ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

സ്വർഗ്ഗീയഭവനം ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന ഭൗമികസഭ: ലുമെൻ ജെൻസ്യുമിനെക്കുറിച്ചുള്ള വിചിന്തന ഉദ്ബോധനവുമായി ലിയോ പതിനാലാമൻ പാപ്പാ

മെയ് ആറാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. ഭൗമിക, സ്വർഗ്ഗീയ സഭയുടെ പ്രത്യേകതകൾ വിളികൾ, ഉത്തരവാദിത്വങ്ങൾ, രക്ഷയുമായി ബന്ധപ്പെട്ട് അവൾ നടത്തേണ്ട പ്രഘോഷണം, സഭാമക്കളുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങി രണ്ടാം വത്തിക്കാൻ കൗൺസിൽ അതിന്റെ പ്രമാണരേഖയായ ലുമെൻ ജെൻസ്യുമിലൂടെ ഉദ്ബോധിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസ്യും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "സ്വർഗ്ഗീയഭവനം ലക്ഷ്യമാക്കി ചരിത്രത്തിലൂടെ തീർത്ഥാടനം നടത്തുന്ന സഭ" എന്ന വിഷയത്തിൽ, ഭൗമിക, സ്വർഗ്ഗീയ സഭയുടെ പ്രത്യേകതകൾ വിളികൾ, ഉത്തരവാദിത്വങ്ങൾ, രക്ഷയുമായി ബന്ധപ്പെട്ട് അവൾ നടത്തേണ്ട പ്രഘോഷണം, സഭാമക്കളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ചാണ് മെയ് ആറാം തീയതി ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വെളിപാട് പുസ്തകം ഏഴാം അദ്ധ്യായം ഒൻപതും പത്തും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ ഇതാ, എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവർ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവർ. അവർ വെള്ളയങ്കിയണിഞ്ഞ് കൈകളിൽ കുരുത്തോലയുമായി സിംഹാസനത്തിന് മുൻപിലും കുഞ്ഞാടിന്റെ മുൻപിലും നിന്നിരുന്നു. അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണ് രക്ഷ." (വെളി. 7, 9-10).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

സഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ ഏഴാം അദ്ധ്യായത്തിലെ ഒരു ഭാഗത്തെക്കുറിച്ച് നമുക്ക് ഇന്ന് വിചിന്തനം ചെയ്യാം. അത് സഭയുടെ സ്വഭാവവിശേഷങ്ങളിൽ ഒന്നായ യുഗാന്ത്യോന്മുഖഭാവത്തെക്കുറിച്ചാണ്. യഥാർത്ഥത്തിൽ സഭ അതിന്റെ ഭൗമിക ചരിത്രത്തിൽ, സ്വർഗ്ഗരാജ്യമെന്ന തന്റെ അന്തിമലക്ഷ്യത്തിലേക്ക് കണ്ണുനട്ടാണ് യാത്ര ചെയ്യുന്നത്. ഇത് സഭയുടെ പ്രധാനപ്പെട്ട മാനങ്ങളിൽ ഒന്നാണെങ്കിലും ഇതിനെ നാം പലപ്പോഴും അവഗണിക്കുകയോ ചെറുതായി കാണുകയോ ചെയ്യാറുണ്ട്. കാരണം, നമ്മൾ നമുക്ക് മുന്നിൽ കൂടുതൽ ദൃശ്യമായ കാര്യങ്ങളിലും, ക്രൈസ്തവസമൂഹത്തിന്റെ ജീവിതത്തിലെ സമൂർത്തമായ യാഥാർത്ഥ്യങ്ങളിലും അമിതമായി ശ്രദ്ധ കൊടുക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

സഭ എന്നാൽ, തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളുടെയും അന്തിമലക്ഷ്യമായി ദൈവരാജ്യത്തെ കണ്ടുകൊണ്ട് ചരിത്രത്തിലൂടെ നീങ്ങുന്ന ദൈവജനമാണ് (cf. LG, 9). യേശു സഭയ്ക്ക് തുടക്കം കുറിക്കുന്നത്, സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ഈ രാജ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ടാണ് (cf. LG 5). അതുകൊണ്ടുതന്നെ, ക്രിസ്തുവിലുള്ള രക്ഷയുടെ സാമൂഹിക, പ്രാപഞ്ചിക മാനങ്ങൾ പരിഗണിക്കാനും, ആ അന്തിമലക്ഷ്യത്തിലേക്ക് നോട്ടം തിരിക്കാനും, ആ കാഴ്ചപ്പാടിൽ എല്ലാത്തിനെയും അളക്കാനും വിലയിരുത്താനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

