സഭ, മാനുഷികവും ദൈവികവുമായ ഒരു യാഥാർത്ഥ്യം: ലുമെൻ ജെൻസിയുമിനെ ആധാരമാക്കി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രബോധനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസിയും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "സഭ, ദൃശ്യവും ആത്മീയവുമായ ഒരു യാഥാർത്ഥ്യം" എന്ന തലക്കെട്ടോടെ, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ മാനുഷികവും ദൈവികവുമായ സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് മാർച്ച് നാലാം തീയതി ബുധനാഴ്ച പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ കൃത്യം പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രബോധനപ്രഭാഷണത്തിന് മുൻപായി വിശുദ്ധ പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം പതിനഞ്ചും പതിനാറും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.
"സഹോദരങ്ങളെ, പ്രത്യുത, സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അവൻ വഴി ശരീരം മുഴുവൻ, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിർവ്വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വളരുകയും സ്നേഹത്തിൽ രൂപപ്പെടുകയും ചെയ്യുന്നു" (എഫേ. 4, 15-16).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം , സ്വാഗതം!
ഇന്ന്, രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ലുമെൻ ജെൻസ്യും എന്ന സഭയെക്കുറിച്ചുള്ള പ്രമാണരേഖയുമായി ബന്ധപ്പെട്ട നമ്മുടെ പഠനം നമുക്ക് തുടരാം.
സഭ എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ശ്രമിക്കുന്ന ആദ്യ അദ്ധ്യായത്തിൽ, സഭ "ഒരു സങ്കീർണ്ണമായ യാഥാർത്ഥ്യമായാണ്" വിവരിക്കപ്പെട്ടുന്നത് (8). ഈ സങ്കീർണ്ണത എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. വിശദീകരിക്കാൻ ബുദ്ധിമുട്ടേറിയരീതിയിൽ കുഴഞ്ഞുമറിഞ്ഞ ഒന്നായതിനാലാണ് സഭ സങ്കീർണ്ണമാണെന്ന് പറയപ്പെടുന്നതെന്ന് ചിലർ മറുപടി പറഞ്ഞേക്കാം. രണ്ടായിരം വർഷത്തിന്റെ ചരിത്രമുള്ളതും, മറ്റ് സാമൂഹിക, മത വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ളതും ആയ ഒരു പ്രസ്ഥാനമാണ് എന്നതിലാണ് അതിന്റെ സങ്കീർണ്ണതയെന്ന് മറ്റു ചിലർ ചിന്തിച്ചേക്കാം. എന്നാൽ ലത്തീൻ ഭാഷയിൽ "കൊപ്ളേസ്സ" എന്ന വാക്ക് സൂചിപ്പിക്കുന്നത്, ഒരൊറ്റ യാഥാർത്ഥ്യത്തിനുള്ളിലെ വിവിധങ്ങളായ ഭാവങ്ങളുടെയും മാനങ്ങളുടെയും ക്രമീകൃതമായ സംയോജനത്തെയാണ്. അതുകൊണ്ടുതന്നെ, ലുമെൻ ജെൻസ്യുമിന് സഭ കൃത്യമായി ക്രമീകരിക്കപ്പെട്ടതും, മാനവികവും ദൈവികവുമായ മാനങ്ങൾ ഭിന്നതയില്ലാതെയും ആശയക്കുഴപ്പമില്ലാതെയും നിലനിൽക്കുന്ന ഒരു ഘടനയാണെന്ന് പ്രസ്താവിക്കാനാകും.
