തിരയുക

ലിയോ പതിനാലാമൻ പാപ്പാ സ്‌പെയിൻ രാജാവിന്റെ വിമാനത്തിലേക്ക് കയറുന്നു ലിയോ പതിനാലാമൻ പാപ്പാ സ്‌പെയിൻ രാജാവിന്റെ വിമാനത്തിലേക്ക് കയറുന്നു  (ANSA)

സ്പെയിനിന്റെ ക്രൈസ്തവ, സാമൂഹിക ജീവിതത്തിൽ വിശ്വാസസാക്ഷ്യത്തിന്റെ സൗരഭ്യം പരത്തിയ ലിയോ പതിനാലാമൻ പാപ്പാ റോമിലേക്ക് മടങ്ങി

ലിയോ പതിനാലാമൻ പാപ്പായുടെ നാലാമത് അപ്പസ്തോലികയാത്ര അവസാനിച്ചു. ജൂൺ ആറുമുതൽ പന്ത്രണ്ടു വരെ തീയതികളിലായി ഏഴ് ദിവസനങ്ങൾ നീണ്ട ഈ യാത്രയിൽ, മാഡ്രിഡിലും, കറ്റലോണിയയിലും, ഗ്രാൻ കനേറിയ - തെനെറീഫ് ദ്വീപുകളിലുമുൾപ്പെടെ, രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യാക്കോബ് ശ്ലീഹായിലൂടെ സുവിശേഷസന്ദേശം സ്വീകരിച്ച സ്പെയിൻ മുഴുവനിലുമുള്ള പ്രാദേശികസഭയിലും പൊതുസമൂഹത്തിലും സുവിശേഷസന്ദേശത്തിന്റെ വെളിച്ചം കൂടുതൽ തെളിമയുള്ളതാക്കിയാണ് പരിശുദ്ധ പിതാവ് മടങ്ങിയത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂൺ ആറാം തീയതി ശനിയാഴ്ച ആരംഭിച്ച ലിയോ പതിനാലാമൻ പാപ്പായുടെ നാലാമത് വിദേശ അപ്പസ്തോലികയാത്രയ്ക്ക് നാല് പ്രധാനഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നാമത്തേത്, ജൂൺ ആറുമുതൽ ഒൻപതാം തീയതി രാവിലെ വരെ മാഡ്രിഡിന്റെ വിവിധയിടങ്ങളിൽ നടത്തിയ വിശുദ്ധ ബലിയർപ്പണങ്ങളും പ്രാർത്ഥനാസമ്മേളനങ്ങളും വിവിധ കൂടിക്കാഴ്ചകളുമായിരുന്നു. തുടർന്ന് ഈ അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കറ്റലോണിയയിലേക്കാണ് പാപ്പാ യാത്രയായത്. അവിടെയും വിവിധ കൂടിക്കാഴ്‌ചകളും മറ്റു ചടങ്ങുകളും നടത്തിയ പാപ്പാ, തന്റെ അപ്പസ്തോലികയാത്രയുടെ ആറാം ദിവസമായ ജൂൺ പതിനൊന്നാം തീയതി, യാത്രയുടെ മൂന്നാം പാദമായ ഗ്രാൻ കനേറിയ ദ്വീപിലേക്ക് യാത്ര തിരിച്ചു. ഈ ദ്വീപിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിപാടികൾ വരെയുള്ള തുടർവിവരണമാണ് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ റേഡിയോയിലൂടെയും വത്തിക്കാൻ ന്യൂസ് വെബ്സൈറ്റിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചത്.

പരിശുദ്ധ പിതാവ് തെനെറീഫിലേക്ക്

പരിശുദ്ധ പിതാവിന്റെ നാലാമത് അപ്പസ്തോലികയാത്രയുടെ ഏഴാം ദിനമായ ജൂൺ പന്ത്രണ്ടാം തീയതിയിലെ പ്രധാന പരിപാടികൾ ഈ യാത്രയുടെ നാലാം പാദമായ തെനെറീഫ് ദ്വീപ് സന്ദർശനവും വത്തിക്കാനിലേക്കുള്ള മടക്കയാത്രയുമായിരുന്നു.

