തിരുസഭയിലും ക്രിസ്തുവിനെ അറിയുന്നതിലും തിരുവചനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജനുവരി ഏഴ് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് 2026-ൽ പരിശുദ്ധ പിതാവ് നടത്തിവരുന്നത്. ഇതനുസരിച്ച്, "ദേയി വേർബും" (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷനെ ആധാരമാക്കി, "സഭയുടെ ജീവിതത്തിൽ ദൈവവചനം" എന്ന തലക്കെട്ടോടെ, സഭാത്മകജീവിതത്തിൽ വചനത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടിയാണ് പരിശുദ്ധ പിതാവ് ഫെബ്രുവരി പതിനൊന്നാം തീയതി ബുധനാഴ്ച ഉദ്‌ബോധനം നടത്തിയത്. യൂറോപ്പിൽ അതിശൈത്യവും മഴയും ആയതിനാൽ, ഇത്തവണത്തെ പൊതുകൂടിക്കാഴ്ച വത്തിക്കാനുള്ളിലെ പോൾ ആറാമൻ ശാലയിലാണ് നടന്നത്. പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി തെസലോനിക്കാക്കാർക്കെഴുതിയ ഒന്നാം ലേഖനം രണ്ടാം അദ്ധ്യായം പതിമൂന്നാം വാക്യം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു:
"(സഹോദരരെ,) ഞങ്ങളിൽനിന്ന് നിങ്ങൾ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളിൽ പ്രവർത്തിക്കുന്ന യഥാർത്ഥ ദൈവത്തിന്റെ വചനമായിട്ടാണ് നിങ്ങൾ സ്വീകരിച്ചത്. അതിന് ഞങ്ങൾ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു" (1 തെസ. 2, 13).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!
ഇന്നത്തെ മതപ്രബോധനത്തിൽ, ദൈവവചനവും സഭയും തമ്മിലുള്ള ആഴമേറിയതും ഏറെ പ്രധാനപ്പെട്ടതുമായ ബന്ധത്തെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. "ദേയി വേർബു"മെന്ന കൗൺസിൽ രേഖയുടെ ആറാം അദ്ധ്യായത്തിൽ നാം ഇത് കാണുന്നുണ്ട്. സഭയാണ് വചനത്തിന്റെ യഥാർത്ഥ ഇടം. പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ ദൈവജനത്താൽ രൂപപ്പെട്ടതും, ദൈവജനത്തിനായി നല്കപ്പെട്ടതുമാണ് വിശുദ്ധ ഗ്രന്ഥം. ക്രൈസ്തസമൂഹമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അവാസയിടം എന്ന് നമുക്ക് പറയാൻ സാധിക്കും. സഭയുടെ ജീവിതത്തിലും വിശ്വാസത്തിലുമാണ്, വിശുദ്ധ ഗ്രന്ഥം തന്റെ അർത്ഥം വെളിപ്പെടുത്താനും, തന്റെ ശക്തി വെളിവാക്കാനും ഉള്ള ഇടം കണ്ടെത്തുന്നത്.
സഭ എന്നും തിരുവചനത്തെ, കർത്താവിന്റെ തിരുശരീരത്തെയെന്നപോലെ ആദരിച്ചിരുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. തിരുവചനത്തിന്റെ മേശയിൽനിന്നും ക്രിസ്തുവിന്റെ ശരീരത്തിൽനിന്നും പോഷണം കണ്ടെത്താനും, അത് വിശ്വാസികൾക്ക് നൽകാനും സഭ എന്നും പരിശ്രമിച്ചിരുന്നു. ഇത് പ്രത്യേകിച്ച് വിശുദ്ധ ബലിയിൽ കൂടുതൽ വ്യക്തമാണ്. മാത്രവുമല്ല, വിശുദ്ധമായ പാരമ്പര്യത്തിനൊപ്പം തിരുവചനങ്ങളെയും തന്റെ വിശ്വാസത്തിന്റെ ഉന്നതമായ നിയമമായി സഭ എന്നും കണ്ടുപോന്നിരുന്നു, ഇപ്പോഴും കാണുന്നു (ദേയി വേർബും, 21).
