സമർപ്പിതരുൾപ്പെടുന്ന ക്രൈസ്തവസമൂഹം കരുതൽ മനോഭാവത്തിലും ഐക്യത്തിലും വളരണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുതലിന്റെയും മനോഭാവത്തോടെ ജീവിക്കാനും, സഭയിലെ ജീവിക്കുന്ന ശിലകളെന്ന നിലയിൽ സാക്ഷ്യമേകി ജീവിക്കാനും എല്ലാ ക്രൈസ്തവർക്കും, പ്രത്യേകിച്ച് പൗരോഹിത്യ, സമർപ്പിത ജീവിതങ്ങളിലുള്ളവർക്ക് ചുമതലയും വിളിയുമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികമായ മെയ് 8 വെള്ളിയാഴ്ച, തെക്കൻ ഇറ്റലിയിലെ നേപ്പിൾസ്, പോംപേയ് നഗരങ്ങളിലേക്ക് നടത്തിയ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി, നേപ്പിൾസ് കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർക്കും വൈദികർക്കും മറ്റു സമർപ്പിതർക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
മെഡിറ്ററേനിയന്റെ ഹൃദയത്തിലുള്ളതും കലയ്ക്കും സംസ്കാരത്തിനും പേരുകേട്ടതുമായ നേപ്പിൾസ് നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിലെത്താൻ സാധിച്ചതിലും, ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കുന്ന അവിടുത്തെ ജനത്തെ കാണാൻ കഴിഞ്ഞതിലുമുള്ള ആനന്ദം പരിശുദ്ധ പിതാവ് അറിയിച്ചു.
ദുഃഖ, നിരാശാഭാവങ്ങളാൽ നയിക്കപ്പെട്ട് എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാർക്കൊപ്പം നടക്കുന്ന യേശു അവരോടു കാണിക്കുന്നത് പ്രത്യേകമായ കരുതലിന്റെ മനോഭാവമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവഗണയുടെ എതിർഭാവമാണിത് എന്ന് പറഞ്ഞ പാപ്പാ, നേപ്പിൾസ് നഗരത്തിലെ വഴികളിലും മുക്കിലും മൂലയിലും ഈ അവഗണനയുടെ അടയാളങ്ങൾ കാണാമെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടി. അതേസമയം, പുറമെയുള്ള ശ്രദ്ധയും പരിപാലനത്തിനൊപ്പം ആന്തരികമായ, ഹൃദയത്തിന്റെയും മാനവികതയുടെയും ബന്ധങ്ങളുടെയും പരിപാലനത്തിനും നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നേപ്പിൾസ് നഗരത്തിലെ ജനങ്ങളുടെ സന്തോഷപ്രകൃതിയും ഭക്തകൃത്യങ്ങളും വിവിധ ആഘോഷങ്ങളും പരാമർശിച്ച പാപ്പാ, അവയുമായി ബന്ധപ്പെട്ട് സമർപ്പിതർക്കുള്ള കൂടിയ ഉത്തരവാദിത്വം എടുത്തുപറഞ്ഞു. വികാരപരമായ ആഘോഷാചാരങ്ങളെക്കാൾ, സമൂഹത്തിന്റെ ജീവിതത്തിൽ ആഴത്തിൽ പ്രവേശിക്കാൻ കഴിവുള്ള വിധത്തിൽ ശുശ്രൂഷകളും പ്രവർത്തനങ്ങളും നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ ഇത്തരമൊരു ജീവിതം എളുപ്പമുള്ളതല്ലെന്നും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
സമകാലീനയുഗത്തിലെ ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവയ്ക്കനുസരിച്ചുള്ള മറുപടി നൽകുക എന്നത് സമർപ്പിതർ നേരിടുന്ന ഒരു വെല്ലുവിളിയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിനായി ആദ്ധ്യാത്മികമായ ശ്രദ്ധയും പരിപാലനവും കർത്താവുമായുള്ള വ്യക്തിപരമായ ബന്ധവും ഉണ്ടാകണമെന്ന് പ്രസ്താവിച്ചു. സമർപ്പിതജീവിതത്തിലുണ്ടാകേണ്ട സാഹോദര്യ, ഐക്യഭാവങ്ങളെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഏതെങ്കിലും കൂടിക്കാഴ്ചകൾ നടത്തുക എന്നതിനേക്കാൾ, ഏകാന്തതയെയും സ്വാർത്ഥതയെയും മറികടന്ന്, സമർപ്പിതർ തമ്മിലുള്ള സാമീപ്യം വളർത്തേണ്ടതുണ്ടെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
സമർപ്പിതരെന്ന നിലയിൽ മാത്രമല്ല, ജ്ഞാനസ്നാനം ലഭിച്ചവർ എന്ന നിലയിലും ഐക്യമനോഭാവത്തോടെ വളരാനുള്ള വിളി നമുക്ക് ലഭിച്ചിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയാകുന്ന ഗാത്രത്തിലെ ജീവിക്കുന്ന ശിലയും, സുവിശേഷത്തിന്റെ അപ്പസ്തോലനും, ദൈവരരാജ്യത്തിന്റെ സാക്ഷിയും ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ വിശദീകരിച്ചു.
നേപ്പിൾസ് അതിരൂപതാ സിനഡ് അടുത്തിടെ ആഘോഷിക്കപ്പെട്ടതിന്റെ പരാമർശിച്ച പാപ്പാ, ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ പ്രകാശമായി നിൽക്കാൻ വിളിക്കപ്പെട്ടവളായ സഭയിലെ അംഗങ്ങളെന്ന നിലയിൽ, മറ്റുള്ളവരെ ശ്രവിക്കാനും, ഒരുമിച്ച് നടക്കാനും, സിദ്ധികളിലും ശുശ്രൂഷകളിലും ഒരുമയുടെ ഭാവം വളർത്താനും, മിഷനറി അജപാലന ശൈലി പുലർത്തി, ആളുകളുടെ ജീവിതവുമായി ഇടപഴകാനുമാണ് നാം പരിശ്രമിക്കേണ്ടതെന്ന് സമർപ്പിതരെ ഓർമ്മിപ്പിച്ചു.
അസമത്വങ്ങളും, യുവജനമനുഭവിക്കുന്ന തൊഴിലില്ലായ്‌മയും, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും, കുടുംബങ്ങളിലെ പ്രശ്നങ്ങളും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, അവയെ തരണം ചെയ്യാൻ വൈദികരും സമർപ്പിതരും അൽമായരും ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ വിരൽ ചൂണ്ടി. സമൂഹത്തിലെ പുളിമാവാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
വിശുദ്ധ ജെന്നാറോയോടുള്ള നേപ്പിൾസ് ജനതയുടെ ഭക്തി പരാമർശിച്ച പാപ്പാ, എന്നാൽ ദൈവം നിങ്ങളെ ഏറെ അനുഗ്രഹിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് ഏറെ വിശുദ്ധരെയും വിശുദ്ധകളെയും തന്നിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. അവന്റെ സ്നേഹത്തിന്റെ ചരിത്രത്തിൽ നിങ്ങളും ഉൾച്ചേർന്നിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. കടുത്ത അന്ധകാരത്തിലും പ്രകാശം തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും, ക്രിസ്തുവിന്റെ സാക്ഷികളായി തുടരാൻ കഴിയട്ടെയെന്നുമുള്ള ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
