നീതിയും പൊതുനന്മയും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കാമറൂൺ നേതൃത്വത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വൈവിധ്യങ്ങളായ ഭാഷകളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ജീവിക്കുന്നതും "ആഫ്രിക്കയുടെ മിനിയേച്ചർ, ചെറുപതിപ്പ്" എന്ന പേരിൽ അറിയപ്പെടുന്നതുമായ കാമറൂണിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ രാഷ്ട്രീയ, സാമൂഹിക, നയതന്ത്ര വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കാമറൂണിലെ തന്റെ പ്രഥമപ്രഭാഷണം ആരംഭിച്ചത്. പരിശുദ്ധ സിംഹാസനവും കാമറൂണും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സുദൃഢമാക്കാനുള്ള തന്റെ ആഗ്രഹം പരിശുദ്ധ പിതാവ് വ്യക്തമാക്കി.
സംവാദത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ശുശ്രൂഷകനെന്ന നിലയിൽ ഒരിടയനായാണ് താൻ കാമറൂണിലേക്കെത്തിയത്. ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന നിരവധിയായ അനീതിയുടെയും അസമത്വങ്ങളുടെയും അസമാധാനത്തിന്റെയും പശ്ചാത്തലത്തിൽ, പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാനും സമത്വത്തിന്റെ ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളോടെ മുന്നോട്ട് നീങ്ങാനും പാപ്പാ ഏവരെയും, പ്രത്യേകിച്ച് യുവജനങ്ങളെ ക്ഷണിച്ചു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ബെനഡിക്ട് പതിനാറാമൻ പാപ്പായും കാമറൂണിലേക്ക് നടത്തിയ യാത്രകളെ പരാമർശിച്ച ലിയോ പതിനാലാമൻ പാപ്പാ, അവർ മുന്നോട്ടുവച്ച പ്രത്യാശയുടെയും, അനുരഞ്ജനത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും, ഭരണനേതൃത്വത്തിനുണ്ടാകേണ്ട ധാർമ്മിക ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുളള ചിന്തകൾ അനുസ്മരിച്ചു. നാമിന്നെവിടെയാണെന്ന ഒരു ചോദ്യവും പരിശുദ്ധ പിതാവ് പൊതുസമൂഹത്തിന് മുന്നിൽ വച്ചു.
ആജ്ഞാപിക്കുന്നവർ, തങ്ങൾ ആജ്ഞാപിക്കുന്നത് ആരോടാണോ അവരുടെ ശുശ്രൂഷയ്ക്കായാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ആയിരത്തി അറുന്നൂറ് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു. ശുദ്ധമായ മനഃസാക്ഷിയോടെ മുഴുവൻ ജനത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം പാപ്പാ ഓർമ്മിപ്പിച്ചു.
കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കേ അറ്റത്തും, ദുരിതങ്ങൾ വിതച്ചുകൊണ്ട് മുന്നേറുന്ന ആക്രമണങ്ങൾ പരാമർശിച്ച പാപ്പാ, അക്രമത്തിന്റെയും യുദ്ധത്തിന്റെയും വഴി ഉപേക്ഷിച്ച് സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനത്തിനായി പരിശ്രമിക്കാൻ താൻ മുൻപും ആവശ്യപ്പെട്ടിരുന്നത് ആവർത്തിച്ചു. ആയുധരഹിതവും, നിരായുധീകരിക്കുന്നതുമായ ഒരു സമാധാനമാണ് നമുക്ക് വേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനമെന്നത് വെറും വാക്കുകളിൽ ഒതുങ്ങാനുള്ള ഒന്നല്ലെന്നും, അത് പ്രാവർത്തികമാക്കാനുള്ള ഒന്നാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
സമാധാനമെന്നത് ഒരു ഉത്തരവിൽ മാത്രം ഒതുക്കപ്പെടാനുള്ളതല്ല, മറിച്ച് സ്വീകരിക്കപ്പെടാനും ജീവിക്കാനുമുള്ള ഒരു മൂല്യവും ദൈവത്തിന്റെ ദാനവുമാണ്. ഇത് ഏവരുടെയും, പ്രത്യേകിച്ച് ഭരണനേതൃത്വത്തിലുള്ളവരുടെ ഉത്തരവാദിത്വമാണ്. ഭരിക്കുകയെന്നാൽ, സ്വന്തം രാജ്യത്തെയും അയൽരാജ്യങ്ങളെയും സ്നേഹിക്കുക എന്നാണർത്ഥം എന്ന് പ്രസ്താവിച്ച പാപ്പാ, "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന കൽപ്പന പരാമർശിച്ചുകൊണ്ട്, അന്താരാഷ്ട്രബന്ധങ്ങളുടെ പ്രാധാന്യത്തിലേക്കും ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
ഭരിക്കുകയെന്നാൽ തങ്ങളുടെ പൗരന്മാരെ ശ്രവിക്കുക, അവരുടെ ബുദ്ധിശക്തിയെ വിലമതിക്കുക, പ്രശ്‌നപരിഹാരങ്ങൾക്കും രാഷ്ട്രനിർമ്മാണത്തിനും അവരുടെ കഴിവുകളെ ഉപയോഗിക്കുക തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പാവങ്ങൾക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയം എന്നതിനേക്കാൾ പാവപ്പെട്ടവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രാഷ്ട്രീയം എന്ന ഫ്രാൻസിസ് പാപ്പായുടെ ചിന്ത പ്രത്യേകം പരാമർശിച്ചു.
