തിരയുക

ലിയോ പതിനാലാമൻ പാപ്പാ റൊവാക്കോ സംഘടനയ്ക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ റൊവാക്കോ സംഘടനയ്ക്കൊപ്പം  (ANSA)

പൗരസ്ത്യസഭകൾക്ക് റോവാക്കോ നൽകുന്ന പിന്തുണയെ അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ

പൗരസ്ത്യസഭകളുടെ ആദ്ധ്യാത്മികവ്യക്തിത്വത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി റോവാക്കോ പ്രസ്ഥാനം നൽകുന്ന പിന്തുണയെ അഭിനന്ദിച്ചും, പൗരസ്ത്യസമർപ്പിതരുടെ തനതായ പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞും, തങ്ങളുടെ ജന്മനാട്ടിൽ ക്രൈസ്തവർക്ക് സമാധാനപരമായ വാസം അസാദ്ധ്യമാക്കുന്ന യുദ്ധങ്ങളെ അപലപിച്ചും ലിയോ പതിനാലാമൻ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൗരസ്ത്യസഭാപാരമ്പര്യങ്ങളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും, സുവിശേഷപ്രഘോഷണത്തിനും റോവാക്കോ പ്രസ്ഥാനം നൽകുന്ന പിന്തുണയേയും സംഭാവനകളെയും അഭിനന്ദിച്ച് ലിയോ പതിനാലാമൻ പാപ്പാ. പൗരസ്ത്യസഭകൾക്ക് സഹായസഹകരണങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന റോവാക്കോ (ROACO) എന്ന പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികളുടെ കൂട്ടായ്മയ്ക്ക് അവരുടെ വാർഷിക പ്ലീനറിസമ്മേളനത്തിന്റെ അവസാനത്തിൽ, ജൂൺ പതിനെട്ടാം തീയതി രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെ, മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെ പൗരസ്ത്യക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളിലേക്കും പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു..

ഒരു സഭയെ സഹായിക്കുകയെന്നാൽ, അവർക്ക് വേണ്ട സാധനസാമഗ്രികൾ എത്തിക്കുക എന്നത് മാത്രമല്ല, തങ്ങളുടെ വ്യക്തിത്വത്തിലും സുവിശേഷവത്കരണശക്തിയിലും ശരിയായ വളരാൻ അവരെ സഹായിക്കുക എന്നതുകൂടിയാണെന്ന് വ്യക്തമാക്കിയ പാപ്പാ, അതിൽ സമർപ്പിതരുടെ, പ്രത്യേകിച്ച് പൗരസ്ത്യസെമിനാരികളിലുള്ള വൈദികരുടെയും ഡീക്കന്മാരുടെയും പരിശീലനത്തിനുള്ള പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞു. കത്തോലിക്കരും ഓർത്തഡോക്സ് സഭാവിശ്വാസികളുമായ പൗരസ്ത്യസഭകളുടെ അദ്ധ്യാത്മികസമ്പത്ത് പരത്തുന്നതിൽ സമർപ്പിതർക്കുള്ള പ്രാധാന്യം അനുസ്മരിച്ച പരിശുദ്ധ പിതാവ്, കത്തോലിക്കാസഭയ്ക്ക് മുഴുവനും വേണ്ടിയുള്ള അനുഗ്രഹമാണ് പൗരസ്ത്യസഭകൾക്ക് പങ്കുവയ്ക്കാനുള്ളതെന്ന് പറഞ്ഞു.

കത്തോലിക്കാസഭയിലെ ഐക്യം എന്നതിനെ വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന ഏകതാനത എന്ന അർത്ഥത്തിലല്ല മനസ്സിലാക്കേണ്ടതെന്ന കാര്യം പാപ്പാ പ്രത്യേകം അനുസ്മരിച്ചു. വ്യത്യസ്ഥ ആദ്ധ്യാത്മിക, ദൈവശാസ്ത്ര പാരമ്പര്യങ്ങൾക്കാണ് സഭ ജന്മമേകിയിട്ടുള്ളതെന്നും അവ പരസ്പരം വളർത്തുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പൗരസ്ത്യസഭകളെ ശരിയായ രീതിയിൽ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെയാണ് അവയെ വളർത്താനും പരിരക്ഷിക്കാനും കഴിയുകയെന്നതിനാൽത്തന്നെ റൊവാക്കോ, വൈദികരുടെയും ഡീക്കന്മാരുടെയും പരിശീലനരംഗത്ത് നൽകുന്ന സംഭാവനകൾ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു.

യുദ്ധങ്ങളും സംഘർഷങ്ങളും മൂലമുണ്ടാകുന്ന സാമൂഹിക അസ്ഥിരതയെന്ന പ്രശ്നം പരാമർശിച്ച പാപ്പാ, യുദ്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർ മരണം വിതയ്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രസ്താവിച്ചു. തങ്ങളുടെ വീടും നാടും ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകുന്ന പൗരസ്ത്യക്രൈസ്തവരുടെ വേദനയിലേക്ക് വിരൽചൂണ്ടിയ പാപ്പാ, സഹായമർഹിക്കുന്നവർക്ക് അത് നൽകുന്ന റൊവാക്കോ പോലെയുള്ള സംഘടനകളുടെയും, ശത്രുക്കളെ ഇല്ലാതാക്കാൻ വേണ്ടി പണം ദുർവ്യയം ചെയ്യുന്ന ശക്തികളുടെയും പ്രവൃത്തികൾ തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞു. യുദ്ധമെന്നത് അനിവാര്യമായ ഒന്നല്ലെന്നും, അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ ഫലമാണെന്നും പ്രസ്താവിച്ച പാപ്പാ, യുദ്ധങ്ങൾ അവസാനിക്കുമ്പോഴും, സായുധസംഘങ്ങളും രാജ്യങ്ങളും ഉണ്ടാക്കിയ മുറിപ്പാടുകൾ അവശേഷിക്കുന്നുണ്ടെന്നും, അത് അസ്ഥിരത വളർത്തുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. സാധാരണക്കാരും യുവജനങ്ങളുമാണ് ഇത്തരം അവസ്ഥകളുടെ ദുരിതം കൂടുതലായി അനുഭവിക്കേണ്ടിവരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മാനവികതയെ മാനിക്കുകയും അന്തസ്സോടെയും ശരിയായ സംസ്കാരത്തോടെയും പെരുമാറുകയും ചെയ്യാൻ ഏവർക്കും സാധിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ജൂൺ 2026, 13:02