വിചിന്തനത്തിന്റെയും സംവാദനങ്ങളുടെയും സഹകരണത്തിന്റെയും സമയമാണ് കൺസിസ്റ്ററി: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ ആദ്യമായി വിളിച്ചുകൂട്ടിയ "അസാധാരണ കൺസിസ്റ്ററി ജനുവരി ഏഴാം തീയതി ബുധനാഴ്ച വത്തിക്കാനിൽ ആരംഭിച്ചു. വൈകുന്നേരം നാലുമണിക്ക് വത്തിക്കാനിലെ സിനഡ് ശാലയിൽ നടന്ന പ്രഥമ സമ്മേളനത്തിൽ സംസാരിച്ച പരിശുദ്ധ പിതാവ്, ഈ രണ്ടു ദിനങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, വിചിന്തനങ്ങളും സംവാദങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് സഹകരണമനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും കർദ്ദിനാൾമാരെ ഓർമ്മിപ്പിച്ചു.
വ്യക്തിപരമോ ഏതെങ്കിലും ഗ്രൂപ്പിന്റേയോ പ്രത്യേക അജണ്ടകൾ നടപ്പാക്കാനോ, ക്രോഡീകരിക്കപ്പെട്ട രേഖകളോ തയ്യാറാക്കാനോ എന്നതിനേക്കാൾ, സഭയുടെ മുന്നോട്ടുള്ള യാത്രയിലേക്ക് വേണ്ട പ്രചോദനത്തിനും ലക്ഷ്യബോധത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. പാപ്പായുടെ നിയോഗങ്ങളിലും ഭാരിച്ച ഉത്തരവാദിത്വങ്ങളിലും സഹായവും ഐക്യദാർഢ്യവും ഉറപ്പുനൽകാനുള്ള കർദ്ദിനാൾമാരുടെ കടമയിലേക്കും പാപ്പായുടെ പ്രസംഗം വെളിച്ചം വീശി.
കർദ്ദിനാൾമാരുടെ സാംസ്‌കാരിക, സഭാപാരമ്പര്യപരമായ വ്യത്യസ്തതകളും പശ്ചാത്തലങ്ങളും പരാമർശിച്ച പാപ്പാ, അവ നിലനിൽക്കുമ്പോൾത്തന്നെ ഒരുമയോടെ സഭയെ സേവിക്കേണ്ടതിന്റെയും, പരസ്പരസംവാദങ്ങളിൽ ഏർപ്പെടേണ്ടതിന്റെയും പ്രാധാന്യവും, അതുവഴി കൂട്ടായ്മയുടെ മാതൃകയായി തുടരേണ്ടതിന്റെയും ആവശ്യവും ഓർമ്മിപ്പിച്ചു.
സഭയല്ല ക്രിസ്തുവാണ് നമ്മെ വിളിക്കുന്നതും തന്നിലേക്ക് ആകർഷിക്കുന്നതുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ ഏതെങ്കിലുമൊരു സഭാസമൂഹം നമുക്ക് ആകർഷണീയമായ തോന്നുന്നുവെങ്കിൽ, അതിന് കാരണം, രക്ഷകനായ ദൈവത്തിന്റെ ഹൃദയത്തിൽനിന്നൊഴുകുന്ന ജീവരക്തവും സ്നേഹവും ഒഴുകാനുള്ള നീർച്ചാലായി അത് പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് വിശദീകരിച്ചു. ഐക്യം ആകർഷണശക്തിയുള്ളതും ഭിന്നതകൾ പരസ്പരം അകറ്റുന്നതുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വോട്ടവകാശമുള്ള നൂറ്റിയിരുപത്തിരണ്ടും വോട്ടവകാശമില്ലാത്ത നൂറ്റിയിരുപത്തിമൂന്നും കർദ്ദിനാൾമാർ അംഗങ്ങളായുള്ള കർദ്ദിനാൾസംഘത്തിലെ നൂറ്റിയെഴുപത് പേർ ആദ്യദിനത്തിലെ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ കീഴിൽ, പരസ്പരം ശ്രവിച്ചുകൊണ്ടും, ഒരുമിച്ച് നടന്നും പത്രോസിനടുത്ത ശുശ്രൂഷയിൽ തനിക്ക് സഹായമേകാൻ പാപ്പാ കർദ്ദിനാൾമാരെ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
