ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലും സഹനമനുഭവിക്കുന്ന കുട്ടികളെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആനന്ദത്തിന്റെയും ആഘോഷങ്ങളുടെയും ക്രിസ്തുമസ് ദിനങ്ങളിൽപ്പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമസ് വിളക്കുകളോ സംഗീതമോ ഇല്ലാതെ ജീവിക്കേണ്ടിവന്ന കുട്ടികൾക്കായി സിസ്റ്റൈൻ ചാപ്പൽ ഗായകസംഘത്തിന്റെ ക്രിസ്തുമസ് സംഗീതക്കച്ചേരി സമർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ പതിവുപോലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, സിസ്റ്റൈൻ ചാപ്പലിൽ വച്ച്, സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം, ജനുവരി മൂന്നാം തീയതി ശനിയാഴ്ച പരിശുദ്ധ പിതാവിന്റെയും കൂരിയയുമായി ബന്ധപ്പെട്ട ആളുകളുടെയും സാന്നിദ്ധ്യത്തിൽ നടത്തിയ സംഗീതമേളയുടെ അവസാനം സംസാരിക്കവെയാണ് പാപ്പാ സഹനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളെ അനുസ്മരിച്ചത്.
സമാധാനമില്ലാതെയും, മനുഷ്യാന്തസ്സ് നിലനിർത്താൻ വേണ്ടവ പോലും ഇല്ലാതെയുമാണ് നിരവധി കുട്ടികൾ ഈ ദിവസങ്ങളിൽ ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ഈ കൊച്ചുകുട്ടികളുടെ നിശബ്ദമായ നിലവിളി കേൾക്കണമേയെന്നും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിൽ ലോകത്തിന് നീതിയും സമാധാനവും നൽകണമേയെന്നും പ്രാർത്ഥിച്ചു.
തന്റെ പ്രഭാഷണത്തിന്റെ ആദ്യഭാഗത്ത്, ക്രിസ്തുമസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് സംഗീതവും ഗാനാലാപനവുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പരിശുദ്ധ അമ്മ രക്ഷകന് ജന്മമേകുന്ന അവസരത്തിൽ, "ഉന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സമാധാനം" എന്ന് ആലപിച്ച മാലാഖമാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.
ബെത്ലഹേമിലെ തിരുപ്പിറവിയുടെ കാഴ്ചക്കാരും സാക്ഷികളുമായിരുന്ന ആട്ടിടയന്മാരും, തിരികെപ്പോകുന്നത് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടുമാണെന്ന് പാപ്പാ അനുസ്മരിച്ചു. എന്നാൽ അതിലുപരി, നിശബ്ദവും ധ്യാനനിമഗ്നവുമായ മറ്റൊരു സംഗീതം പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ഉയരുന്നുണ്ടായിരുന്നുവെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം വർഷങ്ങളായി പാപ്പാമാരുടെ ആരാധനാക്രമശുശ്രൂഷകളിൽ അകമ്പടി സേവിച്ച ചരിത്രമുള്ള സിസ്റ്റൈൻ ചാപ്പൽ ഗായകസംഘത്തിന്റെ സേവനത്തിന് പരിശുദ്ധ പിതാവ് പ്രത്യേകം നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
