ലിയോ പതിനാലാമൻ പാപ്പാ ഓസ്ട്രിയയുടെ പ്രസിഡന്റിനും ഔദ്യോഗികസംഘത്തിനും കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ ഓസ്ട്രിയയുടെ പ്രസിഡന്റിനും ഔദ്യോഗികസംഘത്തിനും കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

ലിയോ പതിനാലാമൻ പാപ്പായും ഓസ്ട്രിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെനും തമ്മിൽ കൂടിക്കാഴ്ച നടത്തി

ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെന് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് അഞ്ചാം തീയതി രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗാല്ലഗർ തുടങ്ങിയവരുമായും പ്രസിഡന്റ് ബെല്ലെൻ കൂടിക്കാഴ്ച നടത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പായും ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെനും തമ്മിൽ വത്തിക്കാനിൽ വച്ച് ഒരു കൂടിക്കാഴ്ച നടന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. മാർച്ച് അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ തുടങ്ങിയവരുമായും പ്രസിഡന്റ് ബെല്ലെൻ കൂടിക്കാഴ്ച നടത്തി.

സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിവിധ ഓഫീസുകളിൽ നടന്ന സമ്മേളനങ്ങളിലും സൗഹൃദപൂർണ്ണമായ സംഭാഷണങ്ങളിലും, പരിശുദ്ധ സിംഹാസനവും ഓസ്ട്രിയയുമായുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകം പരാമർശിക്കപ്പെട്ടു. ഓസ്ട്രിയയിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി അവിടെയുള്ള കത്തോലിക്കാസഭ നൽകുന്ന സംഭാവനകളെ രാഷ്ട്രനേതൃത്വം അടിവരയിട്ടുപറഞ്ഞു.

അന്താരാഷ്ട്രതലത്ത് നിലവിലിരിക്കുന്ന സംഘർഷാവസ്ഥ ചർച്ചകളിൽ പരാമർശിക്കപ്പെട്ടുവെന്നും, നിലവിലെ പ്രശ്നങ്ങൾക്ക് സമാധാനപൂർണ്ണമായ പരിഹാരം കാണുന്നതിൽ അന്താരാഷ്ട്രസമൂഹത്തിനുള്ള സാധ്യതകൾ വിശകലനം ചെയ്യപ്പെട്ടുവെന്നും, മാർച്ച് അഞ്ചാം തീയതി പുറത്തുവിട്ട തങ്ങളുടെ പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

യുദ്ധവും സംഘർഷങ്ങളും അന്താരാഷ്ട്രസമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് പുറമെ, കുടിയേറ്റം, വിവിധ മതങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി, സമകാലീനപ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും ചർച്ച ചെയ്തുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2026, 13:34