തിരുവചനങ്ങളുടെ മൂല്യത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിൽനിന്ന് സഭ ഒരിക്കലും പിന്നോക്കം പോകുന്നില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു പ്രധാനപ്പെട്ട സംഭവം, 2008 ഒക്ടോബറിൽ, "സഭയുടെ ജീവിതത്തിലും നിയോഗത്തിലും ദൈവവചനം" എന്ന വിഷയത്തിൽ നടന്ന മെത്രാന്മാരുടെ സിനഡിന്റെ സാധാരണ പൊതുസമ്മേളനമായിരുന്നു. "വേർബും ദേയി" (2010 സെപ്റ്റംബർ 30) എന്ന സിനഡാനന്തര അപ്പസ്തോലിക ഉദ്ബോധനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ഈ സമ്മേളനത്തിന്റെ ഫലങ്ങൾ ഒരുമിച്ച് വയ്ക്കുന്നുണ്ട്. "ബൈബിളിന്റെ ആധികാരിക വ്യാഖ്യാനശാസ്ത്രം സഭാ വിശ്വാസത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന്, വചനത്തിനും വിശ്വാസത്തിനും ഇടയിലുള്ള ആന്തരിക ബന്ധം എടുത്തുകാണിക്കുന്നു, ഈ സഭാവിശ്വാസത്തിന്റെ മാതൃക, മറിയത്തിന്റെ "അതെ" എന്ന സമ്മതമേകലിലാണ്. സഭയുടെ ജീവിതമാണ്, തിരുവചനത്തിന്റെ യഥാർത്ഥ വ്യാഖ്യാനയിടം എന്ന് പരിശുദ്ധ പിതാവ് പ്രസ്താവിക്കുന്നുണ്ട് (29).
സഭാസമൂഹത്തിലാണ് തിരുവചനം അതിന്റെ പ്രത്യേകമായ ദൗത്യം നിർവഹിക്കുന്നതും, അതിന്റെ ലക്‌ഷ്യം കണ്ടെത്തുന്നതും. ക്രിസ്തുവിനെ അറിയിക്കുകയും, ദൈവവുമായുള്ള സംവാദത്തിനായി അവരെ ഒരുക്കുകയും ചെയ്യുക എന്നതാണത്. "തിരുവചനത്തെക്കുറിച്ചുള്ള അജ്ഞത, ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്" എന്ന വിശുദ്ധ ജിറോളമോയുടെ വിഖ്യാതമായ പ്രസ്താവന, തിരുവചന വായനയുടെയും ധ്യാനത്തിന്റെയും അന്ത്യ ലക്ഷ്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. അത്, ക്രിസ്തുവിനെ അറിയുക എന്നതും, അവനിലൂടെ ദൈവവുമായുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുക എന്നതുമാണ്. ഈയൊരു ബന്ധത്തെ, ഒരു സംഭാഷണമായോ സംവാദമായോ നമുക്ക് മനസ്സിലാക്കാം. "ദേയി വേർബും" വെളിപാടിനെ ഒരു സംവാദമായാണ് അവതരിപ്പിക്കുന്നത്. ഇതിൽ സുഹൃത്തുക്കളോടെന്നപോലെ ദൈവം മനുഷ്യരോട് സംസാരിക്കുന്നു (DV, 2). വിശുദ്ധ ഗ്രന്ഥം പ്രാർത്ഥനാത്മകമായ മനോഭാവത്തോടെ വായിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അവിടെ, ദൈവം നമ്മെ കണ്ടെത്താനായി വരികയും, നമ്മോട് സംഭാഷണത്തിലേർപ്പെടുകയും ചെയ്യുന്നു.
