സഭയോടും പത്രോസിന്റെ പിൻഗാമികളോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു കർദ്ദിനാൾ ഷെറിഗിന്റെ ജീവിതം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മുൻ അപ്പസ്തോലിക നൂൺഷ്യോ കർദ്ദിനാൾ പോൾ എമിൽ ഷെറിഗ് (Card. Paul Emil Tscherrig) അന്തരിച്ചു. അപ്പസ്തോലിക നൂൺഷ്യോ എന്ന നിലയിലും, പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ ഡികാസ്റ്ററികളിലെ അംഗമെന്ന നിലയിലും, സഭയോടും പത്രോസിന്റെ പിൻഗാമികളായ പാപ്പാമാരോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു കർദ്ദിനാൾ ഷെറിഗിന്റെ ജീവിതമെന്ന് കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും, അദ്ദേഹം അംഗമായിരുന്ന സ്വിറ്റസർലണ്ടിലെ സിയോൺ രൂപതാംഗങ്ങൾക്കും അനുശോചനമറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പാ എഴുതി.
തന്റെ എഴുപത്തിയൊൻപതാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ കർദ്ദിനാൾ ഷെറിഗിനെ "സുവിശേഷത്തിന്റെ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചയാൾ" എന്ന നിലയിൽ വിശേഷിപ്പിച്ച പാപ്പാ, അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും, അസ്തമയമില്ലാത്ത പ്രകാശത്തിലേക്ക് കർത്താവ് അദ്ദേഹത്തെ സ്വീകരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പരേതനെ പരിശുദ്ധ അമ്മയുടെ മാതൃതുല്യമായ പ്രാർത്ഥനകൾക്ക് സമർപ്പിച്ച പരിശുദ്ധ പിതാവ്, പെട്ടെന്നുള്ള ഈ വേർപാടിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകി.
1947 ഫെബ്രുവരി 3-ന് സ്വിറ്റസർലണ്ടിലെ സിയോൺ-ൽ ജനിച്ച അദ്ദേഹം, 1974 ഏപ്രിൽ 11-ന് ഇതേ പേരിലുള്ള രൂപതാ വൈദികനായി അഭിഷിക്തനായി. തുടർന്ന് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, 1978 മുതൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രവിഭാഗത്തിൽ സേവനമാരംഭിച്ചു. ഉഗാണ്ട, തെക്കൻ കൊറിയ, മംഗോളിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അപ്പസ്തോലിക നൂൻഷ്യേച്ചറുകളിൽ സഹകാരിയായി സഹകാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996 മെയ് 4-ന് ആർച്ബിഷപ്പും ബുറുണ്ടിയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോയും ആയി അഭിവന്ദ്യ ഷെറിഗ് നിയമിതനായി. തുടർന്ന് 2000-ൽ അന്റിലിസ് ദ്വീപുകളിലേക്കും, 2004-ൽ കൊറിയയിലേക്കും, തുടർന്ന് 2008-ൽ നോർഡിക് രാജ്യങ്ങളിലേക്കും, 2012-ൽ അർജന്റീനയിലേക്കും അപ്പസ്തോലിക നൂൺഷ്യോ ആയി അയക്കപ്പെട്ടു. 2017-ന് ഇറ്റലിയിലേക്കുള്ള ഇറ്റലിയുടെ പുറത്തുനിന്നുള്ള പ്രഥമ അപ്പസ്തോലിക നൂൺഷ്യോ ആയി നിയമിക്കപ്പെട്ട അദ്ദേഹത്തെ 2023 സെപ്റ്റംബർ 30-ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ പദവിയിലേക്കുയർത്തി.
2024 മാർച്ച് 11-ന് തന്റെ 77-ആം വയസ്സിൽ നയതന്ത്രവിഭാഗത്തിലെ പ്രവർത്തനം അവസാനിപ്പിച്ച അദ്ദേഹം റോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഏതാണ്ട് ഒരു മാസം മുൻപ് വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് താമസം മാറ്റിയ അദ്ദേഹം മെയ് 12 ചൊവ്വാഴ്ച രാവിലെയാണ് ഇഹലോകവാസം വെടിഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