നമ്മുടെ ജീവിതയാത്രയിൽ നമ്മെ അനുഗമിക്കുന്ന ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമായും, സുവിശേഷം പ്രഘോഷിച്ചുകൊണ്ടും, തങ്ങളുടെ മേന്മകളോടും കുറവുകളോടും കൂടെ, ക്രൈസ്തവരായിരിക്കുന്നതിലെ സന്തോഷവും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുന്ന സ്ത്രീപുരുഷന്മാരുടെ സമൂഹമാണ് സഭ എന്നതിനാൽ, ഇതിലെ ആദ്യത്തെ മാനം അതായത് മാനവികമാനം, എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. എന്നാൽപ്പോലും സ്ഥാപനപരമായ ഘടനയിൽ വ്യക്തമാകുന്ന ഈയൊരു പ്രത്യേകത സഭയുടെ യഥാർത്ഥ സ്വഭാവത്തെ വിവരിക്കാൻ പ്രാപ്തമല്ല, കാരണം അതിന് ദൈവികമായ ഒരു മാനം കൂടിയുണ്ട്. ഈ മാനം പക്ഷെ സഭയിലെ അംഗങ്ങളുടെ ആദർശപരമായ പൂർണ്ണതയിലോ ആത്മീയമായ ശ്രേഷ്ഠതയിലോ അല്ല അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിൽ സാക്ഷാത്കരിക്കപ്പെട്ടതും മനുഷ്യവംശത്തിനായുള്ള ദൈവത്തിന്റെ സ്‌നേഹനിർഭരമായതുമായ പദ്ധതിയാൽ സൃഷ്ടിക്കപ്പെട്ടതാണ് സഭ എന്നതിലാണ് ഈ മാനം അടങ്ങിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ സഭ ഒരേ സമയം ഭൗമികമായ ഒരു സമൂഹവും ക്രിസ്തുവിന്റെ അതീന്ദ്രിയപരമായ ശരീരവുമാണ്, ദൃശ്യമായ ഒരു കൂട്ടായ്മയും ആത്മീയമായ ഒരു രഹസ്യവുമാണ്, ചരിത്രത്തിൽ ആയിരിക്കുന്ന ഒരു യാഥാർത്ഥ്യവും സ്വർഗ്ഗത്തിലേക്ക് തീർത്ഥയാത്ര ചെയ്യുന്ന ജനതയുമാണ് (LG, 8; CCC, 771).
മാനുഷികവും ദൈവികവുമായ മാനങ്ങൾ, ഒന്ന് മറ്റൊന്നിനേക്കാൾ ഉയർന്നുനിൽക്കാത്ത വിധത്തിൽ പൊരുത്തത്തോടെ സംയോജിക്കുന്നു. പാപിയായ മനുഷ്യനെ സ്വീകരിച്ച് ദൈവത്തിലേക്ക് നയിക്കുന്ന സഭ അങ്ങനെ, മാനവികവും അതേസമയം ദൈവികവുമായ യാഥാർത്ഥ്യമാണെന്ന ഈയൊരു വൈരുദ്ധ്യാത്മകത ജീവിക്കുന്നു.
ഈയൊരു സഭാത്മകസവിശേഷതയെ ഉയർത്തിക്കാട്ടാൻ ലുമെൻ ജെൻസ്യും ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു. പാലസ്തീനായിലെ തെരുവുകളിൽ യേശുവിനെ കണ്ടുമുട്ടിയവർ അവന്റെ മനുഷ്യത്വം, അവന്റെ കണ്ണുകളിലെയും കൈകളിലെയും, സ്വരത്തിലെയും ഒക്കെ മനുഷ്യത്വമാണ് മനസ്സിലാക്കിയത്. അവന്റെ ആതിത്ഥ്യമര്യാദയോടെയുള്ള നോട്ടത്താലും, അനുഗ്രഹിക്കുന്ന അവന്റെ കരസ്പർശത്താലും, അവന്റെ വിമോചനത്തിന്റെയും, രോഗശാന്തിയുടെയും വചനങ്ങളാലും പ്രേരിതരായവരാണ് അവനെ പിൻഗമിക്കാൻ തീരുമാനിച്ചത്. എന്നാൽ ആ മനുഷ്യന്റെ പുറകെ സഞ്ചരിച്ചുകൊണ്ട് ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയിലേക്കാണ് ശിഷ്യർ കടന്നുവന്നത്. ക്രിസ്തുവിന്റെ ശരീരം, അവന്റെ മുഖവും പ്രവൃത്തികളും വാക്കുകളും അദൃശ്യനായ ദൈവത്തെ ദൃശ്യമായി കാട്ടിത്തരുന്നു.