തെനെറീഫ് ദ്വീപ്

സ്‌പെയിനിലെ കനേറി ദ്വീപുകളിൽ ഏറ്റവും വലുതും, സ്‌പെയിനിലെ കൂടുതൽ ജനവാസമുള്ള ദ്വീപുമാണ് തെനെറീഫ്. 2.034 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ഇവിടെ ഏതാണ്ട് പത്തുലക്ഷത്തോളം ആളുകൾ മാത്രമാണ് താമസിക്കുന്നത്. ഒരു പ്രധാന ടൂറിസ്റ്റു പ്രദേശം കൂടിയായ ഇവിടെ പ്രതിവർഷം 74 ലക്ഷത്തോളം ആളുകൾ സന്ദർശനത്തിനെത്താറുണ്ട്.

ജൂൺ പന്ത്രണ്ടാം തീയതി രാവിലെ എട്ടുമണിയോടെ ഗ്രാൻ കനേറിയയിലെ രൂപതാമന്ദിരത്തിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ പാപ്പാ, അവിടെനിന്ന് ഇരുപത്തിയൊന്ന് കിലോമീറ്ററുകൾ അകലെയുള്ള ഗ്രാൻ കനേറിയ-ഗാന്തോ (Gran Canaria-Gando) എയർബേസിലേക്ക് കാറിൽ യാത്രയായി. എട്ടരയോടെ അവിടെത്തിയ പാപ്പാ, പ്രാദേശിക ഔദ്യോഗികനേതൃത്വത്തോട് യാത്രപറഞ്ഞശേഷം, 17 കിലോമീറ്ററുകൾ അകലെ സാന്താ ക്രൂസിലുള്ള (Santa Cruz de Tenerife) തെനെറീഫ് നോർത്തേ - ലൊസ് റോദെയോസ് (Tenerife Norte - Los Rodeos) വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തു.

സാന്താ ക്രൂസ് നഗരം

തെനെറീഫ് ദ്വീപിലെ പ്രധാനനഗരമാണ് സാന്താ ക്രൂസ്. ഏതാണ്ട് രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യർ വാസം തുടങ്ങിയതായാണ് കണക്കാക്കുന്നത്. 1494-ലാണ് ഈ ദ്വീപിന് സാന്താ ക്രൂസ് എന്ന പേര് കിട്ടിയത്. ലസ് പാൽമാസിനൊപ്പം ഗ്രാൻ കാനേറിയുടെ തലസ്ഥാനമായാണ് ഇതും കണക്കാക്കപ്പെടുന്നത്

ലസ് റൈസെസ് അഭയകേന്ദ്രത്തിലെ കൂടിക്കാഴ്ച

കുടിയേറ്റക്കാരായെത്തുന്ന ആളുകൾക്ക് അഭയമേകുന്ന ലാസ് റൈസെസ് (Las Raíces) കേന്ദ്രം സന്ദർശിക്കാനും ഇവിടെയുള്ള ആളുകളെ കണ്ടുമുട്ടനുമായാണ് പാപ്പാ ഇവിടേക്കെത്തിയത്. 2021-ൽ ആരംഭിച്ച ഈ കേന്ദ്രം സ്പെയിൻ ഗവണ്മെന്റും, ചില സർക്കാരിതര സംഘടനകളും ചേർന്നാണ് നടത്തുന്നത്. ഒൻപതരയോടെ ഈ അഭയകേന്ദ്രത്തിലെത്തിയ പാപ്പായെ കേന്ദ്രത്തിന്റെ ഡയറക്ടർ സ്വീകരിച്ചു. ഏതാണ്ട് അറുനൂറോളം കുടിയേറ്റക്കാരാണ് ഈ അഭയകേന്ദ്രത്തിലുള്ളത്.

സ്വാഗതഗാനത്തോടെ ആരംഭിച്ച, കുടിയേറ്റക്കാരുമൊത്തുള്ള ഔദ്യോഗിക കൂടിക്കാഴ്ചാസമ്മേളനത്തിൽ തെനെറീഫ് സാൻ ക്രിസ്റ്റോബാൽ ദേ ല ലഗൂണ (San Cristóbal de La Laguna) മെത്രാൻ അഭിവന്ദ്യ എലോയ് അൽബെർത്തോ സാന്തിയാഗോ സാന്തിയാഗോ (Msgr. Eloy Alberto Santiago Santiago) ഈ കേന്ദ്രത്തെക്കുറിച്ച് പരിശുദ്ധ പിതാവിനോട് സംസാരിച്ചു. തുടർന്ന് കുടിയേറ്റക്കാരെ സമൂഹത്തിൽ ഉൾച്ചേർക്കുന്നതിനുവേണ്ടിയുള്ള മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഒരു ഗാനവും സെന്റർ ഡയറക്ടറുടെയും രണ്ട് കുടിയേറ്റക്കാരുടെയും സാക്ഷ്യവുമുണ്ടായിരുന്നു.  ഇതേത്തുടർന്ന് പരിശുദ്ധ പിതാവ് ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

പ്രഭാഷണശേഷം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി. തുടർന്ന് നടന്ന സമാപനഗാനത്തിന് ശേഷം പാപ്പാ, കുടിയേറ്റക്കാർ താമസിക്കുന്ന ഒരു ടെന്റിൽ എത്തി അവിടെയുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു.

