ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കാൻ കർദ്ദിനാൾസംഘത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമാധാനം പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം നൽകിയും, യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ശബ്ദമുയർത്തിയും ലിയോ പതിനാലാമൻ പാപ്പാ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ പരിശുദ്ധ പിതാവ് വിളിച്ചുചേർത്ത രണ്ടാമത് കൺസിസ്റ്ററിയുടെ ആദ്യദിനത്തിൽ കർദ്ദിനാൾ സംഘത്തിനൊപ്പം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ വിശുദ്ധ ബലിയർപ്പിച്ച അവസരത്തിൽ നൽകിയ സന്ദേശത്തിലാണ്, സംഘർഷങ്ങളും യുദ്ധങ്ങളും സാധാരണ ജനജീവിതം ദുരിതപൂർണ്ണമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ദൈവസൃഷ്ടിയെന്ന നിലയിൽ സഹകരണമനോഭാവത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
യഥാർത്ഥ മുന്തിരിയായ ക്രിസ്‌തുതന്നെയാണ് സഭയെ ഒരുമിപ്പിച്ച് നിറുത്തുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, ശാഖകളെന്ന നിലയിൽ തന്നോട് ചേർന്ന് നിൽക്കാനാണ് അവൻ നമ്മെ ക്ഷണിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. റോമൻ കത്തോലിക്കാസഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് മുൻപായാണ് ഈ കൺസിസ്റ്ററി നടക്കുന്നതെന്നത് പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, സ്വതന്ത്രമായി, പത്രോസിന്റെയും പൗലോസിന്റെയും മാതൃകയിൽ ആശയങ്ങൾ പങ്കവയ്ക്കാനും പരസ്പരം പിന്തുണയ്ക്കാനുമാണ് കർദ്ദിനാൾമാർ പരിശ്രമിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ ഇത്തരമൊരു മനോഭാവത്തിന് ക്രിസ്തുവുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണെന്നും, തന്നോട് ചേർന്നുനിൽക്കാനും, എന്നാൽ അയക്കപ്പെടാനുമാണ് അവൻ നമ്മെ വിളിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
യുദ്ധങ്ങളും സംഘർഷങ്ങളുമുൾപ്പെടെ മാനവികതയെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രതിസന്ധികളാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, യുദ്ധം ഒരിക്കലും മാനവികതയ്ക്ക് അംഗീകരിക്കാനാകുന്ന ഒന്നല്ലെന്നും, അത് ഒരിക്കലും ദൈവത്താൽ ആശീർവദിക്കപ്പെടുന്നില്ലെന്നും പ്രസ്താവിച്ചു. സൃഷ്ടാവ് നമുക്ക് നൽകിയിരിക്കുന്ന ബുദ്ധിശക്തിയും കഴിവുകളും വന്യമൃഗങ്ങളെപ്പോലെ പെരുമാറാനല്ല, പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാൻ വേണ്ടിയുള്ളതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്നേഹസംസ്കാരം ജീവിക്കാൻ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ഉദ്ബോധനങ്ങൾ പരാമർശിച്ചുകൊണ്ട് പരാമർശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ക്ഷണിച്ചു.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞും, അവൻ നയിക്കുന്ന പാത പിന്തുടർന്നും ഐക്യത്തിൽ ജീവിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. സമാധാനം പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഐക്യത്തിലും വിശ്വാസത്തിലും ക്രിസ്തുവിനോടുള്ള വിശ്വസ്തതയിലും അനുസരണത്തിലും ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, സിനഡാത്മക ശൈലിയിൽ, ക്രൈസ്തവസഹോദര്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.
ജൂൺ 26, 27 തീയതികളിലായി നടക്കുന്ന ഇത്തവണത്തെ അസാധാരണ കൺസിസ്റ്ററിയിൽ പങ്കെടുക്കാനായി നൂറ്റിയെഴുപത്തിലധികം കർദ്ദിനാൾമാർ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുണ്ട്. ജൂൺ 29-ന് ആചരിക്കപ്പെടുന്ന വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളോടെയാകും ഈ സമ്മേളനം അവസാനിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
