തിരയുക

ഇത്തവണത്തെ അസാധാരണ കൺസിസ്റ്ററിയിൽനിന്നുള്ള ഒരു ദൃശ്യം ഇത്തവണത്തെ അസാധാരണ കൺസിസ്റ്ററിയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ അസാധാരണ കൺസിസ്റ്ററി നടക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സമ്മേളനങ്ങൾക്ക് പുറമെ, ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 7.30-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പ്രാർത്ഥനയ്ക്കും വിചിന്തനങ്ങൾക്കുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ, സഭയുടെ മിഷനറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ വിചിന്തനം ചെയ്യപ്പെടും. പ്രത്യേകമായി, "എവഞ്ചേലി ഗൗദിയും" (Evangelii gaudium), "പ്രെദിക്കാത്തെ എവഞ്ചേലിയും" (Praedicate Evangelium) എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും.  ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ കൺസിസ്റ്ററിയാണ് ഇതെന്ന പ്രത്യേകതയും ഈ സംഗമത്തെ സവിശേഷമാക്കി മാറ്റുന്നുണ്ട്. മാർപാപ്പാമാരിലൂടെ തുടരുന്ന സഭയിലെ ഉദ്‌ബോധങ്ങളുടെ തുടർച്ചാസ്വഭാവവും ഈ കൺസിസ്റ്ററി വിളിച്ചോതുന്നുണ്ട്.

രണ്ടു ദിവസങ്ങൾ നീളുന്ന പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും ഈ കൺസിസ്റ്ററിയുടെ ഭാഗമായി, ജനുവരി 8 വ്യാഴാഴ്ച രാവിലെ 7.30-ന് വത്തിക്കാനിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടക്കും. പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശങ്ങളും നൽകാനും, ആഗോളസഭയുടെ ഭരണമെന്ന ഗൗരവമേറിയ പാപ്പായുടെ നിയോഗത്തിൽ അദ്ദേഹത്തെ സഹായിക്കാനുമാണ് കർദ്ദിനാൾ സംഘം ഈ സമ്മേളനത്തിലൂടെയും പരിശ്രമിക്കുക.

വത്തിക്കാനിലെ സിനഡ് ഹാളിൽ ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കൺസിസ്റ്ററി ഔദ്യോഗികമായി ആരംഭിച്ചത്. അടച്ചിട്ട ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പാപ്പായും കർദ്ദിനാൾ സംഘവും സംബന്ധിക്കും. കഴിഞ്ഞ ദിവസം നടന്ന ജൂബിലി സമാപന ചടങ്ങുകളിലും എപ്പിഫനി ആഘോഷത്തിലും നിരവധി കർദ്ദിനാൾമാർ പങ്കെടുത്തിരുന്നു.

വ്യാഴാഴ്ച രാവിലെ 9.30-നായിരിക്കും രണ്ടാം ദിനത്തിലെ പ്രഥമ സമ്മേളനം. ഇത് ഉച്ചയ്ക്ക് 12.45 വരെ നീളും. സിനഡ് ഹാളിൽത്തന്നെ നടക്കുന്ന ഈ സമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3.15 മുതൽ 7 വരെയും ഇതേ ഹാളിൽ വച്ച് അവസാന സമ്മേളനവും നടക്കും.

നിലവിൽ, 245 പേരാണ് കർദ്ദിനാൾ സംഘത്തിലുള്ളത്. ഇവരിൽ 122 പേർ വോട്ടവകാശമുള്ളവരും 123 പേർ വോട്ടവകാശമില്ലാത്തവരുമാണ്. സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വോട്ടവകാശമില്ലാത്ത കർദ്ദിനാൾമാരുടെ എണ്ണം വോട്ടവകാശമുള്ളവരുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത് എന്ന ഒരു പ്രത്യേകതയും ഇത്തവണയുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജനുവരി 2026, 13:11