കുടിയേറ്റക്കാരെ സമൂഹത്തിൽ ഉൾച്ചേർക്കുന്നതിന് വേണ്ടിയുള്ള സംരംഭങ്ങൾ

പത്തുമണിയോടെ ലസ് റൈസെസ് അഭയകേന്ദ്രത്തിൽനിന്ന് അഞ്ചുകിലോമീറ്ററുകളോളം അകലെ പ്ലാസ ദെൽ ക്രിസ്തോ (Plaza del Cristo) എന്ന ചത്വരത്തിൽ, അഭയാർത്ഥികളെ ശരിയായ രീതിയിൽ പരിശീലനം നൽകി പൊതുസമൂഹത്തിൽ ഉൾച്ചേർക്കുന്നതിന് വേണ്ടിയുള്ള സംരംഭങ്ങളുമായി കണ്ടുമുട്ടാനായി പാപ്പാ കാറിൽ യാത്രയായി.

പ്ലാസ ദെൽ ക്രിസ്തോ ചത്വരത്തിൽ നടന്ന സമ്മേളനത്തിൽ ആലപിക്കപ്പെട്ട സ്വാഗതഗാനത്തിന് ശേഷം, തെനെറീഫ് രൂപതാ മെത്രാൻ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

തുടർന്ന് ഒരു ഗാനാലാപനവും, വെനിസ്വേലയിൽനിന്നുള്ള ഒരു വൈദികന്റേയും, സെനഗൽ, മറോക്കൊ, കൊളംബിയ എന്നിവിടങ്ങളിനിന്നുള്ള മൂന്ന് കുടിയേറ്റക്കാരുടെയും സാക്ഷ്യവുമുണ്ടായിരുന്നു. ഇതേത്തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണശേഷം ഏവർക്കും ആശീർവാദം നൽകിയ പാപ്പാ, സമാപനഗാനത്തിന് ശേഷം അവിടെയുണ്ടായിരുന്ന വിശ്വാസികൾക്കിടയിലൂടെ ഗോൾഫ് കാറിൽ സഞ്ചരിച്ചു.

പാപ്പാ തെനെറീഫ് മെത്രാസനമന്ദിരത്തിലേക്ക്

കുടിയേറ്റക്കാരെ സമൂഹത്തിൽ ഉൾച്ചേർക്കുന്നതിന് വേണ്ടിയുള്ള സംരംഭങ്ങളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോൾഫ് കാർട്ടിൽ മെത്രാസനമന്ദിരത്തിലേക്ക് യാത്രയായ പാപ്പാ, വഴിയിലുണ്ടായിരുന്ന ആളുകളെ പ്രത്യേകിച്ച് രോഗികളെയും, വിവിധ സമർപ്പിതസമൂഹങ്ങളുടെ പ്രതിനിധികളെയും വിശ്വാസികളെയും അഭിവാദ്യം ചെയ്തു.

പതിനൊന്നരയോടെ മെത്രാസനമന്ദിരത്തിലെത്തിയ പാപ്പാ, ബാൽക്കണിയിൽനിന്നുകൊണ്ട് പ്രാദേശിക കാത്തോലിക്കാസമൂഹത്തെ അഭിവാദ്യം ചെയ്തു.

സാന്താ ക്രൂസ് ദെ തെനെറീഫ് തുറമുഖത്തെ വിശുദ്ധ കുർബാന

തെനെറീഫ് മെത്രാസനമന്ദിരത്തിൽനിന്ന് പന്ത്രണ്ട് കിലോമീറ്ററുകൾ അകലെയുള്ള സാന്താ ക്രൂസ് ദെ തെനെറീഫ് തുറമുഖത്തേക്ക് പതിനൊന്നരയോടെ പാപ്പാ കാറിൽ യാത്രയായി. രൂപതയിൽനിന്നുള്ള വിശ്വാസിസമൂഹവുമൊത്തുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായാണ് പാപ്പാ ഇവിടേക്കെത്തിയത്. പന്ത്രണ്ടുമണിയോടെ തുറമുഖത്തെത്തിയ പാപ്പാ, തുറന്ന കാറിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയും തുടർന്ന് പന്ത്രണ്ടേകാലോടെ വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തു. നാൽപ്പത്തിനായിരത്തോളം ആളുകളാണ് പാപ്പാ അർപ്പിച്ച വിശുദ്ധ ബലിയിൽ പങ്കെടുത്തത്.

