തിരയുക

ലിയോ പതിനാലാമൻ പാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്തെത്തിയപ്പോൾ ലിയോ പതിനാലാമൻ പാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്തെത്തിയപ്പോൾ  (ANSA)

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്ത് പ്രാർത്ഥന നടത്തി ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ, തന്റെ മുൻഗാമികളിൽ ഒരാളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്തെത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു. 1981-ൽ മെയ് പതിമൂന്നാം തീയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്കായെത്തിയ അവസരത്തിലായിരുന്നു വിശുദ്ധനെതിരെ ആക്രമണം നടന്നത്.

വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് നേരെ വധശ്രമം നടന്നയിടത്ത് പ്രാർത്ഥന നടത്തി ലിയോ പതിനാലാമൻ പാപ്പാ. ബുധനാഴ്ചകളിലെ പതിവുപോലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്‌ക്കെത്തിയ അവസരത്തിലാണ്, 1981 മെയ് 13-ന് വിശുദ്ധനെതിരെ നടന്ന ഈ ആക്രമണത്തിന്റെ ഇടത്ത് പരിശുദ്ധ പിതാവ് പ്രാർത്ഥന നടത്തിയത്.

മരിയഭക്തനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് നേരെ, 45 വർഷങ്ങൾക്ക് മുൻപ്, ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഉണ്ടായ ആക്രമണത്തെ അനുസ്മരിച്ച പാപ്പാ, ഈ ബുധനാഴ്ചയിലെ പ്രഭാഷണം പരിശുദ്ധ മറിയവും സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് നടത്തിയത്.

ഫാത്തിമ മാതാവിന്റെ സന്ദേശം ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും ആഹ്വാനമാണെന്ന് ഓർമിപ്പിച്ച പാപ്പാ, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മറിയത്തിന്റെ നിർമ്മലഹൃദയത്തോട് പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു.

1981 മെയ് 13-ന്, പൊതുകൂടികാഴ്ചയ്ക്കിടയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച്, വിശ്വാസികളെ അഭിവാദനം ചെയ്യുന്നതിനിടെ മുഹമ്മദ് അലി അഗ്‌ക എന്ന അക്രമി, അടുത്ത ദൂരത്തിൽ നിന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അടിയന്തിര ചികിത്സ നൽകിയത്. അവിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ, ആക്രമണം നടത്തിയ വ്യക്തിയോട് താൻ ക്ഷമിക്കുന്നുവെന്ന് പാപ്പാ പ്രഖ്യാപിക്കുകയും, പിന്നീട് ജയിലിലെത്തി അദ്ദേഹത്തെ നേരിൽ കണ്ട് മാപ്പ് നൽകുകയും ചെയ്തിരുന്നു.

ഈ സംഭവത്തിൽ പരിശുദ്ധ അമ്മയുടെ സംരക്ഷണം അനുഭവിച്ചറിഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമൻ, പാപ്പായെന്ന നിലയിൽ താൻ സ്വീകരിച്ചിരുന്ന ”ഞാൻ പൂർണ്ണമായും നിനക്കുള്ളവൻ" (Totus Tuus Ego Sum) എന്ന വാക്യം രേഖപ്പെടുത്തിയ പരിശുദ്ധ അമ്മയുടെ ചിത്രം അപ്പസ്തോലിക കൊട്ടാരത്തിന്റെ ചുമരിൽ സ്ഥാപിക്കുകയും, പരിശുദ്ധ മറിയത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനെതിരെ അക്രമം നടന്നയിടത്ത്, അദ്ദേഹത്തിന്റെ സ്ഥാനികചിഹ്നം ആലേഖനം ചെയ്ത  വെളുത്ത മാർബിൾ ഫലകവും സ്ഥാപിച്ചിട്ടുണ്ട്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മേയ് 2026, 13:47