ക്രിസ്തുവിലൂടെ നടക്കുന്ന രക്ഷാകരപദ്ധതിയുടെ അടയാളവും ഉപകരണവുമാണ് ക്രൈസ്തവസഭ: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2026 ജനുവരി ഏഴ് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചുരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് 2026-ലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് നടത്തിവരുന്നത്. ഇതനുസരിച്ച്, ജനതകളുടെ പ്രകാശം എന്നർത്ഥം വരുന്ന, "ലുമെൻ ജെൻസിയും" (Lumen gentium) എന്ന പ്രമാണരേഖയെ ആധാരമാക്കി, "ദൈവവുമായുള്ള ഐക്യത്തിന്റെയും എല്ലാ മാനവികതയുടെയും ഐക്യത്തിന്റെയും കൂദാശയായ സഭയെന്ന രഹസ്യം" എന്ന തലക്കെട്ടോടെ, ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ അടയാളവും ഉപകരണവുമായ സഭയെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ഫെബ്രുവരി പതിനെട്ടാം തീയതി ബുധനാഴ്ച ഉദ്‌ബോധനം നടത്തിയത്. യൂറോപ്പിൽ ശൈത്യം മയപ്പെട്ടതിനാൽ, മുൻ ബുധനാഴ്ചകളിൽനിന്ന് വ്യത്യസ്തമായി, സാധാരണ പതിവുപോലെ, വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് മുന്നിലുള്ള ചത്വരത്തിലാണ് ഇത്തവണത്തെ പൊതുകൂടിക്കാഴ്ച നടന്നത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും നിരവധി കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന ഇടത്ത് കൃത്യം പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
വിശുദ്ധ പൗലോസ് കൊളോസോസുകാർക്കെഴുതിയ ലേഖനം ഒന്നാം അദ്ധ്യായം പതിനഞ്ചും, പതിനെട്ടും വാക്യങ്ങളുടെ കുറച്ചു ഭാഗവും, പത്തൊൻപതും ഇരുപതും വാക്യങ്ങളും പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു:
"ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്. (...) അവൻ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. (...) എന്തെന്നാൽ, അവനിൽ സർവ സമ്പൂർണ്ണതയും നിവസിക്കണമെന്ന് ദൈവം തിരുമനസ്സായി. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്ന് തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു" (കൊളോ. 1, 15.18.19-20).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!
നമ്മുടെ മതപ്രബോധനങ്ങൾ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകൾ, സഭയെക്കുറിച്ച് വിശേഷിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ, ആദ്യമേതന്നെ അവളുടെ ആരംഭം എവിടെനിന്നാണെന്ന് വിശദീകരിക്കാനാണ് പരിശ്രമിച്ചത്. ഇതിനായി, 1964 നവംബർ 21-ന് അംഗീകരിച്ച "ലൂമെൻ ജെൻസിയും" എന്ന സഭയെക്കുറിച്ചുള്ള പ്രമാണരേഖയിൽ, വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽനിന്നുള്ള "രഹസ്യം" എന്ന വാക്ക് കൗൺസിൽ ഉപയോഗിച്ചു. ഈ വാക്ക് തിരഞ്ഞെടുത്തതുകൊണ്ട്, "രഹസ്യം എന്ന വാക്ക് കേൾക്കുമ്പോൾ സാധാരണയായി ചിന്തിക്കുന്നതുപോലെ, അവ്യക്തമോ മനസ്സിലാക്കാനാകാത്തതോ ആയ എന്തെങ്കിലും ആണ് സഭ എന്ന് പറയാനല്ല വിശുദ്ധ പൗലോസ് ഉദ്ദേശിച്ചത്. ഇതിന് വിപരീതമായി, മുൻപ് മറച്ചുവച്ചിരുന്നതും, ഇപ്പോൾ വെളിവാക്കപ്പെട്ടതുമായ ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് പറയാനാണ് ഈ വാക്ക് ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ, വിശുദ്ധ പൗലോസ് ഉദ്ദേശിക്കുന്നത്.
