തിരയുക

ലിയോ പതിനാലാമൻ പാപ്പായും യൗന്തേയിലെ ങ്കുൾ സാമ്പ അനാഥാലയിലെ കുട്ടികളും ലിയോ പതിനാലാമൻ പാപ്പായും യൗന്തേയിലെ ങ്കുൾ സാമ്പ അനാഥാലയിലെ കുട്ടികളും  (@Vatican Media)

ക്രിസ്തു നിങ്ങളുടെ ജ്യേഷ്ഠസഹോദരനാണ്: യൗന്തേയിലെ അനാഥാലയത്തിലുള്ള കുട്ടികളോട് ലിയോ പതിനാലാമൻ പാപ്പാ

വേദനാജനകമായ ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിലും, ദൈവത്തിന്റെ സ്നേഹത്തിൽ ഉറച്ച വിശ്വാസത്തോടെ വളരാൻ കാമറൂണിൽ, യൗന്തേയിലെ ങ്കുൾ സാമ്പ അനാഥാലയിലെ കുട്ടികളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരം ഇവിടം സന്ദർശിച്ച പാപ്പാ, നിരവധി മുറിവുകൾ പേറുന്ന ആ കുട്ടികൾക്ക് സംരക്ഷണവും സ്നേഹവും നൽകുന്നവർ, ദൈവത്തിന്റെ ആർദ്രസ്നേഹത്തിനാണ് സാക്ഷ്യം നൽകുന്നതെന്ന് പ്രസ്താവിച്ചു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം നിങ്ങളെ തന്റെ മക്കളായി സ്നേഹിച്ചുകൊണ്ട്, ഹൃദയത്തോട് ചേർത്തുപിടിക്കുന്നുണ്ടെന്ന്, ജീവിതത്തിൽ അനാഥത്വത്തിന്റെ വേദന പേറുന്ന കുഞ്ഞുങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് യൗന്തേയിലെ ങ്കുൾ സാമ്പ അനാഥാലയത്തിലെ തന്റെ പ്രഭാഷണം പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ചത്. ദൈവത്തിന്റെ അതേ സ്നേഹത്തോടെ, അവന്റെ പേരിൽ താനും ഈ കുഞ്ഞുങ്ങളെ ആശ്ലേഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

ദുഃഖപൂർണ്ണമായ ഒരു ജീവിതചരിത്രം പങ്കുവച്ചുകൊണ്ട്, ഇവിടെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ കഴിയുന്ന നിങ്ങളുടെ ഈ ഭവനത്തിൽ, നിങ്ങളുടെ മുതിർന്ന സഹോദരനായി യേശുവുണ്ട് എന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവനൊപ്പമുള്ള സാഹോദര്യം നിങ്ങളെ ശക്തരാക്കുകയും ജീവിതത്തിന്റെ ഭാരം വഹിക്കാനും, യഥാർത്ഥ ആനന്ദം അനുഭവിക്കാനും സഹായിക്കുമെന്ന് പ്രസ്താവിച്ചു.

നിസംഗതയും സ്വാർത്ഥതയും വാഴുന്ന ഇന്നത്തെ ലോകത്ത്, ഈ ഭവനം നമ്മുടെ സഹോദരങ്ങളോടുള്ള ഉത്തരവാദിത്വങ്ങളെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവത്തിന്റെ വലിയ കുടുംബത്തിൽ, എത്ര ചെറിയ ആൾ പോലും പരദേശികളോ, മറക്കപ്പെട്ടവരോ അല്ലെന്നും ഈ ഭവനം ഓർമ്മിപ്പിക്കുന്നുണ്ട്.

ഉപേക്ഷയുടെയും അസ്ഥിരതയുടെയും ഭയത്തിന്റെയും മാതാപിക്കളെ നഷ്ടപ്പെടലിന്റെയും ഉൾപ്പെടെ വേദനാജനകവും ബുദ്ധിമുട്ടേറിയതുമായ അനുഭവങ്ങളിലൂടെയാണ് നിങ്ങൾ കടന്നുപോയിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ നിങ്ങളുടെ മുറിവുകളേക്കാൾ വലുതായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രസ്താവിച്ചു. ദാരിദ്ര്യവും സഹനവും അനീതിയും ഉള്ള ഇടങ്ങളിൽപ്പോലും ദൈവം സന്നിഹിതനാണെന്നും, ഏവർക്കും സമീപസ്ഥനാണെന്നുമുള്ള സത്യത്തിന്റെ പ്രചാരകരാണ് നിങ്ങൾ. യേശുവിന് നിങ്ങളെപ്പോലെയുള്ള കുട്ടികളോട് പ്രത്യേക പരിഗണനയുണ്ടായിരുന്നുവെന്നും, അവർക്ക് പ്രാധാന്യം നൽകിയിരുന്നുവെന്നും സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന അതെ സ്നേഹത്തോടെ യേശു ഇന്ന് നിങ്ങളെയും പരിപാലിക്കുന്നുണ്ട്.

അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പരിപാലിക്കുകയും വളർത്തുകയും ചെയ്യുന്ന സന്ന്യസ്തകളുൾപ്പെടെ എല്ലാവരെയും പരിശുദ്ധ പിതാവ് നന്ദിയോടെ അഭിവാദ്യം ചെയ്തു. ഇത് സ്നേഹത്തിന്റെ മനോഹരമായ സാക്ഷ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഇതിലൂടെ കർത്താവ് വാഗ്ദാനം ചെയ്ത ആനന്ദത്തിന്റെ മുന്നാസ്വാദനമാണ് നിങ്ങൾ അനുഭവിക്കുന്നത്. നിങ്ങളുടെ ശ്രമങ്ങൾക്ക് ദൈവകരുണയുടെ മുഖമാണുള്ളതെന്നും, പരീക്ഷണനിമിഷങ്ങളിൽ കുറയാത്തതും, ഒരിക്കലും നിരാശപ്പെടുത്താത്തതുമായ ദൈവത്തിന്റെ ആർദ്രതയാണ് നിങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.

ഏവർക്കും നന്ദി പറഞ്ഞും, ഏവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചും, തന്റെ പുത്രന്റെ യഥാർത്ഥ സ്നേഹിതരായി വളരാൻ മാതാവ് സഹായിക്കട്ടെയെന്ന് ആശംസിച്ചുമാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2026, 12:38