പുതുവർഷത്തിൽ പ്രത്യാശയോടെ വിശ്വാസയാത്ര തുടരാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂബിലി വർഷം അവസാനിച്ചുവെങ്കിലും വിശ്വാസയാത്ര പ്രത്യാശയോടെ തുടരാമെന്ന് ലിയോ പതിനാലാമൻ പാപ്പാ. 2026-ലെ ആദ്യ ബുധനായ ജനുവരി 7-ന് വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഈ കൂടിക്കാഴ്ചയുടെ അവസാന ഭാഗത്ത് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ചും കൗൺസിൽ രേഖകളെക്കുറിച്ചുമുള്ള പുതുതായ ഒരു പഠനം ലക്ഷ്യമാക്കിയുള്ള ഉദ്ബോധനപരമ്പരയുടെ ആദ്യദിനം കൂടിയായിരുന്നു ഇത്തവണത്തെ പൊതുകൂടിക്കാഴ്ച.
പൊതുപ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിവാദ്യം ചെയ്ത പാപ്പാ, ജർമ്മൻ ഭാഷക്കാരായ ആളുകളോട് സംസാരിക്കവെ, കഴിഞ്ഞ ദിവസം വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടതോടെ അവസാനിച്ച ജൂബിലി വർഷമെന്ന ഈ പ്രത്യേക കാലയളവിൽ ദൈവം നൽകിയ എല്ലാ കൃപകൾക്കും നമുക്ക് നന്ദി പറയാമെന്ന് ആഹ്വാനം ചെയ്തു. പുതുവർഷത്തിൽ പ്രത്യാശയോടെ വിശ്വാസയാത്രയിൽ തുടരാൻ ഈ കൃപകൾ നമ്മെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ഇറ്റാലിയൻ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ, യുവജനങ്ങളെയും രോഗികളെയും നവവധൂവരന്മാരെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ, ക്രിസ്തുമസ് രഹസ്യത്തിൽ നാം ധ്യാനിക്കുന്ന യേശു, നാമാരംഭിച്ച പുതുവർഷത്തിൽ നമുക്കേവർക്കും ഉറപ്പുള്ള വഴികാട്ടിയാകട്ടെയെന്ന് ആശംസിച്ചു.
ഫ്രഞ്ച് ഭാഷക്കാരായ ആളുകളോട് സംസാരിക്കവെ, ജൂബിലി വർഷമെന്ന കൃപയുടെ സമയമാണ് നാം ജീവിച്ചതെന്ന ബോധ്യത്തിൽ, നമ്മെ നയിച്ച പ്രത്യാശ ഇല്ലാതാകാൻ അനുവദിക്കാതിരിക്കാമെന്നും, ഇത് മാനവികതയോട് സുവിശേഷത്തിന്റെ സദ്‌വാർത്ത അറിയിക്കുന്നതിനായുള്ള കണ്ടുമുട്ടലിന് നമ്മെ നയിക്കുന്ന ഒരു മാനദണ്ഡവും വഴികാട്ടിയുമായി തുടരട്ടെയെന്നും പാപ്പാ ആശംസിച്ചു.
ക്രൈസ്തവർ സ്നേഹത്തിന്റേയും നീതിയുടേതും സമാധാനത്തിന്റേതുമായ ദൈവാരാജ്യത്തിന്റെ സുവിശേഷം ലോകത്തെങ്ങും സന്തോഷത്തോടെ എത്തിക്കാൻ വിളിക്കപ്പെട്ടവരാണെന്ന്, അറബ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ പാപ്പാ ഓർമ്മിപ്പിച്ചു.
ഏതാണ്ട് ഏഴായിരത്തോളം ആളുകളാണ് പരിശുദ്ധ പിതാവ് അനുവദിച്ച ഇത്തവണത്തെ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