സഭയ്ക്ക് ഏൽപ്പിക്കപ്പെട്ടതും, അവൾ സംരക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന വിശുദ്ധ ഗ്രന്ഥം സുപ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നത്. തന്റെ കാര്യക്ഷമതയും ശക്തിയും കൊണ്ട്, വചനം ക്രൈസ്തവസമൂഹത്തിന് പിന്തുണയും ഊർജ്ജവും പകരുന്നു. എല്ലാ വിശ്വാസികളും ഈ ഉറവയിൽനിന്ന് കുടിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രധാനമായും വിശുദ്ധ കുർബാനയിലൂടെയും, മറ്റു കൂദാശകളിലൂടെയുമാണ് സാധ്യമാകുന്നത്. വചന ശുശ്രൂഷ ചെയ്യുന്നവരെ, മെത്രാന്മാരെയും, പുരോഹിതരെയും, ഡീക്കന്മാരെയും, മതബോധകരെയും, തിരുവചനത്തോടുള്ള സ്നേഹവും, അതുമായുള്ള അടുപ്പവും നയിക്കേണ്ടതുണ്ട്. ബൈബിൾ വ്യാഖ്യാതാക്കളുടെയും, തിരുവചനവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങൾ പരിശീലിക്കുന്നവരുടെയും പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്. അതുപോലെതന്നെ, ദൈവവചനത്തിൽ തന്റെ അടിസ്ഥാനവും ആത്മാവും കണ്ടെത്തുന്ന ദൈവശാസ്ത്രത്തിലും തിരുവചനത്തിന് കേന്ദ്ര സ്ഥാനമുണ്ട്.
തന്നിലെ എല്ലാ അംഗങ്ങളിലേക്കും ദൈവവചനം എത്തുകയും, അവരുടെ വിശ്വാസയാത്രയെ പരിപോഷിപ്പിക്കുകയും ചെയ്യണമെന്നതാണ് സഭ തീവ്രമായി ആഗ്രഹിക്കുന്നത്. ദൈവവചനം സഭയെ അതിന്റെ പരിമിതികൾക്കപ്പുറത്തേക്ക് നയിക്കുകയും, ഏവരിലേക്കുമുള്ള മിഷനറി നിയോഗത്തിനായി അവളെത്തന്നെ തുറക്കുകയും ചെയ്യുന്നുണ്ട്. നമ്മൾ ഒരുപാട് വാക്കുകൾ കേട്ടുകൊണ്ടാണിരിക്കുന്നത്. എന്നാൽ അവയിൽ എത്രയെണ്ണം ശൂന്യമായവയാണ്! ചിലപ്പോഴൊക്കെ നാം അർത്ഥപൂർണ്ണമായ വാക്കുകൾ കേൾക്കാറുണ്ട്, എന്നാൽ അവ നമ്മുടെ അന്ത്യ ലക്ഷ്യത്തെ ബാധിക്കുന്നവയാകണമെന്നില്ല. എന്നാൽ ദൈവവചനമാകട്ടെ, നമ്മുടെ ജീവിതത്തിന്റെ അർത്ഥത്തേയും സത്യത്തെയും കുറിച്ചുള്ള നമ്മുടെ ദാഹത്തെ തൃപ്തിപ്പെടുത്തുന്നതാണ്. എന്നും പുതുതായിരിക്കുന്ന ഒരേയൊരു വചനമാണിത്. ദൈവീകരഹസ്യം വെളിപ്പെടുത്തുന്ന ഇത്, അക്ഷയമാണ്, അത് തന്റെ സമ്പത്ത് പകരുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ല.
പ്രിയപ്പെട്ടവരേ, സഭയിൽ ജീവിക്കുമ്പോൾ, തിരുവചനം പൂർണ്ണമായും യേശുക്രിസ്തുവുമായി ബന്ധപ്പെട്ടതാണെന്ന് നാം മനസിലാക്കുന്നു. തിരുവചനത്തിന്റെ മൂല്യത്തിനും, അതിന്റെ ശക്തിക്കുമുള്ള ആഴമേറിയ കാരണം ഇതാണെന്ന് നാം തിരിച്ചറിയുന്നു. പിതാവിന്റെ ജീവിക്കുന്ന വചനമാണ്, മാംസമായിത്തീർന്ന ദൈവവചനമാണ് ക്രിസ്തു. നാമെല്ലാവർക്കും, മാനവികതയ്ക്ക് മുഴുവനും വേണ്ടിയുള്ള അവന്റെ വ്യക്തിത്വവും, രക്ഷിക്കുന്ന അവന്റെ സാന്നിദ്ധ്യവുമാണ് തിരുവചനം അറിയിക്കുന്നത്. സഭയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ മാതൃകയിൽ, ഈ ദാനത്തെ സ്വീകരിക്കാനായി നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും തുറക്കാം.
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