യേശുവിന്റെ തിരുഹൃദയത്തിരുനാളിലെ ഈ വിശുദ്ധ ബലിയർപ്പണത്തിൽ വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കി പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.

വിശുദ്ധ ബലിയുടെ അവസാനം രൂപതാദ്ധ്യക്ഷൻ ബിഷപ് സാന്തിയാഗോ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക്

സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാന ചടങ്ങായ, തെനെറീഫിലെ വിശുദ്ധ ബലിയർപ്പണം അവസാനിച്ചശേഷം പരിശുദ്ധ പിതാവ് തിരികെ വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കായി തുറമുഖത്തുനിന്ന് പന്ത്രണ്ട് കിലോമീറ്ററുകൾ അകലെയുള്ള തെനെറീഫ് നോർത്തേ - ലൊസ് റോദെയോസ് വിമാനത്താവളത്തിലേക്ക് രണ്ടേകാലോടെ യാത്രയായി.

സ്പെയിനിൽനിന്ന് വത്തിക്കാനിലേക്ക്

രണ്ടരയോടെ ലൊസ് റോദെയോസ് വിമാനത്താവളത്തിലെത്തിയ പാപ്പാ മുൻ രാജ്ഞി സോഫിയയെ അഭിവാദ്യം ചെയ്തു. സ്‌പെയിൻ രാജാവ് ഫിലിപ്പ് ആറാമനും, പ്രാദേശിക ഔദ്യോഗികനേതൃത്വവും, സഭാനേതൃത്വവും പരിശുദ്ധ പിതാവിനെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. തുടർന്ന് നടന്ന ദേശീയഗാനാലാപനങ്ങൾക്കും, ഔദ്യോഗിക ബഹുമതിച്ചടങ്ങുകൾക്കും ശേഷം ഇരു പ്രതിനിധിസംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്തു. തുടർന്ന് , റോമിലേക്ക് മടങ്ങാനായി വിമാനത്താവളത്തിൽ തയ്യാറാക്കി നിറുത്തിയിരുന്ന ഇബേരിയ A320 എയർബസിലേക്ക് മൂന്ന് മണിയോടെ പാപ്പാ കയറി.

വിഭിന്നമായ ഒരു മടക്കയാത്ര

ജൂൺ 6 മുതൽ 12 വരെ, ഏഴ് ദിവസങ്ങൾ നീണ്ട സ്പെയിനിലേക്കുള്ള പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്ര അവസാനിച്ചത് പക്ഷെ, മുൻകൂട്ടി തീരുമാനിച്ചിരുന്നതിൽനിന്നും അൽപം വ്യത്യസ്തമായായിരുന്നു. പാപ്പായുടെ മടക്കയാത്രയ്ക്കായി തയ്യാറാക്കിയിരുന്ന ഇബേരിയ A320 എയർബസ് യാത്ര പുറപ്പെടാനായുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും, അതിൽ ചില തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന്, വിമാനത്തിലെത്തിയ ഫിലിപ്പ് ആറാമൻ രാജാവ് പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിലെ വി.ഐ.പി. ലൗഞ്ചിലേക്ക് തിരികെ കൊണ്ടുവന്നു.

തുടർന്ന് രാജാവ് വിട്ടുനൽകിയ സ്വകാര്യ വിമാനത്തിലാണ് പരിശുദ്ധ പിതാവ് റോമിലെ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. വൈകിട്ട് ആറുമണിയോടെ യാത്ര പുറപ്പെട്ട പാപ്പാ, മറോക്കൊ, പോർച്ചുഗൽ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്‌ത്‌, രാത്രി പതിനൊന്ന് മണിയോടെയാണ് റോമിലെത്തിയത്. തുടർന്ന് കാറിൽ പാപ്പാ വത്തിക്കാനിലേക്ക് എത്തിച്ചേർന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ജൂൺ 2026, 15:15