തിരയുക

ലിയോ പതിനാലാമൻ പാപ്പായും സ്‌പെയിൻ രാജാവും രാജ്ഞിയും ലിയോ പതിനാലാമൻ പാപ്പായും സ്‌പെയിൻ രാജാവും രാജ്ഞിയും  (@Vatican Media)

ഐക്യത്തിലും സഹകരണത്തിലും മുന്നേറാൻ സ്പെയിനിലെ വിവിധ മത, സാംസ്‌കാരിക യാഥാർത്ഥ്യങ്ങളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

തന്റെ നാലാമത് വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി ലിയോ പതിനാലാമൻ പാപ്പാ സ്പെയിനിലെത്തി. സുവിശേഷവും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട വലിയ ചരിത്രപരമ്പര്യവും, ഭിന്ന, മതവിഭാഗങ്ങൾ വസിക്കുന്ന ഇടമെന്ന നിലയിൽ സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സ്പെയിനും യൂറോപ്പിനും ഉള്ള വിളിയും, രാജ്യത്തെ തന്റെ പ്രഥമ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവത്തിനും, തനിക്ക് നൽകിയ ക്ഷണത്തിന് സ്‌പെയിനിലെ അധികാരനേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടേയിരുന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ നാലാമത് വിദേശ അപ്പസ്തോലികയാത്രയിൽ, സ്പെയിനിന്റെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമുള്ള സദസ്സിൽ, രാജ്യത്തെ പ്രഥമപ്രഭാഷണം ആരംഭിച്ചത്. സ്പെയിനിന്റെ നാനാത്വമെന്ന സവിശേഷതയെ പ്രത്യേകം പരാമർശിച്ച പാപ്പാ, രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യാക്കോബ് ശ്ലീഹായിലൂടെ സുവിശേഷസന്ദേശം സ്വീകരിച്ച ഈ രാജ്യത്തെ പ്രാദേശികസഭയും പന്തക്കുസ്താദിനത്തിൽ ആരംഭിച്ച അപ്പസ്തോലികനിയോഗവും തമ്മിലുള്ള ബന്ധം വ്യക്തമാണെന്ന് അനുസ്മരിച്ചു. ക്രൈസ്തവവിശ്വാസം ഇവിടുത്തെ ജനത്തിന്റെ വ്യക്തിത്വവും, പ്രദേശത്തിന്റെ സംസ്കാരവും രൂപീകരിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ച് പറഞ്ഞ പാപ്പാ, ജീവിതത്തെ സ്നേഹിക്കുകയും അത് പ്രകടമാക്കുകയും ചെയ്യുന്ന ഒരു ജനമാണിതെന്നും, യേശു ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ സ്വാധീനം വ്യക്തമാക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇവിടെയുള്ളതെന്നും പ്രസ്താവിച്ചു.

നിങ്ങളുടെ വിശ്വാസത്തെയും സുവിശേഷത്തോടുള്ള വിശ്വസ്തതയെയും സ്ഥിരപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും നവീകരിക്കുന്നതിന് ആഹ്വാനം ചെയ്യാനുമാണ് താൻ സ്പെയിനിലെത്തിയതെന്ന് പറഞ്ഞ പാപ്പാ, രാജ്യത്തെ ഭിന്നജനതകൾക്കിടയിലുണ്ടാകേണ്ട അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പ്രത്യേകം പരാമർശിച്ചു. ഏറ്റുമുട്ടലിന്റെയല്ല കണ്ടുമുട്ടലിന്റെ സംസ്കാരമാണ് സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരികയെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, മുൻകൂട്ടി തയ്യാറാക്കിയ പ്രത്യയശാസ്ത്രങ്ങളിൽ സ്വയം തളച്ചിടാതെ, സത്യത്തിലേക്ക് തുറന്ന മനസ്സോടെ ജീവിക്കുന്നവരിലാണ് സമാധാനത്തിന്റെ സന്ദേശം സ്വീകാര്യത കണ്ടെത്തുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു. ആശയവും യാഥാർത്ഥ്യവും തമ്മിലുണ്ടാകേണ്ട സംവാദം വളർത്തേണ്ടതിന്റെ പ്രാധാന്യം, "എവഞ്ചേലി ഗൗദിയും" (Evangelii gaudium, 231) എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനത്തെ അധികരിച്ച് എടുത്തുകാട്ടിയ പാപ്പാ, യാഥാർത്ഥ്യം ആശയത്തെക്കാൾ ഉന്നതമാണെന്ന് ഓർമ്മിപ്പിച്ചു.

