂടെയും കൊത്തുപണികളിലൂടെയുമൊക്കെ ഏറെ നാളുകളായി വിശ്വസ ഉദ്‌ബോധനം നടത്തിവന്നിരുന്ന ഈ ദേവാലയത്തിന്റെ ശില്പി അന്തോണിയോ ഗൗദിയുടെ നൂറാം മരണവാർഷികം കൂടിയാണ് ഇതെന്നത് നമുക്ക് മുന്നിലുണ്ട്. കുടുംബങ്ങളിൽ മതവിശ്വാസകൈമാറ്റം കാര്യമായ തോതിൽ നടക്കാത്ത ഇന്നത്തെ യൂറോപ്പിൽ അദ്ദേഹത്തിന്റെ ഈ കലാസൃഷ്ടിക്ക് വലിയൊരു പ്രാധാന്യമുണ്ട്.
പരിശുദ്ധ പിതാവിന്റെ യാത്രയുടെ അവസാന പാദം, കുടിയേറ്റമെന്ന വലിയൊരു യാഥാർത്ഥ്യവുമായി അടുത്തുബന്ധപ്പെട്ട കനേറി ദ്വീപുകളിലേക്കുള്ളതാണ്. കടൽ താണ്ടിയെത്തി യൂറോപ്പിന്റെ വാതിലിൽ മുട്ടുന്ന ഒരുപാട് മുഖങ്ങൾ, ശരിയായ ക്രോഡീകരണത്തിന്റെയും സംവിധാനങ്ങളുടെയും കുറവിന്റെ പശ്ചാത്തലത്തിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന സത്യവും നമുക്ക് മുന്നിലുണ്ട്. ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചിരുന്ന ഒരു യാത്ര കൂടിയായിരുന്നു, കുടിയേറ്റവുമായി ബന്ധപ്പെട്ട കനേറി ദ്വീപുകളിലേക്കുള്ളത്.
സുവിശേഷത്തിൽ നാം കാണുന്നതുപോലെ, പാവപ്പെട്ടവർക്കും, ദുരിതമനുഭവിക്കുന്നവർക്കും, പരദേശികൾക്കും സമീപസ്ഥരായിരിക്കാൻ വിളിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് തന്റെ അപ്പസ്തോലിക പ്രബോധനമായ "ദിലേക്സിത് തേ"യിൽ (Dilexi te) ലിയോ പതിനാലാമൻ പാപ്പാ എഴുതിയിരുന്നുവെന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്.
വലിയവരുടെയും ശക്തരുടെയുമല്ല, ദുരിതമനുഭവിക്കുന്ന മനുഷ്യരുടെയും, ദുർബലരും ചെറിയവരുമായി കരുതപെടുന്നവരുടെയും കണ്ണുകളോടെ ലോകത്തെ നോക്കിക്കാണാൻ തന്റെ പ്രഥമ ചാക്രികലേഖനമായ "മഞ്ഞീഫിക്ക ഉമാനിത്താസിൽ" (Magnifica humanitas) പരിശുദ്ധ പിതാവ് ക്ഷണിക്കുന്നുണ്ട്. വിധവയുടെയും അനാഥന്റെയും പരദേശിയുടെയും പരിക്കുകളേറ്റ കുട്ടിയുടെയും നാടുകടത്തപ്പെട്ടവന്റെയും ഒളിച്ചോടിയവന്റെയും കാഴ്ചപ്പാടോടെ ചരിത്രത്തിലെ സംഭവങ്ങളെ വ്യഖ്യാനിക്കാനാകണം.
കനേറിയ ദ്വീപുകളിലേക്കുള്ള യാത്ര അങ്ങനെ അവഗണിക്കപ്പെട്ടവരുടെ സഹനത്തോടും, സുവിശേഷസാക്ഷ്യത്തിന് ക്രൈസ്തവർക്കുള്ള വിളിയോടും ചേർന്ന് നിൽക്കുന്ന ഒന്നായി മാറുന്നുണ്ട്. മാനവികതയോടെ ജീവിക്കാനുള്ള നാമെല്ലാവരുടെയും ഉത്തരവാദിത്വത്തെയും ഈ യാത്ര ഓർമ്മിപ്പിക്കുന്നുണ്ട്.
പരിഭാഷ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.