തിരയുക

ലിയോ പതിനാലാമൻ പാപ്പാ അമേരിക്കയിലെ ഈശോസഭാ വിദ്യാഭ്യാസസ്ഥാപന നേതൃത്വങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ അമേരിക്കയിലെ ഈശോസഭാ വിദ്യാഭ്യാസസ്ഥാപന നേതൃത്വങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

വിദ്യാർത്ഥികളെ പരോപകാരികളും പ്രത്യാശയുള്ളവരുമാക്കി വളർത്തുക: ഈശോസഭാവൈദികരോട് ലിയോ പതിനാലാമൻ പാപ്പാ

അമേരിക്കയിലെ ഈശോസഭാ വിദ്യാഭ്യാസസ്ഥാപന നേതൃത്വങ്ങൾക്ക് ജൂൺ 25-ന് കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഈ സഭാസമൂഹം വിദ്യാഭ്യാസമേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ തയ്യാറാകുന്ന മനുഷ്യരാക്കി അവരെ വളർത്തുകയും ചെയ്യണമെന്ന ആഹ്വാനം നൽകുകയും ചെയ്തു. തത്വം കൊണ്ട് മാത്രമല്ല, മാതൃക നൽകിക്കൊണ്ടുകൂടിവേണം വിദ്യാഭ്യാസം നൽകേണ്ടതെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിദ്യാഭ്യാസമേഖലയിൽ ഈശോസഭാവൈദികർ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും അവയ്ക്ക് നന്ദി പറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. അമേരിക്കയിലെ ഈശോസഭാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രസിഡന്റുമാർക്ക് ജൂൺ 25 വ്യാഴാഴ്‌ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിച്ച വേളയിൽ, വിദ്യാഭ്യാസരംഗത്ത് സഭ നടത്തുന്ന ധന, സമയ നിക്ഷേപങ്ങൾ പാവപ്പെട്ടവരെയും കുടിയേറ്റക്കാരെയും കൂടി സമൂഹത്തിൽ ഉൾച്ചേർക്കാനും, അതുവഴി മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് മുതൽക്കൂട്ടാകാനും ഉപകരിക്കട്ടെയെന്ന് ആശംസിച്ചു.

റോമിലേക്കും വത്തിക്കാനിലേക്കുമുള്ള സന്ദർശനം പത്രോസിന്റെ പിൻഗാമിയോടും, ഈശോസഭാനേതൃത്വത്തോടുമുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്പെടുമെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, വലിയ മാറ്റങ്ങളുടേതായി കരുതപ്പെടുന്ന ഇക്കാലത്ത്, മാനവികതയ്ക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിൽ വലിയ സംഭാവനകൾ നൽകാൻ ഈശോസഭാംഗങ്ങൾക്ക് സാധിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിലവിളിയോട് പ്രതികരിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട പാപ്പാ, ഒരുപാട് യുവജനങ്ങൾ നിരാശയിലാണ് കഴിയുന്നതെന്നും, മെച്ചപ്പെട്ട ഒരു ഭാവി അവർ മുന്നിൽ കാണുന്നില്ലെന്നും പറഞ്ഞു. മറ്റുള്ളവരുടെ നന്മയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പരോപകാരികളും മൂല്യങ്ങൾ ജീവിക്കുന്നവരുമായ മനുഷ്യരെ വളർത്തിയെടുക്കാൻ സാധിക്കേണ്ടതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു.

നിർമ്മിതബുദ്ധിയുടെ സ്വാധീനം വലുതായി അനുഭവപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് അനുസ്‌മരിച്ച പാപ്പാ, വിദ്യാഭ്യാസരംഗത്ത് വിചിന്തനങ്ങൾക്കും അദ്ധ്യാത്മികധ്യാനങ്ങൾക്കും നല്കപ്പെടേണ്ട പ്രാധാന്യം എടുത്തുപറഞ്ഞു.

പാവപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കുമൊപ്പം ആയിരിക്കാൻ ഈശോസഭ കാണിച്ചുവരുന്ന ആഭിമുഖ്യം അനുസ്മരിച്ച പാപ്പാ, ഇന്നത്തെ ലോകത്ത് നിരവധി സഹോദരീസഹോദരന്മാർ മുൻപില്ലാത്ത വിധത്തിൽ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും, യുദ്ധങ്ങളും മത, രാഷ്ട്രീയ പീഡനങ്ങളും മൂലം ഒരുപാട് ആളുകൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും പ്രസ്താവിച്ചു.

പ്രത്യാശയുടെ ഒരു ഭാവി പടുത്തുയർത്തുന്നതിൽ യുവജനങ്ങളെ സഹായിക്കുന്ന ഒരു ചരിത്രമാണ് ഈശോസഭാവിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്കുള്ളതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പരിസ്ഥിതിയുടെ, അതുവഴി സ്രഷ്ടലോകത്തിന്റെ സംരക്ഷണത്തിനുവേണ്ടി സഹകരിക്കുന്നതിൽ കാണിക്കേണ്ട പരിശ്രമങ്ങളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂൺ 2026, 13:51