തിരയുക

ലിയോ പതിനാലാമൻ പാപ്പാ സ്വിസ്സ് ഗാർഡുകൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ സ്വിസ്സ് ഗാർഡുകൾക്കൊപ്പം  (ANSA)

പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ സേവനത്തിന് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ

ദീർഘവർഷങ്ങളായി പരിശുദ്ധ പിതാവിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംരക്ഷണത്തിനും ശുശ്രൂഷയ്ക്കും വേണ്ടി സേവനം ചെയ്യുന്ന സ്വിറ്റസർലണ്ടിൽനിന്നുള്ള സ്വിസ്സ് ഗാർഡുകളുടെ സേവനങ്ങൾക്കും സാന്നിദ്ധ്യത്തിനും നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. ഗാർഡുകൾക്കും അവരുടെ കുടുംബങ്ങൾക്കും മെയ് ഏഴാം തീയതി വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, ഈ സേവനത്തിന്റെ ആദ്ധ്യാത്മികമൂല്യങ്ങളിലേക്കും പ്രാധാന്യത്തിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ പിൻഗാമിക്കും പരിശുദ്ധ സിംഹാസനത്തിനും വേണ്ടി സന്തോഷപൂർവ്വം സേവനങ്ങളിലേർപ്പെടുകയും, തങ്ങളുടെ രാജ്യത്തിന് അഭിമാനകാരണമാകുന്ന വിധത്തിൽ പ്രവർത്തിക്കുകയും, തങ്ങൾ വളർന്ന സാംസ്‌കാരിക, ആദ്ധ്യാത്മിക മൂല്യങ്ങൾ വത്തിക്കാനിലെത്തിക്കുകയും ചെയ്യുന്ന  പൊന്തഫിക്കൽ സ്വിസ്സ് ഗാർഡുകൾക്ക് നന്ദി പറഞ്ഞും അവരുടെ സേവനരംഗമൊരുക്കുന്ന സാദ്ധ്യതകൾ എടുത്തുകാട്ടിയും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ ശുശ്രൂഷ ചെയ്യുന്ന സ്വിറ്റ്സർലൻഡ് പൗരന്മാരായ സ്വിസ്സ് ഗാർഡുകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതിവർഷമുള്ള പതിവുപോലെ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, തങ്ങളുടെ ജീവിതത്തിൽ ആദ്ധ്യാത്മിക, മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു. മെയ് ഏഴാം തീയതിയായിരുന്നു ഈ സമ്മേളനം.

വത്തിക്കാന്റെ കവാടങ്ങളിലും അപ്പസ്തോലിക കൊട്ടാരത്തിലും മേജർ ബസലിക്കകളിലുമുൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്രമുറങ്ങുന്ന ഇടങ്ങളിലാണ് നിങ്ങൾ സേവനമനുഷ്ഠിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഇത്, വിചിന്തങ്ങളിലേക്കും പ്രാർത്ഥനയിലേക്കും നിങ്ങളെ നയിക്കുന്ന ഒന്നാണെന്ന് പ്രസ്താവിച്ചു. നിങ്ങളുടെ പ്രവർത്തിമേഖലയിൽ നിങ്ങൾ കാണുന്ന ഭംഗി ദൈവത്തിൽനിന്ന് വരുന്നതാണെന്നും, അത്  നല്ലവനും ഭംഗിയുള്ളവനുമായ പിതാവിലേക്ക് നയിക്കുന്നതാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. മിലിറ്ററി സേവനമാണ് നിങ്ങൾ അനുഷ്ഠിക്കുന്നതെങ്കിലും അത്, ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരുടെയും വിശുദ്ധിയിലേക്കുള്ള വിളിയിൽനിന്ന് മാറ്റിനിറുത്തപ്പെടാനാകില്ലാത്തതാണെന്നും പാപ്പാ പ്രസ്താവിച്ചു.

പരിശുദ്ധ പിതാവിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും ശുശ്രൂഷയ്ക്കായി നീക്കിവയ്ക്കുന്ന നിങ്ങളുടെ ജീവിതത്തിലെ കുറച്ചുവർഷങ്ങൾ, നിങ്ങളുടെ വ്യക്തിപരമായ വിശ്വാസയാത്രയുടെ ഭാഗമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പടയാളികൾ എന്നതിനേക്കാൾ, ക്രിസ്തുവിനെപ്പോലെ ശുശ്രൂഷകരാണ് നിങ്ങളെന്നും, വത്തിക്കാൻ കൂരിയയിലെ ആളുകൾക്കും വത്തിക്കാൻ സന്ദർശിക്കാനെത്തുന്ന ജോലിക്കാർക്കും മാത്രമല്ല, ഇവിടെത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും നിങ്ങളുടെ സേവനത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞു. എന്റെ ഏറ്റവും എളിയവരിൽ ഒരുവന് ചെയ്തത്, നിങ്ങൾ എനിക്കുതന്നെയാണ് ചെയ്തുതന്നതെന്ന ക്രിസ്തുവിന്റെ വാക്കുകൾ പാപ്പാ ആവർത്തിച്ചു (മത്തായി 25, 40).

ഏറെ ശ്രദ്ധയോടെ ജോലി ചെയ്യേണ്ട പകലിന് ശേഷമുള്ള, നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും രാത്രിയിലെ ഊഴങ്ങൾ, വായനകളും ധ്യാനങ്ങളും കൊണ്ട് ആത്മാവിനെ പോഷിപ്പിക്കാനുള്ള സമയമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പട്ടാളബാരക്കുകളിലെ സമയം, മറ്റുള്ളവർക്കുള്ള ശുശ്രൂഷയുടെയും ഉദാരതയുടെയും എളിമയുടെയും മാനവികമൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള സമയം കൂടിയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സാഹോദര്യ ഐക്യത്തിലൂടെ ഒരുമയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ പാപ്പാ സ്വിസ്സ് ഗാർഡുകളെ ക്ഷണിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2026, 13:07