കുടിയേറ്റം, സംഘടിത കുറ്റകൃത്യങ്ങൾ, സാമൂഹികസംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌ത് പാപ്പായും പെറു പ്രസിഡന്റും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ പെറുവിന്റെ പ്രസിഡന്റ് ഹൊസേ മരീയ ബൽകാസർ ത്സെലാദയ്ക്ക് (José María Balcázar Zelada) ജൂൺ 18 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായും, ഇരു നേതൃത്വങ്ങളും തമ്മിലുള്ള ചർച്ചകളിൽ, പരിശുദ്ധ സിംഹാസനവും പെറു റിപ്പബ്ലിക്കും തമ്മിലുള്ള നല്ല ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, സാജ്യത്തെ സാമൂഹിക-സാമ്പത്തിക സ്ഥിതിവിവരങ്ങൾ, നിയമവിരുദ്ധമായ ഖനനം, സഹകരണമനോഭാവം വളർത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചകളിൽ ഇടം പിടിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ത്സെലാദയ്ക്ക് കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
പരിശുദ്ധ സിംഹാസനവും പെറുവും തമ്മിലുള്ള ഉഭയകക്ഷിബന്ധം നല്ല രീതിയിൽ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച ഇരു നേതൃത്വങ്ങളും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക, സാമ്പത്തിക രംഗത്തെ മുന്നേറ്റങ്ങളും പ്രതിസന്ധികളും, അനധികൃത ഖനനം തുടരുന്നുവെന്ന യാഥാർത്ഥ്യം, പൊതുനന്മയും ചർച്ചകളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം, സമൂഹത്തിൽ ഐക്യം പ്രോത്സാഹിപ്പിക്കേണ്ടതിനുവേണ്ടിയുള്ള പ്രതിബന്ധത തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
പ്രാദേശിക-അന്താരാഷ്ട്ര തലങ്ങളിലെ സാമൂഹിക-രാഷ്ട്രീയ നിലയെക്കുറിച്ചുളള അഭിപ്രായങ്ങൾ, പ്രത്യേകിച്ച് കുടിയേറ്റം, സംഘടിത കുറ്റകൃത്യങ്ങൾ, സംഘർഷങ്ങളുടെ അന്തരഫലങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇരുനേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഇടം കണ്ടെത്തി.
റോമിലേക്ക് പുറപ്പെടും മുൻപ് ലിയോ പതിനാലാമൻ പാപ്പാ ഇരുപതോളം വർഷങ്ങൾ പെറുവിൽ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി അവസാനം പരിശുദ്ധ പിതാവ് പെറുവിൽനിന്നുള്ള മെത്രാന്മാർക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. 2026 ഫെബ്രുവരി 18-നാണ് ത്സെലാദ പെറുവിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