ദേശീയ ഐക്യത്തിന്റെയും മെച്ചപ്പെട്ട വളർച്ചയുടെയും പാതയിൽ, പൊതുസമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന, സ്ത്രീകളുടെയും കുട്ടികളുടേതുമുൾപ്പെടെയുള്ള വിവിധ സംഘടനകൾക്കും മത, പരമ്പരാഗത നേതൃത്വങ്ങൾക്കും ഉള്ള പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചു. സംഘർഷങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും, സംവാദത്തെയും വ്യത്യസ്തതകളെയും സ്വാഗതം ചെയ്യുന്നതിനും അവ സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു. സമൂഹത്തിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു.
പൊതുസമൂഹത്തിന്റെ വിശ്വാസം തിരികെ നേടിയെടുക്കുന്നതിന്റെയും, ശരിയായ വിദ്യാഭ്യാസത്തിലൂടെ സ്ഥിരത കൈവരിക്കേണ്ടതിന്റെയും, സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതിന്റെയും, എന്നാൽ അതേസമയം മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടേണ്ടതിന്റെയും ശരിയായ സമാധാനം കൊണ്ടുവരേണ്ടതിന്റെയും പ്രാധാന്യവും ആവശ്യവും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
പരസ്പരസഹകരണത്തിന്റെയും, സമഗ്രജീവിതത്തിന്റെയും സാക്ഷ്യം നൽകിക്കൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ശരിയായ സമാധാനവും നീതിയും നടപ്പിലാകുന്നതിന്, അധികാരകേന്ദ്രങ്ങളുടെ ആധികാരികതയും ഭംഗിയും ഇല്ലാതാക്കുന്ന അഴിമതി അവസാനിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യഥാർത്ഥ സമ്പത്ത് സമഗ്രമാനവികവികസനമാണെന്ന് ഉദ്‌ബോധിപ്പിച്ചു.
കാമറൂണിലെ യുവജനങ്ങൾ രാജ്യത്തിന്റെയും സഭയുടെയും പ്രതീക്ഷകളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, സംവാദവും നീതിയും സമഗ്രവികസനവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ശ്രമങ്ങളുടെ പ്രാധാന്യം ആവർത്തിച്ചു. തൊഴിലില്ലായ്മയും അവഗണനയും സമൂഹത്തിൽ കൊണ്ടുവരുന്ന അസ്വസ്ഥതകൾ അനുസ്മരിപ്പിച്ച പാപ്പാ, വിദ്യാഭ്യാസ, പരിശീലന, വ്യവസായികരംഗങ്ങളിൽ യുവജനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം അവരുടെ കഴിവുകളെ രാജ്യത്ത് കൂടുതൽ ഉപയോഗ്യമാക്കുന്നതിന് വേണ്ടി സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു. മയക്കുമരുന്ന്, വേശ്യാവൃത്തി, നിസംഗത തുടങ്ങി യുവജീവിതങ്ങളെ നശിപ്പിക്കുന്ന തിന്മകളിൽനിന്ന് അവരെ രക്ഷിക്കുന്നതിന് വേണ്ടിയും ഇത് സഹായിക്കും.
കാമറൂണിലെ യുവതയുടെ ആധ്യാത്മികത മൂല്യങ്ങളും, രാജ്യത്തെ മതപരമ്പര്യങ്ങളും പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു. അനുരഞ്ജനത്തിനും, മാദ്ധ്യസ്ഥ്യത്തിനും മതനേതൃത്വങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന സേവനങ്ങളും, പിരിമുറുക്കങ്ങൾ അവസാനിപ്പിക്കുന്നതിലും പരസ്പരബഹുമാനത്തിന്റെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങളും പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യത്തെ കത്തോലിക്കാസഭ, വ്യതിരക്തതകളില്ലാതെ ഏവർക്കും ശ്രുശ്രൂഷ നൽകുന്നത് പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. മനുഷ്യാന്തസ്സ് പ്രോത്സാഹിപ്പിച്ചും, അനുരഞ്ജനത്തിന് സഹായിച്ചും അധികാരനേതൃത്വങ്ങൾക്കൊപ്പം പ്രവർത്തിക്കാനും, മറ്റു രാജ്യങ്ങളുമായുള്ള സഹകരണം, ലോകത്തുള്ള കാമറൂൺകാർക്കിടയിലുള്ള ബന്ധം എന്നിവ വളർത്താനുമാണ് സഭ ശ്രമിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഒരുമിച്ച് നീതിയുടെയും സമാധാനത്തിന്റെയും ഒരു ഭാവി പടുത്തുയർത്തുന്നതിന് ദൈവം കാമറൂണിനെയും, അതിലെ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
