തിരയുക

കരാറിലൊപ്പിട്ട വിവിധ നേതൃത്വങ്ങൾ കരാറിലൊപ്പിട്ട വിവിധ നേതൃത്വങ്ങൾ 

“മതങ്ങൾ തമ്മിലുള്ള കരാറിൽ” ഒപ്പിട്ട് ഇറ്റലിയിലെ വിവിധ മതനേതൃത്വങ്ങൾ

വിവിധ മതങ്ങളുടെ ഇറ്റലിയിലെ പ്രാദേശിക നേതൃത്വങ്ങൾ ജൂൺ 25-ന് "മതങ്ങൾ തമ്മിലുള്ള കരാറിലൊപ്പിട്ടതായി" ഇറ്റലിയിലെ മെത്രാൻസമിതി അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട നേതൃത്വങ്ങൾക്ക് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്യോ മത്തരെല്ല ഇതേ ദിവസം കൂടിക്കാഴ്ച അനുവദിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഹകരണത്തിന്റെയും സഹവാസത്തിന്റെയും മാർഗ്ഗത്തിൽ പുതിയൊരു കാൽവയ്പുമായി വിവിധ മതങ്ങളുടെ ഇറ്റലിയിലെ പ്രാദേശിക നേതൃത്വങ്ങൾ. മുൻപുതന്നെ ആരംഭിച്ച സംവാദങ്ങളുടെയും സമാധാനപൂർണമായ സഹവാസത്തിന്റെയും മാർഗ്ഗം തുടരുന്നതിന്റെയും, അത് ഔദ്യോഗികമാക്കുന്നതിന്റെയും ഭാഗമായി, വിവിധ മത നേതൃത്വങ്ങൾ ജൂൺ 25 വ്യാഴാഴ്ച "മതങ്ങൾ തമ്മിലുള്ള കരാറിലൊപ്പിട്ടതായി" രാജ്യത്തെ കത്തോലിക്കാ മെത്രാൻസമിതി അറിയിച്ചു.

ഇറ്റലിയിലെ മെത്രാൻസമിതി, ഇവാഞ്ചെലിക്കൽ സഭകളുടെ ഫെഡറേഷൻ, ഇറ്റലിയിലെ യഹൂദ റബ്ബീനികളുടെ അസ്സംബ്ലി, ഇറ്റലിയിലെ യഹൂദസമൂഹങ്ങളുടെ യൂണിയൻ, ബഹായ് ദേശീയ ആദ്ധ്യാത്മിക അസംബ്ലി, ഇസ്ലാമിക സാംസ്കാരികകേന്ദ്രം, ഇറ്റലിയിലെ ഇസ്ലാമികസമൂഹം, ഇറ്റലിയിലെ ഇസ്ലാമിക കോൺഫെഡറേഷൻ, ഇറ്റലിയിലെ ഇസ്ലാമികസമൂഹങ്ങളുടെ യൂണിയൻ, തേവരെ ഇൻസ്റ്റിട്യൂട്ട്, ഇറ്റലിയിലെ പരിശുദ്ധ ഓർത്തഡോക്സ് അതിരൂപത,  സിഖി സേവാ സമൂഹം, സോക ഗക്കായ് ഇറ്റാലിയൻ ബുദ്ധപ്രസ്ഥാനം, ഇറ്റാലിയൻ ബുദ്ധ യൂണിയൻ, ഇറ്റലിയിലെ ഹിന്ദു യൂണിയൻ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.

കരാറിലൊപ്പിട്ട വിവിധ നേതൃത്വങ്ങൾക്ക് ജൂൺ 25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, ഇറ്റലിയുടെ പ്രസിഡന്റ്, സേർജ്യോ മത്തരെല്ല പ്രസിഡന്റ് മന്ദിരമായ ക്വിരിനാലെയിൽ കൂടിക്കാഴ്ച അനുവദിക്കുകയും കരാറിന്റെ പ്രതികൾ നൽകുകയും ചെയ്തു.

ലോകത്ത് നടന്നുവരുന്ന കപട മതനേതൃത സംഘർഷങ്ങളുൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾക്ക് മുന്നിൽ, സമാധാനപൂർണമായ സഹവാസം ഉറപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരമൊരു കരാർ. രാഷ്ട്രനേതൃത്വത്തിന് മുന്നിൽ എല്ലാ മതവിഭാഗങ്ങളിലുള്ളവർക്കും തുല്യ അന്തസ്സ് ഉറപ്പാക്കുകയും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

2023-ൽ ഇറ്റലിയിലെ സഭകളിൽ ആരംഭിച്ച സിനഡാത്മക പ്രവർത്തനത്തിന്റെ കൂടി തുടർച്ചയും ഫലവുമാണ് ഈയൊരു കരാർ. പൊതു ഇടങ്ങളിൽ സംവാദത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹചര്യങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂൺ 2026, 13:39