തിരയുക

കൺസിസ്റ്ററിയിൽ ലിയോ പതിനാലാമൻ പാപ്പാ സംസാരിക്കുന്നു കൺസിസ്റ്ററിയിൽ ലിയോ പതിനാലാമൻ പാപ്പാ സംസാരിക്കുന്നു  (ANSA)

അസാധാരണ കൺസിസ്റ്ററി അവസാനിച്ചു, കർദ്ദിനാൾമാരുടെ അടുത്ത സമ്മേളനം ജൂണിൽ: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററി അവസാനിച്ചു. രണ്ടു ദിവസങ്ങൾ നീണ്ട ഈ സമ്മേളനത്തിന്റെ പാതയിൽ ഇനിയും വർഷം തോറും കൺസിസ്റ്ററികൾ വിളിച്ചുകൂട്ടുമെന്ന് പാപ്പാ അറിയിച്ചു. അടുത്ത കൺസിസ്റ്ററി ജൂൺ മാസത്തിൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ താൻ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററി അവസാനിച്ചുവെങ്കിലും അടുത്ത കൺസിസ്റ്ററി, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനടുത്ത്, ജൂൺ മാസത്തിൽ ഉണ്ടാകുമെന്നും, ഇനിമുതൽ എല്ലാ വർഷവും കൺസിസ്റ്ററി വിളിച്ചുകൂട്ടുമെന്നും ലിയോ പതിനാലാമൻ പാപ്പാ. ജനുവരി ഏഴ്, എട്ട് തീയതികളിലായി നടന്ന തന്റെ പ്രഥമ അസാധാരണ കൺസിസ്റ്ററിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇനിമുതൽ കൺസിസ്റ്ററികൾ തുടർച്ചയായി ഉണ്ടാകുമെന്ന് പാപ്പാ അറിയിച്ചത്.

പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിന്റെ പൊതുസമ്മേളനങ്ങളിൽ ഉയർന്നുവന്നിരുന്ന ആവശ്യം കൂടിയായിരുന്നു, കർദ്ദിനാൾമാരുടെ കൂടുതൽ സമ്മേളനങ്ങൾ എന്ന ആവശ്യമെന്ന് വിശദീകരിച്ച പാപ്പാ, വരും വർഷങ്ങളിലെ കൺസിസ്റ്ററികൾ മൂന്ന് മുതൽ നാല് ദിവസങ്ങൾ വരെ നീളുമെന്ന് വ്യക്തമാക്കി. വരാനിരിക്കുന്ന കൺസിസ്റ്ററികളുടെ ഒരു മുന്നോടിയാണ് ഇത്തവണത്തേതെന്ന് ജനുവരി ഏഴാം തീയതി നടത്തിയ പ്രഭാഷണത്തിലും പാപ്പാ അറിയിച്ചിരുന്നു.

കൺസിസ്റ്ററിയിൽ സംബന്ധിച്ച മുതിർന്ന കർദ്ദിനാൾമാരുടെ സാന്നിദ്ധ്യം പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിക്കുകയും, അവരേകുന്ന സാക്ഷ്യം പ്രധാനപ്പെട്ടതാണെന്ന് പ്രസ്താവിക്കുകയും ചെയ്ത പാപ്പാ, അവർക്ക് പ്രത്യേകം നന്ദി പറഞ്ഞു. കർദ്ദിനാൾ സംഘത്തിലെ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ നൂറ്റിയെഴുപതോളം അംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ സംബന്ധിച്ചത്.

മുൻപ് അറിയിച്ചിരുന്നതുപോലെ, 2028 ഒക്ടോബറിൽ സഭാസമ്മേളനം ഉണ്ടാകുമെന്നും പരിശുദ്ധ പിതാവ് അറിയിച്ചു.

സഭയുടെ മുന്നോട്ടുള്ള യാത്രയുടെയും നവീകരണത്തിന്റെയും അടിസ്ഥാനമായി നിൽക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇത്തവണത്തെ കൺസിസ്റ്ററിയിൽ തിരഞ്ഞെടുക്കപ്പെടാതെപോയ, ആരാധനാക്രമം, പ്രെദിക്കാത്തെ എവഞ്ചേലിയും എന്നീ രണ്ടു കാര്യങ്ങളും ഈ സൂനഹദോസുമായി പ്രത്യേകമായ വിധത്തിൽ ബന്ധപ്പെട്ടവയാണെന്നും, അവ മറന്നുപോകരുതെന്നും ഓർമ്മിപ്പിച്ചു. സിനഡാത്മകത, എവഞ്ചേലി ഗൗദിയൂമിന്റെ വെളിച്ചത്തിൽ, സഭയുടെ മിഷനറിനിയോഗം എന്നിവയെക്കുറിച്ചായിരുന്നു ഇത്തവണത്തെ കൺസിസ്റ്ററിയിൽ പങ്കെടുത്ത കർദ്ദിനാൾമാർ ചർച്ചകൾ ചെയ്തിരുന്നത്.

പാപ്പായെക്കൂടാതെ, സൗത്ത് ആഫ്രിക്കയിൽനിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ, ഫിലിപ്പീൻസിൽനിന്നുള്ള കർദ്ദിനാൾ പാബ്ലോ ഡേവിഡ്, കൊളംബിയയിൽനിന്നുള്ള കർദ്ദിനാൾ ലൂയിസ് ഹൊസെ റുയേദ അപ്പരീസിയോ എന്നിവർ കൺസിസ്റ്ററിയിൽ ചർച്ച ചെയ്യപ്പെട്ട വിവരങ്ങൾ സംബന്ധിച്ച് സമ്മേളനത്തിന്റെ അവസാനം സംസാരിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2026, 13:28