സ്വിറ്റ്ലാൻഡ് അഗ്നിബാധയുടെ ഇരകൾക്ക് തന്റെ സാമീപ്യം പുതുക്കി ലിയോ പതിനാലാമാൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സ്വിറ്റസർലണ്ടിലെ ക്രാൻ-മൊന്താനയിലുണ്ടായ ദാരുണാപകടം മൂലം ദുഃഖത്തിലായിരിക്കുന്ന ഏവർക്കും തന്റെ സാമീപ്യം ആവർത്തിച്ച് ഉറപ്പുനൽകി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ ഞായറാഴ്ചകളിൽ ഉള്ള പതിവനുസരിച്ച് ജനുവരി നാലാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ത്രികാല ജപപ്രാർത്ഥന നയിച്ച വേളയിലാണ് അവിടെയുള്ള സ്കീ റിസോർട്ടിൽ ഉണ്ടായ വൻ അഗ്നിബാധയുടെ ഇരകളെയും അവരുടെ പ്രിയപ്പെട്ടവരെയും പാപ്പാ അനുസ്മരിച്ചത്.
ഈ ദാരുണപകടത്തിൽ മരണമടഞ്ഞ യുവജനങ്ങൾക്കും, അപകടത്തിൽ പരിക്കേറ്റവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും തന്റെ പ്രാർത്ഥനകൾ പരിശുദ്ധ പിതാവ് ഉറപ്പു നൽകി. അപകടമുണ്ടായതിന്റെ പിറ്റേന്ന്, ജനുവരി രണ്ടാം തീയതി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ട്, പ്രദേശത്തെ സിയോൺ (SION) രൂപതാദ്ധ്യക്ഷൻ ബിഷപ് ഷാൻ-മരീ ലോവിക്ക് (JEAN-MARIE LOVEY) അയച്ച ഒരു ടെലെഗ്രാം സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഈ അഗ്നിബാധയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് അറിയിച്ചിരുന്നു.
ജനുവരി ഒന്നാം തീയതി രാവിലെ ക്രാൻ-മൊന്താനയിൽ പുതുവർഷവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ഒന്ന് ചേർന്ന് ആഘോഷങ്ങൾ നടത്തുന്നതിനിടയിൽ ഉണ്ടായ അഗ്നിബാധയിൽ നാൽപ്പതിലധികം ആളുകൾ മരണമടഞ്ഞിരുന്നു. നൂറിലധികം പേർക്കാണ് പൊള്ളലും മറ്റു പരിക്കുകളും ഏറ്റത്.
ജനുവരി ഒന്നാം തീയതി പുലർച്ചെയുണ്ടായ ഈ അപകടത്തിന്റെ ഇരകൾക്കും പ്രിയപ്പെട്ടവർക്കുമായി സിയോൺ രൂപതാദ്ധ്യക്ഷൻ അന്ന് വൈകുന്നേരം അർപ്പിച്ച ദിവ്യബലിയിൽ നാനൂറിലധികം ആളുകൾ പങ്കുചേർന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ദുഃഖമനുഭവിക്കുന്നവർക്ക്, ക്രൈസ്തവമായ പ്രത്യാശ ആശ്വാസം പകരട്ടെയെന്നാണ് താൻ ആശംസിക്കുന്നതെന്ന് സിയോൺ രൂപതാദ്ധ്യക്ഷൻ പ്രസ്താവിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
