പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് സുവിശേഷം പ്രഘോഷിക്കാൻ സഹകരണം തേടി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററി വത്തിക്കാനിൽ ആരംഭിച്ചു. പോൾ ആറാമൻ ശാലയിലെ കൺസിസ്റ്ററി ഹാളിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സമ്മേളനത്തിൽ സംസാരിച്ച പാപ്പാ, ഈ സുപ്രധാന ഒത്തുചേരലിലൂടെ പരസ്പരസംവാദങ്ങൾക്കും, സഭയുടെ മിഷനറി നിയോഗത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകുന്നതിനുമാണ് താൻ ഏവരെയും ക്ഷണിക്കുന്നതെന്ന് പ്രസ്താവിച്ചു. താൻ കഴിഞ്ഞ ജനുവരിയിൽ വിളിച്ചുചേർത്ത കൺസിസ്റ്ററിയിൽ ആവശ്യപ്പെട്ടിരുന്നതും, ഇതേ സഹകരണവും പിന്തുണയുമാണെന്ന് തന്റെ പ്രഭാഷണത്തിന്റെ ആദ്യഭാഗത്ത് അനുസ്മരിച്ച പരിശുദ്ധ പിതാവ്, കർദ്ദിനാൾ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്ന് ഇതുതന്നെയാണെന്ന് ഓർമ്മിപ്പിച്ചു.
ഐക്യവും കൂട്ടായ്മയും, അനുദിന സംവാദങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും പരസ്പരവിശ്വാസത്തിലൂടെയും വളർത്തിയെടുക്കേണ്ട ഒന്നാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സ്വതന്ത്രമായും തുറന്ന മനോഭാവത്തോടെയും സത്യസന്ധതയോടെയും ആശയങ്ങൾ കൈമാറുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. സിനഡാത്മകതയോടെ കർദ്ദിനാൾസംഘം സഭയുടെ നിയോഗത്തോട് സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യവും പാപ്പാ ഓർമ്മിപ്പിച്ചു.
സുവിശേഷം പ്രഘോഷിക്കാൻ സഭയ്ക്ക് നല്കപ്പെട്ടിരിക്കുന്ന നിയോഗം എടുത്തുപറഞ്ഞ പാപ്പാ, നമ്മോടൊത്തായിരിക്കുന്ന യേശുവിനെ കണ്ടെത്തുന്നതിൽ മറ്റുള്ളവരെ സഹായിക്കാനുള്ള കടമ പ്രത്യേകം അനുസ്മരിച്ചു. ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, അധികാരത്തിന് അമിതപ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിന് മുന്നിൽ സ്നേഹസംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. ഇന്ന് നമ്മുടെ സമൂഹങ്ങളെ ബാധിക്കുന്ന സംഘർഷങ്ങളിലും ഭിന്നതകളിലും നിന്ന് ആരും സ്വതന്ത്രരല്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പൊതുനന്മയ്ക്കും മാനവികതയ്ക്കുമായി സഭയ്ക്ക് നൽകാൻ സാധിക്കുന്ന സംഭാവനകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പങ്കുവയ്ക്കപ്പെടുന്ന ഉത്തരവാദിത്വമാണ് അതിന് ആവശ്യമെന്ന് പ്രസ്താവിച്ച പാപ്പാ, ഇതുമായി ബന്ധപ്പെട്ട് "മഞ്ഞീഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങളും ചിന്തകളും പ്രത്യേകം പരാമർശിച്ചു. സിനഡാത്മക ശൈലിക്ക് ഇത്തരുണത്തിലുള്ള പ്രാധാന്യവും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. മറ്റുള്ളവരുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം അവരെ ശ്രവിക്കാനും മനസ്സിലാക്കാനുമുള്ള മനസ്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യവും പാപ്പാ ഓർമ്മിപ്പിച്ചു.
കൂടുതൽ വിശ്വസ്തതയോടും വിശ്വാസ്യതയോടും സ്വാതന്ത്ര്യത്തോടും കൂടി സുവിശേഷപ്രഘോഷണം നടത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ കർദ്ദിനാൾമാരെ ക്ഷണിച്ച പാപ്പാ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ വിവേചിച്ചറിയാനും, ഇന്ന് പരിശുദ്ധാത്മാവ് സഭയോട് പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ തന്നെ സഹായിക്കാനും ആവശ്യപ്പെട്ടു.
രാവിലെ 9.30-ന് ആരംഭിച്ച കൺസിസ്റ്ററിയുടെ പ്രഥമ സമ്മേളനത്തിൽ നൂറ്റിയെഴുപത്തിയെട്ട് കർദ്ദിനാൾമാരാണ് പങ്കെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
