തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

കുട്ടികൾക്ക് ചികിത്സാസഹായമേകുന്ന സംഘടനാപ്രതിനിധികൾക്ക് കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ

"ലോകത്ത് കുട്ടികൾക്കായുള്ള ആശുപത്രികളുടെ രക്ഷാധികാരികൾ" എന്ന പേരിൽ അറിയപ്പെടുന്ന സംഘടനയുടെ പ്രതിനിധിസംഘത്തിന് പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. മാർച്ച് നാലാം തീയതി രാവിലെ പോൾ ആറാമൻ സമുച്ചയത്തിലുള്ള ഒരു ചെറുശാലയിലാണ് "കുട്ടികളുടെ ആരോഗ്യത്തിനും മാനുഷിക പരിചരണത്തിനുമുള്ള പോപ്പിന്റെ ആഗോള സഖ്യത്തിന്റെ" പ്രവർത്തനങ്ങൾ കൂടി ക്രമീകരിക്കുന്ന ഈ സംഘടനയ്ക്ക് കൂടിക്കാഴ്ച അനുവദിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുട്ടികൾക്ക് ചികിത്സയുമായി ബന്ധപ്പെട്ട സഹായസഹകരണങ്ങൾ നൽകുകയും, കുട്ടികൾക്കായുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന "ലോകത്ത് കുട്ടികൾക്കായുള്ള ആശുപത്രികളുടെ രക്ഷാധികാരികൾ" എന്ന പേരിലുള്ള സംഘടനയുടെ പ്രതിനിധി സംഘത്തിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. മാർച്ച് നാലാം തീയതി വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം പോൾ ആറാമൻ സമുച്ചയത്തിലുള്ള ഒരു ചെറുശാലയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

ടെലാഡോക് ലൈറ്റ് എന്ന പേരിൽ, വിദൂരങ്ങളിൽനിന്ന് ദൃശ്യമാധ്യമങ്ങൾ വഴി രോഗീസന്ദർശനം സാധ്യമാക്കുന്ന ഒരു യന്ത്രം സംഘടന പാപ്പായ്ക്ക് സമ്മാനമായി നൽകി. ഉന്നതനിലവാരമുള്ള ഡിജിറ്റൽ സന്ദർശനം വഴി, നേരിട്ടുള്ള രോഗീസന്ദർശനത്തിന് തുല്യമായ അനുഭവം ഉറപ്പാക്കുന്ന ഈ ഉപകരണത്തിന്റെ പ്രവർത്തനം പാപ്പായ്ക്ക് മുന്നിൽ കാണിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി, അർജന്റീനയുമായുള്ള ഒരു വിദൂര മെഡിക്കൽ കൂടിക്കാഴ്ച്ച സംഘടന നടത്തി.

ഫ്രാൻസിസ് പപ്പയുടെ നിർദ്ദേശപ്രകാരം, "കുട്ടികൾക്കായുള്ള ആരോഗ്യ, മാനവിക ശുശ്രൂഷകൾക്കുള്ള പാപ്പായുടെ ആഗോള കൂട്ടുകെട്ട്" എന്ന പേരിൽ, റോമിലുള്ള "ബംബീനോ ജെസു" ആശുപത്രി കൂടി ഉൾക്കൊള്ളുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടി 2024 മെയ് മുതൽ ക്രോഡീകരിക്കുന്ന ഈ അന്താരാഷ്ട്ര ശൃംഖല, ലോകമെമ്പാടും കുട്ടികൾക്കായുള്ള ആശുപത്രികളുടെയും ആരോഗ്യപരിപാലനകേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

മൂന്ന് വയസ്സുവരെയുള്ള പത്തുലക്ഷത്തോളം കുട്ടികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് "ലോകത്ത് കുട്ടികൾക്കായുള്ള ആശുപത്രികളുടെ രക്ഷാധികാരികൾ" എന്ന പേരിലുള്ള ഈ അമേരിക്കൻ പ്രസ്ഥാനം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2026, 12:29