ലോകത്തിൽ ദൈവരാജ്യത്തിന്റെ വരവിന്റെ ശുശ്രൂഷയ്ക്കായാണ് സഭ ചരിത്രത്തിൽ ജീവിക്കുന്നത്. ഈ വാഗ്ദാനത്തിന്റെ വാക്കുകൾ അവൾ എല്ലാവരോടും, എല്ലായ്‌പ്പോഴും പ്രഖ്യാപിക്കുകയും, ഇതിനുവേണ്ടിയുള്ള മൂലധനം അവൾ കൂദാശകളുടെ പരികർമ്മത്തിലൂടെ പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ സ്വീകരിക്കുകയും, സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും ബന്ധങ്ങളിൽ അതിന്റെ യുക്തി യാഥാർത്ഥ്യമാക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ക്രിസ്തുവുമായുള്ള ഐക്യം "കൂടുതൽ തീവ്രമായി" സാക്ഷാത്കരിക്കപ്പെടുന്ന സ്ഥലവും മാർഗവും താനാണെന്ന് അവൾ അറിയുന്നു (LG, 48). എന്നാൽ അതേസമയം, അവളുടെ ദൃശ്യമായ അതിർത്തികൾക്കപ്പുറവും ദൈവത്താൽ പരിശുദ്ധാത്മാവിലൂടെ രക്ഷ നൽകപ്പെടാമെന്ന് അവൾ തിരിച്ചറിയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട്, ലൂമൻ ജെൻസ്യൂം ഒരു പ്രധാനപ്പെട്ട പ്രസ്താവന നടത്തുന്നുണ്ട്: സഭ രക്ഷയുടെ സാർവ്വത്രിക കൂദാശയാണ് (LG, 48). അതായത്, ദൈവം വാഗ്ദാനം ചെയ്ത ജീവന്റെയും സമാധാനത്തിന്റെയും പൂർണ്ണതയുടെ അടയാളവും ഉപകരണവുമാണ്. ഇതിനർത്ഥം അവൾ പൂർണ്ണമായും തന്നെത്തന്നെ ദൈവാരാജ്യമെന്നനിലയിൽ താദാത്മ്യപ്പെടുത്തി കാണുന്നില്ല എന്നല്ല. മറിച്ച് അതിന്റെ വിത്തും, പ്രാരംഭവുമായാണ് തന്നെത്തന്നെ അവൾ തിരിച്ചറിയുന്നത് എന്നതാണ് ഇതിന് കാരണം, അതിന്റെ പൂർണ്ണത, മാനവികതയ്ക്കും പ്രപഞ്ചത്തിനും അന്ത്യത്തിൽ മാത്രമേ നൽകപ്പെടുന്നുള്ളൂ- അതുകൊണ്ടുതന്നെ, ക്രിസ്തുവിശ്വാസികൾ നന്മയുടെ പക്വതയും, അതേസമയം അനീതികളും സഹനങ്ങളും ഉള്ള ഈ ഭൗമികചരിത്രത്തിലൂടെ, വഞ്ചിക്കപ്പെടുകയോ, നിരാശരാക്കപ്പെടുകയോ ചെയ്യാതെ മുന്നോട്ട് പോകുന്നു. അവർ "എല്ലാത്തിനെയും നവീകരിക്കുന്നവനിൽനിന്ന്" (വെളി. 21, 5) ലഭിച്ച വാഗ്‌ദാനത്താൽ നയിക്കപ്പെട്ടാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, സഭ, യേശുവിലൂടെ തുടക്കം കുറിക്കപ്പെട്ട ദൈവരാജ്യത്തിന്റെ, "ഇതിനോടകമുള്ള ആരംഭത്തിനും" വാഗ്ദാനം ചെയ്യപ്പെട്ടതും നാം കാത്തിരിക്കുന്നതും "ഇനിയും എത്താത്തതുമായ" പൂർണ്ണതയ്ക്കും ഇടയിലുള്ള തന്റെ നിയോഗം പൂർത്തിയാക്കുന്നു. തന്റെ പാതയെ പ്രകാശിപ്പിക്കുന്ന പ്രത്യാശയുടെ കാവൽക്കാരി എന്ന നിലയിൽ, ജീവിതത്തിന്റെ അന്തസ്സ് കെടുത്തുന്നതും, അതിന്റെ വളർച്ചയെ തടയുന്നതും, പാവപ്പെട്ടവർക്കും, ചൂഷിതർക്കും അക്രമത്തിന്റെയും യുദ്ധത്തിന്റെയും ഇരകൾക്കും, ശരീരത്തിലും മനസ്സിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഏവർക്കും അനുകൂലമായി നിലപാട് എടുക്കുന്നതിനെ തടയുന്നതുമായ എല്ലാത്തിനും എതിരായി വ്യക്തമായ വാക്കുകൾ പറയാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നവളുമാണ് സഭ (സഭയുടെ സാമൂഹിക പ്രബോധനം 159).

ദൈവരാജ്യത്തിന്റെ അടയാളവും കൂദാശയുമായ സഭ, ഭൂമിയിലെ തീർത്ഥാടക ദൈവജനമാണ്. അവൾ, മുഴുവൻ മാനവികതയ്ക്കും, തന്റെ നീതിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യത്തിനും വേണ്ടി ക്രിസ്തു യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന രക്ഷ, വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പ്രഖ്യാപിച്ചുകൊണ്ട്, അവന്റെ അന്തിമ വാഗ്‌ദാനത്താൽ, സുവിശേഷത്തിൽനിന്ന് ആരംഭിച്ച്, ചരിത്രത്തിലെ സംഭവങ്ങളെ വായിക്കുകയും വ്യാഖ്യാനിക്കുകയും, തിന്മയെ അതിന്റെ എല്ലാ രൂപങ്ങളിലും അപലപിക്കുകയും ചെയ്യുന്നു. അങ്ങനെ സഭ തന്നെത്തന്നെയല്ല പ്രഘോഷിക്കുന്നത്, മറിച്ച്, അവളിലെ എല്ലാം ക്രിസ്തുവിലുള്ള രക്ഷയിലേക്കാണ് വിരൽ ചൂണ്ടേണ്ടത്.

