കൺസിസ്റ്ററി കൃപയുടെയും ദൈവത്തോടും സഭയോടുമുള്ള ഐക്യം പ്രഖ്യാപിക്കാനുമുള്ള സമയം: പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭയെ നയിക്കുന്നതിൽ പാപ്പായെ സഹായിക്കുന്നതിനായി പരിശ്രമിക്കേണ്ടതിന്റെയും, ഐക്യത്തോടെ തങ്ങളുടെ കഴിവുകൾ സഭാസേവനത്തിനായി ദൈവത്തിന് സമർപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കർദ്ദിനാൾമാരെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ താൻ ആദ്യമായി വിളിച്ചുചേർത്ത "അസാധാരണ കൺസിസ്റ്ററി"യുടെ രണ്ടാം ദിനമായ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭാനേതൃത്വത്തിലുണ്ടാകേണ്ട ഒരുമയുടെയും ഉദാരമനോഭാവത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്.
കൺസിസ്റ്ററി എന്നത് കൃപയുടെയും, സഭാശുശ്രൂഷയിലായിരിക്കുന്നവരെന്ന നിലയിലുള്ള ഐക്യത്തിന്റെയും സമയമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കൺസിസ്റ്ററി എന്നാൽ, “സമ്മേളനം” എന്ന് മാത്രമല്ല, “നിൽക്കുക” എന്ന അർത്ഥം കൂടിയുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്, തന്റെ ജനത്തിന്റെ നന്മയ്ക്കായി ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്താണെന്ന് വിചിന്തനം ചെയ്യാനായാണ് നാം ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് കർദ്ദിനാൾമാരെ ഓർമ്മിപ്പിച്ചു. വ്യക്തിപരമോ, ഗ്രൂപ്പുകളുടെയോ പ്രത്യേക താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, ദൈവത്തിന് മുന്നിൽ നമ്മുടെ പദ്ധതികളെയും പ്രചോദനങ്ങളെയും വിശകലനം ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.
കൺസിസ്റ്ററിയിൽ കർദ്ദിനാൾമാർ ഒരുമിച്ചുകൂടുന്നത്, ദൈവത്തോടും, സഭയോടും, ലോകമെങ്ങുമുള്ള ആളുകളോടുമുള്ള സ്നേഹത്തിന്റെ പ്രകടനം കൂടിയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിൽ പ്രാർത്ഥനയുടെയും പരസ്പരം ശ്രവിക്കേണ്ടതിന്റെയും നിശ്ശബ്ദതയുടെയും ആവശ്യമുണ്ടെന്നും പ്രസ്താവിച്ചു.
നന്മയും സമാധാനവും തേടുന്ന മാനവികതയ്ക്കും "വലിയ ജനക്കൂട്ടത്തിനും" മുന്നിൽ, നമ്മുടെ പരിമിതങ്ങളായ കഴിവുകളും നമുക്കുള്ളതും നൽകാനും, ദൈവകൃപയാൽ നൽകപ്പെടുന്നവ പകുത്തുകൊടുക്കാനുമാണ് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സഭയ്ക്കായി നൽകുന്ന സേവനങ്ങളും, പത്രോസിന്റെ പിൻഗാമിക്കൊപ്പം ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതും ഏറെ പ്രധാനപ്പെട്ടവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ ബലിയിൽ 155 കർദ്ദിനാൾമാർ സഹകാർമ്മികരായി. 98 വയസ്സുള്ള അൽബേനിയക്കാരൻ കർദ്ദിനാൾ ഏർനെസ്റ് അൽബാനിയും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.
ജനുവരി ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച കൺസിസ്റ്ററിയിൽ, സിനഡും സിനഡാത്മകതയും, എവഞ്ചേലി ഗൗദിയും എന്ന രേഖയുടെ കൂടി പശ്ചാത്തലത്തിൽ, സഭയിലെ സുവിശേഷവത്കരണത്തിന്റെയും സഭയുടെ നിയോഗത്തിന്റെയും പ്രാധാന്യം എന്നീ രണ്ട് വിഷയങ്ങൾ പ്രധാന ചിന്താവിഷയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
