തിരയുക

വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയുടെ പ്രവർത്തകർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയുടെ പ്രവർത്തകർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

ചിന്തയ്ക്കും കൂടിക്കാഴ്ചയ്ക്കും പ്രഘോഷണത്തിനുമുള്ള അവസരമാണ് പുസ്തകങ്ങൾ നൽകുന്നത്: ലിയോ പതിനാലാമൻ പാപ്പാ

ഈ ഡിജിറ്റൽ യുഗത്തിലും, ചിന്തിക്കാനും മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെ പ്രഘോഷിക്കാനുമുള്ള അവസരമാണ് പുസ്തകങ്ങൾ ഒരുക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട്, മെയ് ഏഴാം തീയതി ഈ പ്രസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിനും പ്രവർത്തകർക്കും അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആധുനിക ഡിജിറ്റൽ യുഗത്തിലും അച്ചടിക്കപ്പെട്ട പുസ്തകങ്ങൾക്ക് സുപ്രധാനമായൊരു പങ്കുവഹിക്കാനുണ്ടെന്നും മനുഷ്യമനസ്സിനെ പോഷിപ്പിക്കുന്ന ഒന്നാണ് വായനയെന്നും ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ സിംഹാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാലയുടെ സ്വാതന്ത്രനിലനിൽപ്പിന്റെ നൂറാം വാർഷികത്തിൽ അതിന്റെ ഭരണനേതൃത്വത്തിലുള്ളവർക്കും പ്രവർത്തകർക്കും വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയിരുന്നു പാപ്പാ. കഴിഞ്ഞ നൂറ് വർഷങ്ങളിൽ സഭാപ്രബോധനങ്ങളും സുവിശേഷവും ലോകമെങ്ങും പരത്തുന്നതിൽ സഹായമേകിയതിന് പ്രസ്ഥാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏവർക്കും പാപ്പാ നന്ദിയേകി.

പുസ്തകത്തിന്റെ സമൂർത്ത അസ്തിത്വം ചിന്തയുടെയും വിചിന്തനത്തിന്റെയും പഠനത്തിന്റെയും പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പറഞ്ഞ പാപ്പാ, മനുഷ്യമനസ്സിന് പോഷണം നൽകാനും, വിമർശനാത്മകബോധം വളർത്തിയെടുക്കാനും വായന സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു. പ്രത്യയശാസ്ത്രങ്ങളുടെയും മൗലികവാദത്തിന്റെയും ഇടുങ്ങിയ ചിന്താഗതിയിൽനിന്ന് പുറത്തുകടക്കാനും, തുറന്ന മനോഭാവത്തോടെ ചിന്തിക്കാനും പുസ്തകവായന സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

കണ്ടുമുട്ടലിന്റെ അവസരമൊരുക്കുന്നതിലും പുസ്തകവായന സഹായിക്കുമെന്ന് പറഞ്ഞ പാപ്പാ, ഒരു പുസ്തകം കൈയ്യിലെടുക്കുമ്പോൾ, അതിന്റെ രചയിതാവുമായും, നമുക്ക് മുൻപും ശേഷവും വായിക്കുന്നവരുമായുമുള്ള കണ്ടുമുട്ടലിനും, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ആശയകൈമാറ്റത്തിനും ഒത്തുകൂടലിനും വായന ഉപകാരപ്രദമാകുമെന്ന് അഭിപ്രായപ്പെട്ടു. കണ്ടുമുട്ടലിന്റെ സംസ്കാരം പരിശീലിക്കാൻ ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചതും ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. കാഴ്ചപ്പാടുകളെ വിശാലമാക്കുന്നതിലും, മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിന്റെ പാലമൊരുക്കുന്നതിലും പുസ്തകങ്ങൾക്കുള്ള സ്ഥാനവും പാപ്പാ എടുത്തുപറഞ്ഞു.

ക്രൈസ്തവരെന്ന നിലയിൽ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അവസരമാണ് വായനയും പുസ്തകവും ഒരുക്കുന്നതെന്ന് പറഞ്ഞ പാപ്പാ, വിശുദ്ധരുടെ ജീവിതചരിത്രം വയ്ക്കുന്നത് ഹൃദയങ്ങളെ സ്പർശിക്കുന്ന ഒന്നാണെന്ന് ഓർമ്മിപ്പിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റേയും, വിശുദ്ധ അഗസ്റ്റിൻറെയുമുൾപ്പെടെയുള്ള ചിത്രങ്ങളിൽ പുസ്തകങ്ങൾ ഇടം പിടിക്കുന്നത് അനുസ്മരിച്ച പാപ്പാ, ദൈവവചനത്താൽ പോഷിതരാകാനും, നമ്മുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും രൂപപ്പെടാനും ആഹ്വാനം ചെയ്തു.

1587-ൽ ജനിച്ച വത്തിക്കാൻ അച്ചടിശാലയുടെ ഭാഗമായിരുന്ന വത്തിക്കാൻ പ്രസിദ്ധീകരണശാല 1926-ലാണ് സ്വാതന്ത്രഘടകമായി മാറിയത്. 1976 ജൂലൈ 10-ന് ഈ പ്രസിദ്ധീകരണശാലയുടെ അൻപതാം വാർഷികത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ഭാവിയെ ലക്ഷ്യം കണ്ടു പ്രവർത്തിക്കാനുള്ള വിശുദ്ധന്റെ അൻപത് വർഷങ്ങൾക്ക് മുൻപുള്ള ആഹ്വാനം ലിയോ പതിനാലാമൻ പാപ്പാ ആവർത്തിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2026, 13:11