ഈയൊരു വീക്ഷണകോണിൽ, സഭ തന്റെ സ്ഥാപനങ്ങൾ, അവ ദൈവരാജ്യത്തിന്റെ ശുശ്രൂഷയ്ക്കായുള്ളവയാണെങ്കിലും, ഈ ഭൂമിയുടെ ക്ഷണികഭാവം പേറുന്നവയാകയാൽ, അവയുടെ മാനുഷികമായ ബലഹീനതകളും, ക്ഷണികതയും എളിമയോടെ അംഗീകരിക്കാൻ വിളിക്കപ്പെട്ടവളാണ് (cf. LG, 48). ഒരു സഭാപ്രസ്ഥാനത്തെയും സമ്പൂർണ്ണമെന്ന നിലയിൽ കാണാൻ പാടില്ല, മറിച്ച്, അവ ചരിത്രത്തിലും കാലത്തിലും നിലനിൽക്കുന്നതുകൊണ്ടുതന്നെ, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട നിയോഗത്തോട് ശരിയായ രീതിയിൽ പൊരുത്തപ്പെടുന്നതിനുവേണ്ടി, തുടർച്ചയായ പരിവർത്തനത്തിനും, രൂപനവീകരണത്തിനും, ഘടനാപരിഷ്കാരങ്ങൾക്കും, ബന്ധങ്ങളുടെ നിരന്തരമായ പുനഃരുജ്ജീവനത്തിനുമായി വിളിക്കപ്പെട്ടിരിക്കുന്നവയാണ്.

ദൈവരാജ്യത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ, തങ്ങളുടെ നിയോഗം നിറവേറ്റിക്കൊണ്ട് ജീവിക്കുന്ന ക്രൈസ്തവരും, തങ്ങളുടെ ഭൗമിക അസ്തിത്വം പൂർത്തിയാക്കി, ശുദ്ധീകരണത്തിന്റെയോ സൗഭാഗ്യത്തിന്റെയോ നിലയിലായിരിക്കുന്നവരും തമ്മിലുള്ള ബന്ധവും നാം കണക്കിലെടുക്കണം. എല്ലാ ക്രൈസ്തവരും ഏക സഭയായി മാറുന്നുവെന്നും, ക്രിസ്തുവുമായുള്ള  ഐക്യത്തിൽ അടിസ്ഥാനമിട്ട ആദ്ധ്യാത്മിക നന്മകളിൽ എല്ലാ വിശ്വാസികളും പങ്കുചേരുന്നുവെന്നും, ഭൗമിക, സ്വർഗ്ഗീയ സഭകൾ തമ്മിൽ സഹോദര്യപരമായ ഐക്യം. ആരാധനാക്രമത്തിൽ നാം പ്രത്യേകമായി അനുഭവിക്കുന്ന വിശുദ്ധരുടെ ഐക്യം, ഉണ്ടെന്നും ലൂമൻ ജെൻസ്യൂം ഉറപ്പിച്ചുപറയുന്നു (cf. LG, 49-51). മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെയും, യേശുവിന്റെ ശിഷ്യരായി ജീവിച്ചവരുടെ കാൽപ്പാടുകൾ പിന്തുടരുന്നതിലൂടെയും, നാം, നമ്മുടെ യാത്രയിൽ പിന്തുണയ്ക്കപ്പെടുന്നു; നമ്മുടെ ദൈവാരാധനയെ അത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരേ ആത്മാവിനാൽ അടയാളപ്പെടുത്തപ്പെട്ടും ഒരേ ആരാധനാക്രമത്താൽ ഐക്യപ്പെട്ടും, വിശ്വാസത്തിൽ നമുക്ക് മുൻപേ കടന്നുപോയവർക്കൊപ്പം നമുക്കും പരിശുദ്ധ ത്രിത്വത്തിന് സ്തുതിയേകുകയും മഹത്വം നൽകുകയും ചെയ്യാം.

ക്രൈസ്തവരായിരിക്കുന്നതിലെ ഇത്രയധികം പ്രധാനപ്പെട്ടതും മനോഹരവുമായ മാനം നമ്മെ ഓർമ്മിപ്പിച്ചതിന് കൗൺസിൽ പിതാക്കന്മാരോടു നമുക്ക് നന്ദിയുണ്ടാകുകയും, ഈയൊരു മാനം നമ്മുടെ ജീവിതത്തിൽ വളർത്താൻ പരിശ്രമിക്കുകയും ചെയ്യാം.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മേയ് 2026, 12:21

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >