തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ 

സമാധാന, സ്നേഹ, സഹകരണങ്ങളിലൂന്നിയ ജീവിതാഹ്വാനവുമായി പത്രോസിന്റെ കസേരയിൽ ഒരു വർഷം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ

സധൈര്യം സുവിശേഷം പ്രഘോഷിച്ചും, സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തും, പത്രോസിനടുത്ത ശുശ്രൂഷയുടെ ഒരു വർഷം പൂർത്തിയാക്കി, കത്തോലിക്കാസഭയിലെ 267-മത് പാപ്പാ, ലിയോ പതിനാലാമൻ. 2025 മെയ് 8-ന് പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞടുക്കപ്പെട്ട പരിശുദ്ധ പിതാവ്, തന്റെ തിരഞ്ഞെടുപ്പ് വാർഷികാഘോഷത്തിന്റെ കൂടി ഭാഗമായി തെക്കൻ ഇറ്റലിയിലുള്ള പോംപേയ് നേപ്പിൾസ് നഗരങ്ങൾ സന്ദർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്ത് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചും, സമാധാനപൂർണ്ണമായ സഹവാസത്തിന് ആഹ്വാനം ചെയ്‌തും പത്രോസിന്റെ സിംഹാസനത്തിൽ ഒരു വർഷം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ. "അനുൺച്യോ വോബിസ് ഗൗദിയും മാഞ്ഞും”: അബേമൂസ് പാപ്പാം" നിങ്ങളോട് വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: എന്ന, 2025 മെയ് എട്ടാം തീയതി, കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോ ഡീക്കൻ കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തിയുടെ വാക്കുകൾ അക്ഷരം പ്രതി പൂർത്തിയാക്കിക്കൊണ്ട്, ലോകത്ത് ആനന്ദത്തിന്റെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താവായാണ്, ചിക്കാഗോയിൽനിന്നുള്ള റോബെർട്ട് ഫ്രാൻസിസ് പ്രെവൊസ്റ്റ് എന്ന ലിയോ പതിനാലാമൻ പാപ്പാ തന്റെ ശുശ്രൂഷ തുടരുന്നത്.

യുദ്ധ, സംഘർഷ നിബിഡമായ ഒരു അന്താരാഷ്ട്രവ്യവസ്ഥിതിയിൽ ക്രിസ്തുവചനങ്ങളിൽ അടിസ്ഥാനമിട്ട സമാധാനത്തിന്റെ സന്ദേശമേകിയാണ് പരിശുദ്ധ പിതാവ് ഈയൊരു വർഷം പൂർത്തിയാക്കിയത്. ഏതാണ്ട് നാനൂറിൽപ്പരം പ്രാവശ്യം, അതായത് ദിവസം ഒന്നിലധികം തവണയെങ്കിലുമാണ്, സമാധാനത്തിലധിഷ്ഠിതമായ ഒരു ലോകക്രമത്തിനായി ലിയോ പതിനാലാമൻ പാപ്പാ മാനവികതയെ ക്ഷണിച്ചത്.

ആക്രമണങ്ങളാലും അനീതിയാലും വേദനിക്കുന്ന മാനവികതയുടെ മുറിവുകളിൽ ആശ്വാസതൈലം പകരാനും, പരസ്പരസംവാദങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിലേക്കും സഹകരണമനോഭാവത്തോടെയുള്ള ജീവിത ശൈലി സ്വീകരിക്കാനും പാപ്പാ ക്രൈസ്തവരുൾപ്പെടെ ഏവരെയും ക്ഷണിച്ചു.

യുദ്ധം ഒരിക്കലും വിജയമേകുന്നില്ലെന്നും, അത് മാനവികതയുടെ പരാജയത്തിന്റെ അടയാളമാണെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ചിന്തകൾ പങ്കുവച്ച പാപ്പാ, യുദ്ധങ്ങളുടെ അനന്തരഫലം വെറുപ്പും വിദ്വേഷവും അനീതിയും അസമത്വങ്ങളും നിറഞ്ഞ ഒരു നാളെയാണെന്ന് ഓർമ്മിപ്പിക്കുകയും, പകരം, അനുരജ്ഞനത്തിന്റെയും ക്ഷമയുടെയും പ്രാധാന്യവും അതിലുപരി മനുഷ്യാന്തസ്സ് മാനിക്കപ്പെടേണ്ടതിന്റെ ആവശ്യവും തിരിച്ചറിഞ്ഞ്, ചർച്ചകളും വെടിനിറുത്തലും അതുവഴി ഏവർക്കും ജീവിതയോഗ്യമായ ഒരു സാമൂഹ്യവ്യവസ്ഥിതി ഉറപ്പാക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു.

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുകയും, അവയുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രതിസന്ധികളും തിരിച്ചറിഞ്ഞ്, നിരായുധീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കാനും പരിശുദ്ധ പിതാവ് ഏറെ സമയം കണ്ടെത്തി. ശക്തിയും ബലവും ഉപയോഗിച്ചുള്ള ഒരു സമാധാനസ്ഥാപനം എത്രമാത്രം ദുർബലവും അപേക്ഷികവുമാണെന്നതിലേക്കും പരിശുദ്ധ പിതാവ് വെളിച്ചം വീശി.

തന്റെ ശുശ്രൂഷയുടെ ആദ്യ വർഷം തന്നെ, ആദിമക്രൈസ്തവികതയുടെ വേരുകൾ ആഴത്തിൽ പാകപ്പെട്ടിരുന്ന തുർക്കി, ലെബനൻ എന്നീ രാജ്യങ്ങളിലേക്കും, മൊണാക്കോയിലേക്കും, ആഫ്രിക്കയിലെ അൽജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കും ഉൾപ്പെടെ മൂന്ന് അപ്പസ്തോലിക യാത്രകളും, ഇറ്റലിക്കുള്ളിൽ നിരവധി അപ്പസ്തോലിക, ഇടയ സന്ദർശനങ്ങളും പരിശുദ്ധ പിതാവ് നടത്തിയിരുന്നു. തന്റെ സന്ദർശനങ്ങളിൽ വയോധികർക്കും രോഗികൾക്കും, യുവജനങ്ങൾക്കും, സമർപ്പിതർക്കും ഏറെ പ്രാധാന്യം കൊടുക്കുകയും അവർക്ക് പ്രത്യാശ പകരുകയും ചെയ്ത പാപ്പാ, അതേസമയം രാഷ്ട്രീയ, അധികാര നേതൃത്വങ്ങളിലുള്ളവരോട് ധാർമ്മികമൂല്യങ്ങളോടെ ശുശ്രൂഷ ചെയ്യാൻ സധൈര്യം ആവശ്യപ്പെടുകയും ചെയ്തു.

മത മൗലികവാദം, തെറ്റായ പ്രത്യയശാസ്ത്രങ്ങൾ എന്നിവയ്ക്ക് അടിപ്പെട്ട് സമാധാനപൂർണമായ ജീവിതം അസാദ്ധ്യമാക്കുന്ന ചിന്താധാരകൾക്കും നേതൃത്വങ്ങൾക്കുമെതിരെ ശബ്ദമുയർത്താനും പാപ്പാ ധൈര്യം കാട്ടി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മേയ് 2026, 12:07