യേശുവിനെക്കുറിച്ചുള്ള ഈ വസ്തുതകളുടെ വെളിച്ചത്തിൽ നമുക്ക് സഭയിലേക്ക് മടങ്ങാം. അടുത്തുനിന്നുകൊണ്ട് അവളെ വീക്ഷിക്കുമ്പോൾ അവിടെ, ചിലപ്പോൾ സുവിശേഷത്തിന്റെ ഭംഗി വെളിപ്പെടുത്തുന്നതും, മറ്റു ചിലപ്പോൾ എല്ലാവരെയും പോലെ ബുദ്ധിമുട്ടുകയും തെറ്റുകൾ വരുത്തുകയും ചെയ്യുന്ന, സമൂർത്തരായ വ്യക്തികളാൽ നിർമ്മിതമായ സഭയുടെ മാനുഷികമായ മാനം കാണാം. എന്നാൽ ഇതേ അംഗങ്ങളിലൂടെയും, ഭൗമികവും പരിമിതവുമായ ഭാവങ്ങളിലൂടെയും ക്രിസ്തുവിന്റെ സാന്നിദ്ധ്യവും അവന്റെ രക്ഷാകരപ്രവർത്തനങ്ങളും അവൾ പ്രകടമാക്കുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞതുപോലെ, സുവിശേഷവും സഭാസ്ഥാപനവും തമ്മിൽ വൈരുദ്ധ്യമില്ല, മറിച്ച്, സഭയുടെ ഘടനകൾ ഇക്കാലത്തും സുവിശേഷത്തിന്റെ സാക്ഷാത്കാരത്തിനും മൂർത്തീകരണത്തിനും സഹായിക്കുന്നു (സ്വിറ്റ്സർലൻഡിലെ ബിഷപ്പുമാരോടുള്ള പ്രഭാഷണം, നവംബർ 9, 2006). ഭൂമിയിൽനിന്ന് വേർപെട്ടതും, കുറ്റമറ്റതും നിർമ്മലവുമായ ഒരു സഭയല്ല, ചരിത്രത്തിൽ ജന്മമെടുത്തതും ക്രിസ്തുവിന്റേതുമായ ഏക സഭയേയുള്ളൂ.
ക്രിസ്തു അവളിൽ വസിക്കുന്നു, അവളുടെ അംഗങ്ങളുടെ ലാളിത്യത്തിലൂടെയും ദുർബലതകളിലൂടെയും തന്നെത്തന്നെ നൽകിക്കൊണ്ടിരിക്കുന്നു എന്നതിലാണ് സഭയുടെ വിശുദ്ധി അടങ്ങിയിരിക്കുന്നത്. അവളിൽ നടക്കുന്ന ശാശ്വതമായ ഈ അത്ഭുതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സൃഷ്ടികളുടെ ബലഹീനതയിലൂടെ പ്രത്യക്ഷപ്പെടുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് തന്നെത്തന്നെ വെളിപ്പെടുത്തുന്ന "ദൈവത്തിന്റെ രീതി" നമുക്ക് മനസ്സിലാകും. ഇതുകൊണ്ടാണ്, "അപരന്റെ വിശുദ്ധഭൂമിക്ക് മുന്നിൽ നിന്റെ ചെരുപ്പുകൾ അഴിച്ചുവയ്ക്കുകയെന്ന്" എവഞ്ചേലി ഗൗദിയുമിൽ (പുറപ്പാട് 3, 5) (n. 169) ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തത്. ഇത് സഭയെ പടുത്തുയർത്താൻ കഴിവുള്ളവരാക്കി നമ്മെ മാറ്റും. ഇത് സഭയുടെ ദൃശ്യമായ രൂപങ്ങൾ ക്രമീകരിച്ചുകൊണ്ട് മാത്രമല്ല, നമുക്കിടയിലുള്ള കൂട്ടായ്മയിലൂടെയും കരുണയിലൂടെയും, ക്രിസ്തുവിന്റെ ശരീരമാകുന്ന ആത്മീയമന്ദിരം പണിതുകൊണ്ട് കൂടിയാണ്.
കരുണ വാസ്തവത്തിൽ ഉത്ഥിതന്റെ സാന്നിദ്ധ്യമാണ് അനുനിമിഷം സൃഷ്ടിക്കുന്നത്. വിശുദ്ധ അഗസ്തീനോസ് ഇങ്ങനെ പറയുമായിരുന്നു: ദൈവം ഹിതമാകുന്നെങ്കിൽ, ഏവരും കരുണയിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. കാരണം അത് എല്ലാത്തിനെയും അതിജീവിക്കുന്നു, അതില്ലാതെ ഒന്നിനും ഒരു മൂല്യവുമില്ല, അതെവിടെയുണ്ടോ അത് തന്നിലേക്ക് എല്ലാത്തിനെയും ആകർഷിക്കുന്നു (Serm. 354,6,6).
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
