ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

വെനിസ്വേലയിലെ രാഷ്ട്രീയസ്ഥിതിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അമേരിക്കൻ അക്രമണത്തിന്റെയും, അതേത്തുടർന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളുടെ പൊതുനന്മയിലുള്ള തന്റെ ആശങ്ക പരസ്യമാക്കി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 4 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ഈ പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെയും പ്രാദേശികസഭയിലെ വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആശങ്ക നിറഞ്ഞ മനസ്സോടെയാണ് വെനിസ്വേലയിലെ സംഭവവികാസങ്ങളെ താൻ നോക്കിക്കാണുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. അമേരിക്കൻ ഐക്യനാടിന്റെ സേന, തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ ശനിയാഴ്ച നടത്തിയ ശക്തമായ അക്രമണത്തിന്റെയും, പ്രസിഡന്റ് മദൂറോയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അറസ്റ്റിന്റെയും പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവ് തന്റെ ആശങ്ക വെളിപ്പെടുത്തിയത്. ജനുവരി നാലാം തീയതി ഞായറാഴ്ച്ച വത്തിക്കാനിൽ പതിവുപോലെ ത്രികാലജപ പ്രാർത്ഥന നയിച്ച വേളയിൽ, ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, വെനിസ്വേലൻ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകൾക്കും മുൻപിൽ ഉയർന്നുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.

ദീർഘനാളുകളായി രാജ്യത്ത് തുടരുന്നതും, കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർദ്ധിച്ചതുമായ സംഘർഷങ്ങളുടെകൂടി വെളിച്ചത്തിൽ സംസാരിച്ച പരിശുദ്ധ പിതാവ്, അതിക്രമങ്ങളെ മറികടക്കാനും, നീതിയുടെയും സമാധാനത്തിന്റെയും മാർഗ്ഗം സ്വീകരിക്കാനും പരിശ്രമിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു. വെനിസ്വെലയുടെ പരമാധികാരവും രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ചയും ഉറപ്പാക്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

രാജ്യത്ത് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, രാജ്യത്തെ സുഖകരമല്ലാത്ത സാമ്പത്തികസ്ഥിതിയുടെ കൂടി പശ്ചാത്തലത്തിൽ, പാവപ്പെട്ടവർക്ക്, പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. സഹകരണത്തിന്റെയും സ്ഥിരതയുടെയും ഐക്യത്തിന്റേതുമായ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാനായി ഏവരും ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

രാജ്യത്ത് സമാധാനം തിരികെ സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി കോറോമോത്തോയിലെ മാതാവിന്റെയും വിശുദ്ധരായ ഹൊസെ ഗ്രെഗോറിയോ എർണാന്തെസിന്റെയും സി. കാർമെൻ റെന്തീലെസിന്റെയും സഹായം പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

അമേരിക്കൻ നിയമനിർവ്വഹണസമിതിയുടെ അനുമതിയോടെ നടന്ന ഈ ആക്രമണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധയിടങ്ങളിൽ അമേരിക്കൻ സൈന്യം കനത്ത സ്‌ഫോടനങ്ങൾ നടത്തിയിരുന്നു.

അതേസമയം, ആക്രമണത്തെ അപലപിച്ച മദൂറോ സർക്കാർ, നിരവധി ജനവാസനിബിഢ പ്രദേശങ്ങളിൽ ആക്രമണമുണ്ടായതായും, ഈ ആക്രമണം ഐക്യരാഷ്ട്രസഭാരേഖകളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവിച്ചിരുന്നു. രാജ്യത്തെ വിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുയർന്നിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജനുവരി 2026, 12:03