സ്പെയിനിലെ സഭാജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി അതിനെ വളർത്തുന്ന കുരിശിന്റെ വിശുദ്ധ യോഹന്നാൻ, ആവിലയിലെ വിശുദ്ധ ത്രേസ്യ എന്നിവരെ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. ആത്മാവിന്റെ കണ്ണ് തുറപ്പിക്കുന്ന ജീവിതത്തിലെ അന്ധകാര നിമിഷങ്ങളെ വിലമതിച്ച കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ഇക്കാലത്തും ഇരുളിൽ പ്രകാശം കണ്ടെത്താൻ സഹായിക്കുന്നതും, അവസാനമെന്ന് തോന്നുന്നയിടത്ത് ഒരു തുടക്കം സാധ്യമാക്കുന്നതുമായ സ്ത്രീപുരുഷന്മാരുടെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സംഘർഷങ്ങളും അസമത്വങ്ങളും നിറഞ്ഞ സമകാലീനലോകം പക്ഷെ, സമാധാനത്തിലേക്കും, മനുഷ്യാന്തസ്സും സ്നേഹസംസ്കാരവും നിലനിൽക്കുന്ന ഒരു പുതിയ യാഥാർത്ഥ്യത്തിലേക്കുമാണ് നമ്മെ ക്ഷണിക്കുന്നതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു (Magnifica humanitas, 186).

വിശുദ്ധ ത്രേസ്യയാകട്ടെ “ആഭ്യന്തരഹർമ്മ്യം” എന്ന ഒരു ആശയമാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. നമ്മിലേക്ക് തന്നെ നോക്കാനും, എല്ലാ ഭിന്നതകളും സംഘർഷങ്ങളും ഇല്ലാതാകുന്നതും, ഏവർക്കും ഇടം ലഭിക്കുന്ന, ലോകം കുടുംബമാകുന്നതും, നമ്മുടെ ഉള്ളിലേക്ക് തന്നെ തിരിയാൻ പ്രേരിപ്പിക്കുന്നതുമായ ഒരു ആശയമാണ് വിശുദ്ധ നിർദ്ദേശിക്കുന്നത്. മതത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിനുള്ള ഒരു കാരണം കൂടിയാണ് ഈയൊരു മാനം.

തീ ഊതിക്കത്തിച്ച് ജനസമ്മിതി നേടുന്നതിനുള്ള പ്രലോഭനം വളരുന്നത് നാം കാണുന്നുണ്ട്. മനുഷ്യാന്തസ്സ്‌ പലയിടങ്ങളിലും ഹനിക്കപ്പെടുന്നു. ഇവിടെ സംസ്കാരത്തിന്റെയും അദ്ധ്യാത്മികതയുടെയും സ്വാതന്ത്രവും ഗുണമേന്മയുമുള്ളതുമായ വിദ്യാഭ്യാസത്തിന്റെയും ആവശ്യം നമുക്ക് കാണാം. അന്ധകാരത്തിന്റെ ഈ രാത്രികളിലും സത്യത്തോടുള്ള സ്നേഹത്താൽ, മനഃസാക്ഷിയിൽ നീതിയും സമാധാനവും ഒന്നുചേരുന്ന ഇടം തേടുന്ന മനുഷ്യരെ നമുക്ക് കാണാം. അവരുടെ സ്വാതന്ത്ര്യത്തിൽനിന്നാണ് സ്വാതന്ത്രരായിരിക്കാൻ നാം പഠിക്കേണ്ടത്.

ഒരുപാട് രക്തസാക്ഷികളുടെയും വിശുദ്ധരുടെയും സുവിശേഷസാക്ഷ്യത്തിന്റെ പിൻബലത്തോടെ, കത്തോലിക്കാസഭ മനുഷ്യഹൃദയത്തിന്റെ ദാഹം തീർക്കാൻ തയ്യാറായി നിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ ഇത് അടിച്ചേൽപ്പിക്കലിന്റെ ശൈലിയിലല്ലെന്നും, അനുരഞ്ജനവും സമാധാനവും തേടുന്ന മനുഷ്യർക്ക് ശുശ്രൂഷ ചെയ്യാൻ സഭ എപ്പോഴും തയ്യാറാണെന്നും പ്രസ്താവിച്ചു.

സമൂഹത്തിലും ചരിത്രത്തിലുമുള്ള ഭിന്നതയുടെയും ധ്രുവീകരണത്തിന്റെയും ചിന്തകൾ വെടിഞ്ഞ് സത്യത്തെ സ്നേഹിക്കാനും, സങ്കീർണ്ണതകളെ വിലമതിക്കാനും, അതിനെ ഒരു അനുഗ്രഹമായി സ്വീകരിക്കാനും പഠിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് യൂറോപ്പെന്ന പഴയ ഭൂഖണ്ഡത്തിന്, പ്രത്യേകിച്ച് സ്പെയിനുള്ള സവിശേഷ വിളിയാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. നമ്മുടെ അടിസ്ഥാന തിരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്ന സാങ്കേതികവിദ്യകൾ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു.