ഇത് പ്രത്യേക ഉദ്ദേശമുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. അത് യേശുക്രിസ്തുവിന്റെ അനുരഞ്ജനപ്രവർത്തനത്തിന്റെ, കുരിശിലെ തന്റെ മരണത്തിലൂടെ യാഥാർത്ഥ്യമാക്കിയ പ്രവൃത്തിയുടെ ഫലമായി എല്ലാ സൃഷ്ടികളെയും ഏകീകരിക്കുക എന്നതാണ്. ആരാധനക്രമ ആഘോഷത്തിനായി ഒത്തുകൂടിയ സഭയിലാണ് ഈ അനുരഞ്ജനം ആദ്യമായി അനുഭവപ്പെടുന്നത്: അവിടെ വ്യത്യസ്തതകൾ ആപേക്ഷികമാക്കപ്പെടുന്നു; വ്യക്തികൾക്കും സാമൂഹിക സംഘങ്ങൾക്കും ഇടയിലുള്ള വേർതിരിവിന്റെ മതിൽ തകർത്ത ക്രിസ്തുവിന്റെ സ്നേഹത്താൽ ആകർഷിക്കപ്പെട്ട് ഒരുമിച്ചുകൂടുക എന്നതാണ് പ്രധാനമായുള്ളത് (എഫേ. 2, 14). വിശുദ്ധ പൗലോസിനെ സംബന്ധിച്ചിടത്തോളം, രഹസ്യം എന്നത് ദൈവം മുഴുവൻ മനുഷ്യരാശിക്കും വേണ്ടി സാധ്യമാക്കിയെടുക്കാൻ ആഗ്രഹിച്ചതെന്താണോ അതിന്റെ വെളിപ്പെടുത്തലാണ്. ഇത് പ്രാദേശികമായ അനുഭവങ്ങളിലൂടെയാണ് വെളിപ്പെടുത്തപ്പെടുന്നത്. പിന്നീട് അത് എല്ലാ മനുഷ്യരെയും, പ്രപഞ്ചത്തെപ്പോലും ഈ അനുഭവത്തിലേക്ക് ഉൾപ്പെടുത്തുന്നു.
മനുഷ്യഹൃദയങ്ങളിൽ ഐക്യത്തിനായുള്ള പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും, മനുഷ്യർക്ക് നന്നാക്കിയെടുക്കാൻ സാധിക്കാത്തത്ര വിധത്തിലുള്ള ശിഥിലീകരണത്തിന്റെ അവസ്ഥയിലാണ് മാനവികത. ഈ അവസ്ഥയിലാണ്, പരിശുദ്ധാത്മാവിലൂടെ, വിഭജനശക്തികളെയും, വിഭജകനെയും വിജയിക്കുന്ന യേശുവിന്റെ പ്രവർത്തനം കടന്നുവരുന്നത്. സുവിശേഷത്തിന്റെ പ്രഘോഷണത്തിൽ വിശ്വസിച്ചും, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ വെളിപാടായ ക്രിസ്തുവിന്റെ കുരിശിന്റെ ആകർഷണം ജീവിച്ചും, വിശ്വാസം ആഘോഷിക്കാൻ ഒരുമിച്ചുചേരുക; ദൈവത്താൽ ഒരുമിച്ച് വിളിച്ചുചേർക്കപ്പെട്ടവരാണ് തങ്ങളെന്ന് മനസ്സിലാകുക; ഇതുകൊണ്ടാണ് "എക്ലേസിയ", അതായത്, വിളിച്ചുചേർക്കപ്പെട്ടവർ എന്ന് തിരിച്ചറിയുന്ന ആളുകളുടെ സമൂഹം എന്ന വാക്ക് സഭയെക്കുറിച്ച് ഉപയോഗിക്കുന്നത്. അങ്ങനെ ഈ രഹസ്യത്തിനും സഭയ്ക്കും ഇടയിൽ ഒരു പ്രത്യേക യാദൃശ്ചികതയുണ്ട്. സഭ മനസിലാക്കാനാകുന്നതാക്കിത്തീർത്ത രഹസ്യമാണ്.
