ഭൂകമ്പബാധിതർക്കായി ഒരുകോടിയിലധികം രൂപ സംഭാവന ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
230-ലധികം പേരുടെ മരണത്തിനും നൂറുകണക്കിനാളുകൾക്ക് പരിക്കിനും കാരണമായ വെനിസ്വേലയിൽ ഭൂകമ്പങ്ങളുടെ ഇരകൾക്കായി ഒരുകോടിയിലധികം രൂപ സംഭാവന നൽകി ലിയോ പതിനാലാമൻ പാപ്പാ. ഭൂകമ്പമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ, വത്തിക്കാന്റെ കാരുണ്യസേവനവിഭാഗത്തിലൂടെ ഒരു ലക്ഷം യൂറോയാണ് പാപ്പാ പ്രഥമ ഗഡുവായി രാജ്യത്തിന് നൽകിയത്.
വെനിസ്വേലയുടെ തലസ്ഥാനത്തിന് വടക്കുള്ള ഗ്വയിര സംസ്ഥാനത്ത്, റിക്ടർ സ്കെയിലിൽ 7.2, 7.5 എന്നീ തോതുകൾ രേഖപ്പെടുത്തിയ രണ്ടു ഭൂകമ്പങ്ങളിലായി 235 പേരെങ്കിലും മരണമടഞ്ഞതായും ആയോരത്തോളം ആളുകൾക്ക് പരിക്കേറ്റതായും വ്യാഴാഴ്ച രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മരണമടഞ്ഞ ആളുകളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏതാണ്ട് അൻപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി.
വലിയ രണ്ട് പ്രകമ്പനങ്ങൾക്ക് പുറമെ ഇരുപതോളം ചെറുപ്രകമ്പനങ്ങളും ഉണ്ടായതായും കൊളമ്പിയ വരെ ഭൂകമ്പത്തിന്റെ ചലനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിരൂക്ഷമായ ഈ അവസ്ഥയിൽ രാജ്യത്തിന്റെ താത്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തരമന്ത്രി ദിയോസ്ദാദോ കബേയോ സുരക്ഷിതത്വം കണക്കിലെടുത്ത് ആളുകളോട് വീടുകൾക്ക് പുറത്തുതന്നെ തുടരാൻ ആവശ്യപ്പെട്ടു.
കാരാക്കസ് കത്തീഡ്രൽ ദേവാലയമുൾപ്പെടെ നിരവധി ദേവാലയങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും, സെമിനാരികൾക്കും മറ്റു ചില കെട്ടിടങ്ങൾക്കും ചെറിയ കേടുപാടുകൾ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഭവനരഹിതരായ ആളുകൾക്കുവേണ്ടി രാജ്യത്തുടനീളം ഇടവകകളും കത്തോലിക്കാസമൂഹങ്ങളും അഭയകേന്ദ്രങ്ങൾ ഒരുക്കിയതായും പ്രാദേശിക കാരിത്താസ് വഴി അടിയന്തിരസഹായങ്ങൾ നൽകിവരുന്നതായും വാർത്തകൾ വന്നിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
