ആരോഗ്യമേഖലയിൽ സുവിശേഷമൂല്യാധിഷ്ടിത സേവനങ്ങൾക്ക് അന്താരാഷ്ട്ര കാരിത്താസ് സംഘടനയെ ക്ഷണിച്ച് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"ആരോഗ്യപരിപാലനമേഖലയിൽ സമഗ്രസമീപനമെന്ന" പേരിൽ അന്താരാഷ്ട്ര കാരിത്താസ് സംഘടന നടത്തിയ കൂടിക്കാഴ്ചയിൽ സംബന്ധിച്ചവർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. സമൂഹത്തിൽ ഐക്യദാർഢ്യം വളർത്താനും, രോഗികൾക്ക് സുവിശേഷാത്മക മൂല്യങ്ങളിൽ അധിഷ്ഠിതമായ ശുശ്രൂഷകൾ നൽകാനും, പരിശുദ്ധ പിതാവിന്റെ പേരിൽ ഒപ്പിട്ടയച്ച ഈ സന്ദേശത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ആവശ്യപ്പെട്ടു.
മാനസിക, ശാരീരിക, ആദ്ധ്യാത്മിക തലങ്ങളിൽ വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകന്ന മനുഷ്യർക്ക് രക്ഷ പകരുന്ന യേശുവിനെ, ദൈവികനായ വൈദ്യനായാണ് തിരുവചനം അവതരിപ്പിക്കുന്നതെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു. എല്ലാ മനുഷ്യർക്കും, അവർ ജീവിച്ചിരിക്കുന്നു എന്നതിനാലും, അവർ ദൈവത്താൽ ആഗ്രഹിക്കപ്പെട്ടവരും സൃഷ്ടിക്കപ്പെട്ടവരും സ്നേഹിക്കപ്പെടുന്നവരുമാണ് എന്നതിനാൽത്തന്നെ മാനുഷികമായ അന്തസുണ്ടെന്നത്, തന്റെ പ്രഥമ അപ്പസ്തോലിക ലേഖനമായ "മഞ്ഞീഫിക്ക ഉമാനിത്താസിൽ" (Magnifica humanitas) പാപ്പാ എഴുതിയ കാര്യം സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു. വ്യക്തികളുടെ വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങൾ ഈ അവകാശത്തെ ഹനിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗശാന്തി നൽകുന്നതിലൂടെ ആരോഗ്യം തിരികെ നൽകുന്ന യേശു, മനുഷ്യന്റെ അവസാനിക്കാത്ത അന്തസ്സാണ് ഉയർത്തിക്കാണിക്കുന്നതെന്ന് കർദ്ദിനാൾ പരൊളീൻ പരിശുദ്ധ പിതാവിന്റെ പേരിൽ എഴുതി. രോഗികൾക്കിടയിലെ സഭയുടെ സാന്നിദ്ധ്യത്തിലൂടെ ദൈവരാജ്യം പ്രഘോഷിക്കുകയെന്ന അതിന്റെ നിയോഗം തുടരാനും, അതിന് പിന്തുണ നൽകാനുമാണ് പാപ്പാ ക്ഷണിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രക്ഷയെന്നത് അമൂർത്തമായ ഒരു ആശയമല്ലെന്നും, സഹനമനുഭവിക്കുന്ന മനുഷ്യരുടെ മുറിവുണക്കുന്നതിലൂടെ ആരംഭിക്കുന്ന ഒരു യാഥാർത്ഥ്യമാണെണെന്നതുമാണ് പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നത് (Dilexi te, n. 52).
പാവപ്പെട്ടവർക്കും ദുർബലർക്കും ദൈവത്തിന്റെ കരുണയും നന്മയും എത്തിച്ചുകൊടുക്കാനാകട്ടെ നിങ്ങളുടെ പ്രവർത്തനങ്ങളെന്ന് ആഹ്വാനം ചെയ്ത വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, ഏവർക്കും പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക ആശീർവാദം നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