ഈയൊരു വിളിച്ചുചേർക്കൽ, ദൈവത്താൽ നടത്തപ്പെടുന്നതാണെന്നതിനാൽത്തന്നെ, ഒരു പ്രത്യേക കൂട്ടം ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ സാധിക്കില്ല. മറിച്ച് ഇത് എല്ലാ മനുഷ്യരുടെയും അനുഭവമായി മാറാൻ നിശ്ചയിക്കപ്പെട്ട ഒന്നാണ്. ഇതുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ലുമെൻ ജെൻസിയും എന്ന പ്രമാണരേഖയുടെ ആരംഭത്തിൽത്തന്നെ ഇങ്ങനെ പ്രഖ്യാപിക്കുക: "സഭ ഒരർത്ഥത്തിൽ ക്രിസ്തുവിൽ ഒരു കൂദാശ, അതായത്, ദൈവവുമായുള്ള അടുത്ത ഐക്യത്തിന്റെയും, മുഴുവൻ മനുഷ്യവംശത്തിന്റെയും ഐക്യത്തിന്റെയും അടയാളവും ഉപകരണവുമാണ്" (1). "കൂദാശ" എന്ന പദത്തിന്റെ ഉപയോഗവും തുടർന്നുള്ള വിശദീകരണവും, മനുഷ്യചരിത്രത്തിൽ, ദൈവം നിറവേറ്റാൻ ആഗ്രഹിക്കുന്നതെന്താണോ അതിന്റെ ഒരു പ്രകടനമാണ് സഭ എന്ന് സൂചിപ്പിക്കുന്നു; അതുകൊണ്ടുതന്നെ, സഭയെ കാണുന്നതിലൂടെ, ഒരു പരിധിവരെ ദൈവത്തിന്റെ പദ്ധതി, രഹസ്യം നമുക്ക് മനസ്സിലാകും: ഈയൊർത്ഥത്തിൽ, സഭ ഒരു അടയാളമാണ്. കൂടാതെ, "ഉപകരണം" എന്ന പദവും "കൂദാശ" എന്ന പദത്തോട് ചേർത്തുവയ്ക്കപ്പെടുന്നുണ്ട്. ഇത്, സഭ ഒരു സജീവമായ അടയാളമാണെന്ന് സൂചിപ്പിക്കാനാണ്. വാസ്തവത്തിൽ, ദൈവം ചരിത്രത്തിൽ പ്രവർത്തിക്കുമ്പോൾ, തന്റെ പ്രവർത്തനത്തിന്റെ സ്വീകർത്താക്കളായ ആളുകളെ അവൻ തന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ആളുകളെ തന്നിലേക്ക് ഒന്നിപ്പിക്കുകയും പരസ്പരം ഒന്നിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ദൈവം കൈവരിക്കുന്നത് സഭയിലൂടെയാണ്.
ദൈവവുമായുള്ള ഐക്യം മനുഷ്യ വ്യക്തികളുടെ ഐക്യത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇതാണ് രക്ഷയുടെ അനുഭവം. തീർത്ഥാടന സഭയുടെ യുഗാന്ത സ്വഭാവത്തിനായി സമർപ്പിച്ചിരിക്കുന്ന ലുമെൻ ജെൻസിയും എന്ന പ്രമാണരേഖയുടെ ഏഴാം അദ്ധ്യായത്തിന്റെ നാല്പത്തിയെട്ടാം ഖണ്ഡികയിൽ സഭയെ കൂദാശയെന്ന നിലയിൽ വീണ്ടും വിവരിച്ചിരിക്കുന്നു. രക്ഷയുടെ കൂദാശ എന്ന വിവരണത്തോടെയാണിത്. കൗൺസിൽ പറയുന്നു, ക്രിസ്തു ഭൂമിയിൽനിന്ന് ഉന്നതത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ, ഏവരെയും തന്നിലേക്ക് ആകർഷിച്ചു (യോഹ. 12, 32), മരണമടഞ്ഞവരിൽനിന്നും ഉയർത്തെഴുന്നേറ്റുകൊണ്ട് (റോമാ 6, 9) ജീവനേകുന്ന തന്റെ ആത്മാവിനെ അപ്പസ്തോലന്മാരിൽ പകർന്നു, ആത്മാവിലൂടെ, തന്റെ ശരീരത്തെ, രക്ഷയുടെ സാർവ്വത്രിക കൂദാശയായ സഭയെ സ്ഥാപിച്ചു, പിതാവിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട്, മനുഷ്യരെ സഭയിലേക്ക് നയിക്കാനും, അവളിലൂടെ അവരെ തന്നിലേക്ക് കൂടുതലായി അടുപ്പിക്കാനും, അവരെ തന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പോഷണത്തിലൂടെ തന്റെ മഹത്വപൂർണ്ണമായ ജീവിതത്തിൽ പങ്കാളികളാക്കാനും വേണ്ടി, അവൻ ലോകത്തിൽ നിരന്തരം പ്രവർത്തിക്കുന്നു.
പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യമായ യേശുവിന്റെ പെസഹായുടെ ഏകീകരണപ്രവർത്തനവും സഭയുടെ സത്വവുമായുള്ള ബന്ധം മനസ്സിലാക്കാൻ ഈ വാക്കുകൾ നമ്മെ സഹായിക്കും. അതേസമയം ഉയർത്തെഴുനേറ്റ ക്രിസ്തുവിന്റെ ശരീരവും, ചരിത്രത്തിലൂടെ തീർത്ഥാടനം നടത്തുന്ന ദൈവത്തിന്റെ ഏക ജനവും, ഇപ്പോഴും തകർന്നിരിക്കുന്ന ഒരു മാനവികതയ്ക്ക് നടുവിൽ, വിശുദ്ധീകരണ സാന്നിദ്ധ്യവും, ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ശക്തമായ അടയാളവും ആയ സഭയിൽ അംഗങ്ങളാണെന്നതിൽ നന്ദിയുള്ളവരാക്കിയും ഇത് നമ്മെ മാറ്റുന്നു.
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