വിവിധ നേതൃത്വങ്ങൾ, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ മൂല്യം ഉയർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ആയുധങ്ങളിലും മതിലുകളിലും നിന്നല്ല, മറ്റുളളവർക്കൊത്ത് നടക്കാനും വളരാനും പഠിക്കുന്നതിൽനിന്നാണ് സുരക്ഷിതത്വം ഉണ്ടാകുന്നതെന്ന് ഓർമ്മിപ്പിച്ചു. സ്പെയിനിലെ ഇസ്ലാമിക സാന്നിദ്ധ്യം പ്രത്യേകമായി പരാമർശിച്ച പാപ്പാ, ഇവിടുത്തെ രാഷ്ട്രീയ, സാംസ്‌കാരിക, മത യാഥാർത്ഥ്യങ്ങൾ ഏറ്റുമുട്ടലുകളുടെ മാത്രമല്ല, ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും യഹൂദരും സത്യത്തെക്കുറിച്ചുള്ള സംവാദങ്ങളുടെയും കണ്ടുമുട്ടലുകളുടെയും ഇടം തേടിയതിന്റെ കൂടി ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും ഇത് യൂറോപ്പിലെ ഒരുപാട് നഗരങ്ങളുടെ കാര്യത്തിലും സത്യമാണെന്നും ഓർമ്മിപ്പിച്ചു. ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലുകളെ പുതിയൊരു തുടക്കത്തിന്റെ ഇടമാക്കി മാറ്റുന്നതാണ് നാം കാണുന്നത്.

പരീക്ഷണങ്ങളിലും പരാജയങ്ങളിലും പുനഃവിചിന്തനം സാധ്യമാണെന്നാണ് ഈ മണ്ണിന്റെ മറ്റൊരു മകൻ, ലയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് നമ്മെ പഠിപ്പിച്ചതെന്ന് പറഞ്ഞ പാപ്പാ, ആയുധങ്ങൾക്ക് പകരം സമാധാനവും ശക്തർക്ക് പകരം വിശുദ്ധരെയും തിരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഓർമ്മിപ്പിച്ചു. പരിഹസിക്കുകയും എതിർചേരിയിലാക്കുകയും ചെയ്യുന്ന വാക്കുകൾ ഒഴിവാക്കാനും, അനാവശ്യ ഭയങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാനും, മനുഷ്യാന്തസ്സ്‌ മാനിക്കാനും, സമ്പത്ത് ഏവർക്കുമായി വിതരണം ചെയ്യാനും, പാവപ്പെട്ടവരോടും പ്രകൃതിയോടും ചേർന്നുനിൽക്കാനും, നീതിയിലേക്കും സമാധാനത്തിലേക്കും ലക്‌ഷ്യം വയ്ക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടാനും വേണ്ടിയുള്ള നയങ്ങൾ സ്വീകരിക്കാനും “മഞ്ഞീഫിക്ക ഉമാനിത്താസ്” എന്ന തന്റെ ചാക്രിക ലേഖനം (Magnifica humanitas, 14) പരാമർശിച്ചുകൊണ്ട് പാപ്പാ ക്ഷണിച്ചു.

ജനതകൾക്കിടയിൽ സമാധാനത്തിനും ഐക്യദാർഢ്യത്തിനും സഹായിക്കുന്ന വിധത്തിൽ അന്താരാഷ്ട്രനിയമങ്ങൾ പാലിക്കുന്നതിലും, മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും സ്പെയിനിന്റെ അധികാരികളെ അഭിനന്ദിച്ച പാപ്പാ, സംവാദങ്ങളും സാമൂഹികസൗഹൃദവും വളർത്താനും, പാവപ്പെട്ടവർക്കും യുവജനങ്ങൾക്കും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കണക്കിലെടുക്കാനും, സ്വയം ഭരണത്തിനും ഐക്യത്തിനും വേണ്ടിയുള്ള ആവശ്യത്തെ സമരസപ്പെടുത്താനും, യൂറോപ്പിന്റെ ഐക്യത്തെ മറ്റ് ശക്തികൾക്ക് എതിരായുള്ള യാഥാർത്ഥ്യം എന്നതിന് പകരം, മാനവകുടുംബത്തിന് മുഴുവനും വേണ്ടിയുള്ള ഒരു അനുഗ്രഹമാക്കി മാറ്റാനും ആഹ്വാനം ചെയ്തു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ജൂൺ 2026, 13:32